കൊച്ചിയിൽ നടിയെ ആക്രമിച്ച ദൃശ്യങ്ങൾ കോടതിയിൽ നിന്ന് തന്നെയാണ് ചോർന്നതെന്ന് വെളിപ്പെടുത്തി പ്രോസിക്യൂഷൻ. ദൃശ്യം ചോർന്നതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് തയ്യാറാക്കിയ റിപ്പോർട്ട് പ്രോസിക്യൂഷൻ വിചാരണക്കോടതിക്ക് കൈമാറി.
ആക്രമണ ദൃശ്യങ്ങൾ അടങ്ങിയ പെൻഡ്രൈവ് പരിശോധിച്ചപ്പോഴാണ് ദൃശ്യം ചോർന്നുവെന്ന് വ്യക്തമായതെന്ന് പ്രോസിക്യൂഷൻ റിപ്പോർട്ടിൽ പറയുന്നു.
തിരുവനന്തപുരത്തെ ഫൊറൻസിക് ലാബിലാണ് പെൻഡ്രൈവ് പരിശോധിച്ചത്. പെൻഡ്രൈവ് കോടതിയുടെ കസ്റ്റഡിയിലായിരുന്ന കാലയളവിലാണ് ദൃശ്യങ്ങൾ ചോർന്നിരിക്കുന്നത്.
പല ഘട്ടങ്ങളിലായി മൂന്ന് കോടതികളിൽ പെൻഡ്രൈവ് സൂക്ഷിച്ചിരുന്നു. ആലുവ, അങ്കമാലി മജിസ്ട്രേറ്റ് കോടതികളിലും, അഡീഷണൽ സെഷൻസ് കോടതിയിലുമായിട്ടായിരുന്നു ദൃശ്യം സൂക്ഷിച്ചിരുന്നത്.
എന്നാൽ ഇതിൽ ഏത് കോടതിയിൽ നിന്നാണ് ദൃശ്യം ചോർന്നതെന്ന കാര്യത്തിൽ കൃത്യമായ വ്യക്തത പൊലീസിനില്ല. എവിടെ നിന്നാണ് ചോർന്നതെന്ന് കണ്ടെത്തണമെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം നടത്തിയതിൽ അന്തിമറിപ്പോർട്ട് ഏപ്രിൽ 18‑ന് സമർപ്പിക്കണമെന്ന് ക്രൈംബ്രാഞ്ചിന് വിചാരണക്കോടതി നിർദേശം നൽകി.
english summary; Scenes of assault on actress leaked from court; Prosecution
you may also like this video;