മുടിയിൽ പൂചൂടി, കയ്യിൽ കൊയ്ത്തരിവാളും കണ്ണിൽ കരിമഷിയും നെറ്റിയിൽ വട്ടപ്പൊട്ടും കഴുത്തിൽ കറുത്ത ചരടുമായി ഞാറ്റടിപ്പാട്ടിന്റെ ഈണത്തിൽ പെൺകൊടിമാർ അരങ്ങുവാണ് നാടോടിനൃത്ത മത്സരം. ഹയർ സെക്കൻഡറി വിഭാഗം നാടോടിനൃത്തത്തിൽ പാടവും കൊയ്ത്തും ചൂഷണവും പ്രതികാരവുമെല്ലാം ഞാറ്റടി പാട്ടിന്റെ അകമ്പടിയോടെ ചടുല താളങ്ങളാൽ അവതരിപ്പിച്ച് 18 പേരും എ ഗ്രേഡ് നേടി.
ലഹരിയിൽ മുങ്ങിയ മകനെ നഷ്ടപ്പെട്ട പൊലീസ് ഉദ്യോഗസ്ഥയായ ഇടിമുട്ടി സാറാമ്മ ശ്രദ്ധനേടി. പൂന്തുറ സെന്റ് തോമസ് എച്ച്എസ്എസിലെ അഥീന മെൽവിനാണ് വളയിട്ട കൈകളിൽ ലാത്തിയുമായി ഗുണ്ടകളെ അടിച്ചൊതുക്കുന്ന ജനമൈത്രി പൊലീസ് ഇടിമുട്ടി സാറാമ്മയായി നിറഞ്ഞാടിയത്.
പാടത്ത് പണി ചെയ്യുന്ന അടിയാത്തിപ്പെണ്ണിനോട് അതിക്രമം കാണിക്കുന്ന തമ്പുരാനെയും പ്രതികാരം ചെയ്യുന്ന പെണ്ണിനെയുമാണ് പത്തനംതിട്ടയിൽ നിന്നും വന്ന ദേവിക ഷാജൻ, മലപ്പുറത്തെ ആർദ്ര പി നമ്പ്യാർ എന്നിവർ അവതരിപ്പിച്ചത്. നാത്തൂൻ പോരിനിടെ കുഞ്ഞ് നഷ്ടപ്പെട്ട കഥയാണ് നെയ്യാറ്റിൻകരയിൽ നിന്നും വിസ്മയയും മഞ്ചേരിയിലെ അർച്ചനാദേവിയും അരങ്ങിലെത്തിച്ചത്.
കുറവനും കുറത്തിയും, ലഹരിയിൽ നശിക്കുന്ന തലമുറയുടെ വേദനകളും, പ്രകൃതി ദുരന്തങ്ങളിൽ എല്ലാം നഷ്ടമായ അമ്മമാരുടെ നൊമ്പരങ്ങളുമൊക്കെ നൃത്തത്തിന് വിഷയങ്ങളായി. രണ്ടാം വേദിയായ പാരിജാതത്തിൽ നിറഞ്ഞ സദസിലാണ് നാടോടിനൃത്തം മത്സരം അരങ്ങേറിയത്.
വേദിയില്‍ പൊലീസ് സാറാമ്മയും; ഞാറ്റടി പാട്ടിന്റെ ഈണത്തിൽ നാടോടി നൃത്തം

1. അക്ഷത -ക്രിസ്തുരാജ എച്ച്എസ്എസ് കൊല്ലം 2. അഥീന മെൽവിൻ, സെന്റ് തോമസ് എച്ച്എസ്എസ് പൂന്തുറ, തിരുവനന്തപുരം
