Site icon Janayugom Online

സ്കൂള്‍ പ്രവേശനം മൗലികാവകാശം; കാലതാമസമുണ്ടാകരുതെന്ന് അലഹബാദ് ഹൈകോടതി

ശരിയായ വിദ്യാഭ്യാസം ലഭിക്കുക എന്നത് ഭരണഘടനയുടെ അനുഛേദം 21എ പ്രകാരം മൗലികാവകാശമാണെന്ന് അലഹബാദ് ഹൈക്കോടതി. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് സ്കൂളില്‍ പ്രവേശനം ലഭിക്കാത്തതുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിരീക്ഷണം.

തനിഷ്ക് ശ്രീവാസ്തവ എന്ന വിദ്യാര്‍ഥിയുടെ സ്കൂള്‍ പ്രവേശനവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ രാജേഷ് സിങ് ചൗഹാന്‍, സുബാഷ് വിദ്യാര്‍ത്ഥി എന്നിവരടങ്ങിയ ബെഞ്ചിന്റെ പരാമര്‍ശം. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനവുമായി ബന്ധപ്പെട്ട പരാതികള്‍ ഉടനടി പരിഹരിച്ചു നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

ലഖ്നൗ ലാ മാര്‍ട്ടിയിനര്‍ കോളജില്‍ എട്ടാംക്ലാസിലേക്ക് റസിഡന്റ് സ്കോളറായി പ്രവേശനം നേടാന്‍ തനിഷ്ക് പരീക്ഷ എഴുതി പാസായിരുന്നു. എന്നാല്‍ അമ്മയുടെ അസുഖവും അച്ഛന്‍ സ്ഥലത്തില്ലാതിരുന്നതും കാരണംചേരാന്‍ കഴിഞ്ഞില്ല. അതിനാല്‍ ദിവസവും വീട്ടില്‍ നിന്ന് പോയിവരാന്‍ ഡേ സ്കോളറായി പ്രവേശനം നല്‍കണമെന്നാവശ്യപ്പെട്ട് പിതാവ് അപേക്ഷനല്‍കി.

സ്കൂളില്‍ നിന്നും മറുപടി ലഭിക്കാത്തതിനാല്‍ പിതാവ് കോടതിയിലെത്തി. സിംഗിള്‍ ബെഞ്ച് ഹര്‍ജി തള്ളിയതോടെ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചു. സിംഗിള്‍ ബെഞ്ച് ഉത്തരവിനെ ശരിവെച്ച കോടതി സ്ഥാപനം പ്രവേശനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വിദ്യാര്‍ഥിയുടെ മാതാപിതാക്കള്‍ക്ക് എത്രയും വേഗം കൈമാറണമായിരുന്നു എന്നും അങ്ങനെയെങ്കില്‍ ഭരണഘടന ഉറപ്പുനല്‍കുന്ന ശരിയായ വിദ്യഭ്യാസം നേടാന്‍ മറ്റൊരു സ്ഥാപനത്തില്‍ പ്രവേശനം നേടാന്‍ കഴിയുമായിരുന്നെന്നും അഭിപ്രായപ്പെട്ടു.

Eng­lish summary;school admis­sion is Fun­da­men­tal right; Alla­habad High Court directs no delay

You may also like this video;

Exit mobile version