Site iconSite icon Janayugom Online

കർണാടകയില്‍ സ്കൂള്‍ കുട്ടികളെ തട്ടികൊണ്ടുപോയി; മണികൂറുകളുടെ തെരച്ചിലിന് ഒടുവില്‍ കണ്ടെത്തി പൊലീസ്

കർണാടകയില്‍ സ്കൂള്‍ കുട്ടികളെ തട്ടികൊണ്ടുപോയി. ധാ‍ർവാഡിൽ സർക്കാർ സ്കൂളിൽ നിന്നാണ് രണ്ട് വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോയത്. കുട്ടികളുമായി പോയ ബൈക്ക് ഉത്തക കന്നഡ ജില്ലയിലെ ജോയ്ഡയിൽ അപകടത്തിൽപ്പെട്ടതോടെയാണ് പൊലീസ് സമയോചിതമായി ഇടപെട്ടത്. സംഭവത്തിൽ ഹുബ്ബള്ളി സ്വദേശി മുഹമ്മദ് കരീമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

ഇന്നലെ ഉച്ചഭക്ഷണം കഴിഞ്ഞതിന് പിന്നാലെയാണ് ധാർവാഡിലെ കമലാപുര സർക്കാർ പ്രൈമറി സ്കൂളിൽ നിന്ന് രണ്ട്, മൂന്ന് ക്ലാസ് വിദ്യാർത്ഥികളെ കാണാതായത്. ക്ലാസ് മുറിയിലെത്തിയ ഒരാൾ കുട്ടികളെ ബൈക്കിൽ കയറ്റി കൊണ്ടുപോയെന്ന് മറ്റ് കുട്ടികൾ പറ‍ഞ്ഞതോടെ രക്ഷിതാക്കളും നാട്ടുകാരും പാഞ്ഞെത്തി. പിന്നാലെ പൊലീസുമെത്തി. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ 50 വയസിലേറെ പ്രായമുള്ള ഒരാൾ കുട്ടികളുമായി ബൈക്കിൽ പോയെന്ന് വ്യക്തമായി. അന്വേഷണം ഊർജിതമാക്കിയതിന് പിന്നാലെയാണ് ജോയ്ഡയിൽ ബൈക്കിൽ രണ്ട് കുട്ടികളുമായി പോയ ഒരാൾ അപകടത്തിൽപ്പെട്ടെന്ന വിവരം പൊലീസിന് ലഭിക്കുന്നത്.

ഓടിയെത്തിയ പൊലീസ് ധാർവാഡിൽ നിന്ന് കാണാതായ കുട്ടികളാണ് ഇതെന്ന് സ്ഥിരീകരിച്ചു. ബൈക്കിൽ നിന്ന് വീണപ്പോൾ ഇരുവർക്കും നേരിയ പരിക്കേറ്റിരുന്നു. തലയടിച്ച് വീണ മുഹമ്മദ് കരീമിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. ആരോഗ്യം വീണ്ടെടുത്താൽ ഇയാളെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. 

Exit mobile version