Site icon Janayugom Online

സ്കൂൾ തുറന്നു ഇനി ഭക്ഷണത്തിൽ ശ്രദ്ധിക്കാം

വേനലവധി കഴിഞ്ഞു സ്കൂൾ തുറന്നു. കുട്ടികളുടെ ഭക്ഷണം എങ്ങിനെയാകണം, സ്കൂളിൽ എന്ത് കൊടുത്തുവിടണം എന്നതിനെ കുറിച്ച് മാതാപിതാക്കൾക്ക് വളരെ ആശങ്കയാണ്. അവശ്യ പോഷകങ്ങൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് കുട്ടികളുടെ വളർച്ചയേയും അവരുടെ മാനസികവും ശാരീരികവുമായ വികാസത്തിനും സഹായിക്കുന്നു. അതിനാൽ ശരീരത്തിന് അവശ്യമായ പോക്ഷകങ്ങൾ അടങ്ങിയ ഭക്ഷണം തന്നെ കുട്ടികൾക്ക് കിട്ടുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. പ്രഭാത ഭക്ഷണം ഒഴിവാക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. പ്രോട്ടീന്‍ സമൃദ്ധമായ ഭക്ഷണം കുട്ടികള്‍ക്ക് ദിവസവും നല്‍കണം. പാൽ, മുട്ട, ഇറച്ചി, നട്‌സ്, പയറുവര്‍ഗ്ഗങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉള്‍പ്പെടുത്തണം. പ്രഭാത ഭക്ഷണത്തിന്റെ കുറവ് പഠനത്തിൽ ശ്രദ്ധ കുറയ്ക്കും. ആന്റിഓക്‌സിഡന്റുകൾ ധാരാളമടങ്ങിയ പഴങ്ങളും പച്ചക്കറികളും നല്‍കാം. വിറ്റാമിന്‍ എ, ബി 6, സി, ഡി, ഇ, സെലിനിയം എന്നിവ അടങ്ങിയ ഭക്ഷണമാണ് ഉള്‍പ്പെടുത്തേണ്ടത്. വിറ്റാമിന്‍ സി ധാരാളമടങ്ങിയ നാരങ്ങ വര്‍ഗ്ഗത്തില്‍പ്പെട്ട പഴങ്ങൾ, നെല്ലിക്ക, ക്യാരറ്റ് എന്നിവ വളരെ നല്ലത്. 

വളരുന്ന കുട്ടികള്‍ക്ക് കാല്‍സ്യം അടങ്ങിയ ആഹാരം അത്യാവശ്യമാണ്. ദിവസവും ഒരു ഗ്ലാസ്സ് പാൽ കൊടുക്കാം. പാലുല്‍പ്പന്നങ്ങൾ (തൈര്, മോര്, പനീർ) എന്നിവ നല്‍കാം. ആഴ്ചയിൽ മൂന്നു ദിവസമെങ്കിലും ഇലക്കറികൾ ഉള്‍പ്പെടുത്തണം. ഇടനേര ആഹാരമായി ഫ്രൂട്ട്, നട്‌സ് വിഭവങ്ങൾ (അണ്ടിപ്പരിപ്പുകൾ), ഉണങ്ങിയ പഴങ്ങൾ എന്നിവ നല്‍കാം. ഉച്ചഭക്ഷണത്തിൽ വൈവിദ്ധ്യത്തിനായി ചോറിന് പകരം തക്കാളി ചോറ്, തൈര് ചോറ്, മുട്ട ഫ്രൈഡ്‌റൈസ്, ക്യാരറ്റ് ചോറ് എന്നിവ ഉള്‍പ്പെടുത്താം. നാലുമണി ആഹാരമായി ആവിയിൽ വേവിച്ച ശര്‍ക്കര ചേര്‍ത്ത ഇലയട, ഏത്തപ്പഴം പുഴുങ്ങിയത്, അവൽ, റാഗിയുടെ ആഹാരങ്ങൾ എന്നിവ വളരെ നല്ലത്. രാത്രിയിലെ ഭക്ഷണവും പ്രോട്ടീന്‍ സമൃദ്ധമാകണം. 

ചുവന്ന മാംസം നിയന്ത്രിച്ച് മാത്രം ഉപയോഗിക്കാം. സംസ്‌കരിച്ച മാംസങ്ങൾ (ബേക്കണ്‍, ഹോട്ട് ഡോഗ്, സോസേജുകൾ) എന്നിവ ഒഴിവാക്കാം. പൂരിത കൊഴുപ്പ്, ട്രാന്‍സ്ഫാറ്റ്‌സ്, ഉപ്പ്, പഞ്ചസാര എന്നിവയുടെ ഉപയോഗം കുറയ്ക്കണം. വറുത്തുപൊരിച്ച ആഹാരങ്ങൾ, ബേക്കറി പലഹാരങ്ങൾ എന്നിവ നിയന്ത്രിച്ച് ഉപയോഗിക്കാം. നല്ല ആഹാരമാണ് ഏറ്റവും നല്ല മരുന്നെന്നാണ് ചൊല്ല്. ആഹാരം നന്നായാൽ ആരോഗ്യം നന്നായി. കുട്ടികള്‍ക്ക് പോഷകസമൃദ്ധവും വൈവിധ്യപൂര്‍ണ്ണവുമായ ഭക്ഷണം കൊടുത്ത് അവരുടെ ആരോഗ്യം നമുക്ക് സംരക്ഷിക്കാം.

Eng­lish Summary:School is open­ing now let’s pay atten­tion to food

You may also like this video

Exit mobile version