Site icon Janayugom Online

മദ്യലഹരിയില്‍ ഡ്രൈവര്‍: സ്കൂൾ ബസ് തലകീഴായി മറിഞ്ഞ് ആറ് കുട്ടികൾ മരിച്ചു

school

ഹരിയാനയിലെ മഹേന്ദ്രഗഢിൽ വ്യാഴാഴ്ച ബസ് മറിഞ്ഞ് ആറ് സ്കൂൾ കുട്ടികൾ മരിക്കുകയും 20 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 30 കുട്ടികളുമായി പോയ ബസിൽ കനിനയിലെ ഉൻഹാനി ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായത്. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതിനെ തുടർന്ന് ഹരിയാന സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടതായി അധികൃതർ അറിയിച്ചു. സ്വകാര്യ സ്‌കൂളിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. അമിതവേഗതയിൽ ഓടിച്ചതിനെ തുടർന്ന് ഡ്രൈവർക്ക് വാഹനത്തിന്മേലുള്ള നിയന്ത്രണം നഷ്ടപ്പെട്ട് വാഹനം മരത്തിലിടിച്ച് മറിയുകയായിരുന്നു.

ഡ്രൈവർ മദ്യലഹരിയിലായിരുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മെഡിക്കൽ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും പോലീസ് പറഞ്ഞു. പെരുന്നാൾ പ്രമാണിച്ച് അവധി നൽകിയിട്ടും സ്കൂൾ പ്രവർത്തിച്ചത് എന്തുകൊണ്ടാണെന്ന് ജില്ലാ അധികാരികൾ പരിശോധിച്ചുവരികയാണെന്നും അധികൃതർ പറഞ്ഞു. സംഭവത്തിൽ ആറ് കുട്ടികൾ മരിക്കുകയും 20 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി മഹേന്ദ്രഗഡ് പോലീസ് സൂപ്രണ്ട് ആർഷ് വർമ ഫോണിൽ പറഞ്ഞു. 

അതേസമയം അവധി ദിനത്തില്‍ സ്കൂള്‍ പ്രവര്‍ത്തിച്ചതെന്തിനെന്ന ചോദ്യത്തിന് അധികൃതര്‍ വ്യക്തമായ മറുപടി നല്‍കിയില്ലെന്നും പൊലീസ് പറഞ്ഞു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം പരിക്കേറ്റ വിദ്യാർത്ഥികളെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Eng­lish Sum­ma­ry: School bus over­turns, six chil­dren die

You may also like this video

Exit mobile version