Site iconSite icon Janayugom Online

സംസ്ഥാന സ്കൂൾ കലോത്സവം നാല്​ മുതൽ എട്ട്​ വരെ കൊല്ലത്ത് നടക്കും; പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

സംസ്ഥാന സ്കൂൾ കലോത്സവം 2024 ജനുവരി നാല്​ മുതൽ എട്ട്​ വരെ കൊല്ലം ജില്ലയിൽ 24 വേദികളിലായി നടത്തുമെന്ന്​ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. 14 വർഷത്തിന്​ ശേഷമാണ് സംസ്ഥാന കലോത്സവത്തിന് കൊല്ലം വേദിയാകുന്നത്. ഇതിനൊപ്പം ദിശ എക്‌സിബിഷൻ, സാംസ്‌കാരിക പരിപാടികൾ എന്നിവയും നടത്തും. കൊല്ലം ആശ്രാമം മൈതാനമാണ് പ്രധാന വേദി.

പന്ത്രണ്ടായിരത്തോളം മത്സരാർത്ഥികൾ പങ്കെടുക്കും. എ ഗ്രേഡ് നേടുന്ന മത്സരാർത്ഥികൾക്ക്​ ആയിരം രൂപ തോതിൽ സാംസ്‌ക്കാരിക സ്‌കോളർഷിപ്പ് നൽകും. കൂടുതൽ പോയിന്റ് നേടുന്ന ജില്ലക്ക്​ പ്രശസ്ത ശില്പി ചിറയിൻകീഴ് ശ്രീകണ്ഠൻ നായർ രൂപകല്പന ചെയ്ത 117.5 പവൻ സ്വർണ്ണകപ്പ് നൽകും. കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിന് 21 സബ് കമ്മിറ്റി പ്രവർത്തിക്കുന്നു. 26 ന് കൊല്ലം ജില്ല പഞ്ചായത്ത് ഹാളിൽ വിപുലമായ സ്വാഗത സംഘ രൂപവത്​കരിക്കും. ഗ്രീൻ പ്രോട്ടോകോൾ പാലിച്ചായിരിക്കും മേളകൾ.

ഗവ.എയ്ഡഡ്, ഗവ.അംഗീകൃത അൺ എയ്ഡഡ് സ്‌പെഷ്യൽ സ്‌കൂളുകളിലെ വിദ്യാർത്ഥികളുടെയും ഭിന്നശേഷിയുള്ള ജനറൽ സ്‌കൂളുകളിലെ വിദ്യാർത്ഥികളുടേയും 24-ാമത് സംസ്ഥാന സ്‌പെഷ്യൽ സ്‌കൂൾ കലോത്സവം 2023 നവംബർ ഒമ്പത്​ മുതൽ 11 വരെ എറണാകുളം കളമശ്ശേരി ഗവ. വിഎച്ച്എസ്എസിൽ നടക്കും. 1600 ഓളം വിദ്യാർത്ഥികൾ മാറ്റുരയ്ക്കുമെന്നും മന്ത്രി പറഞ്ഞു.

Eng­lish Sum­ma­ry: school kalol­savam in Kol­lam from 4th to 8th
You may also like this video

Exit mobile version