Site iconSite icon Janayugom Online

ഇന്ത്യൻ ചരിത്രത്തിലെ ആദ്യചാവേർ; കുയിലിയായി അനന്യ

ഇന്ത്യൻ ചരിത്രത്തിലെ ആദ്യ ചാവേറായ കുയിലിയായി അരങ്ങിൽ നിറഞ്ഞാടി അനന്യ രാജീവ്. ഹയർ സെക്കൻഡറി വിഭാഗം നാടോടി മത്സരത്തിലാണ് നാടും നിലനില്പും കവർന്ന വെള്ളക്കാരെ തുരത്താൻ ഉയിരും ഉടലും മറന്നൊരു ജനതയുടെ പോരാട്ടം ഇതൾ വിരിഞ്ഞത്. തമിഴ്നാട്ടിലെ ശിവഗംഗെെ കോട്ട കൈയ്യടക്കിയ ബ്രിട്ടീഷുകാരുടെ ആയുധപ്പുരയ്ക്ക് നേരെ ആഗ്നിഗോളമായി കുതിച്ചുപാഞ്ഞ് വെണ്ണീറാക്കിയ കുയിലിയായി അനന്യ അരങ്ങുവാഴുകയായിരുന്നു.
സ്വയം ചാവുനൽകി ആയുധങ്ങൾക്കൊപ്പം കത്തിയെരിഞ്ഞ കുയിലിയെ ചരിത്രത്തിലെങ്ങും അടയാളപ്പെടുത്താത്തത് ചോദ്യം ചെയ്യുക കൂടിയായിരുന്നു അനന്യ തന്റെ അവതരണത്തിലൂടെ. ചങ്ങനാശേരി വാഴപ്പള്ളി സെന്റ് തെരേസാസ് സ്ക്കൂളിലെ പതിനൊന്നാം ക്ലാസ്സ് വിദ്യാർത്ഥിയാണ് അനന്യ. മൂന്ന് വയസ് മുതൽ നൃത്തം പരിശീലിക്കുന്ന അനന്യ ആദ്യമായാണ് സംസ്ഥാന കലോത്സവത്തിലെത്തുന്നത്. കന്നി മത്സരത്തിൽ തന്നെ എ ഗ്രേഡുമായാണ് മടങ്ങിയത്. കണ്ണൂർ രാംദാസ് ആണ് പരിശീലകൻ.

Exit mobile version