Site iconSite icon Janayugom Online

സ്കൂളിലെ വെടിവയ്പ്പ്: ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിന് ജാമ്യം, അന്വേഷണം പ്രഖ്യാപിച്ചു

accusedaccused

തൃശ്ശൂർ വിവേകോദയം സ്കൂളിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിന് ജാമ്യം. മാനസിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കാൻ കോടതിയുടെ നിർദ്ദേശം. വിഷയത്തിൽ പൊതു വിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. അടിയന്തരമായി അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ വിദ്യാഭ്യാസ മന്ത്രി പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് എസിന് നിർദേശം നൽകി. എയർഗണ്ണുമായെത്തിയ സ്കൂളിൽ പൂർവ വിദ്യാർത്ഥി ജഗനാണ് സ്കൂളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. 

നഗര മധ്യത്തിലുള്ള സ്‌കൂളില്‍ ഇന്ന് രാവിലെയാണ് സംഭവം നടന്നത്. പൂര്‍വ വിദ്യാര്‍ത്ഥി മുളയം സ്വദേശി ജഗനാണ് എയര്‍ ഗണ്ണുമായി ക്ലാസ് റൂമുകളില്‍ എത്തി വെടി ഉതിര്‍ത്തത്. തൃശൂര്‍ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി പിന്നീട് പൊലീസ് സ്റ്റേഷനിലും ബഹളമുണ്ടാക്കി. പ്രതി രാവിലെ പത്തരയോടെ സ്‌കൂളിലെത്തുകയും ഒന്നാം നിലയിലുള്ള ക്ലാസ് റൂമുകളില്‍ കയറി വെടിയുതിര്‍ക്കുകയും ചെയ്തു. ഒരു ക്ലാസില്‍ മൂന്ന് തവണയും തൊട്ടടുത്ത ക്ലാസില്‍ കയറി ഒരു തവണയും മുകളിലേക്ക് വെടിവച്ചു. ആദ്യം തമാശയാണെന്ന് കരുതിയെങ്കിലും വെടി പൊട്ടിയപ്പോള്‍ ഭയന്നതായി വിദ്യാര്‍ഥികള്‍ പറഞ്ഞു.
സ്‌കൂളിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ പഠിച്ചിരുന്ന ഇയാള്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചതാണ്. സ്‌കൂളില്‍ പഠിക്കുന്ന കാലത്തു തന്നെ പലതവണ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നതായും പറയുന്നു. തന്റെ തൊപ്പി വേണമെന്ന് ആവശ്യപ്പെട്ടാണ് യുവാവ് രാവിലെ സ്‌കൂളില്‍ എത്തിയത്. ക്ലാസ് റൂമുകളില്‍ നിന്നും ഇറങ്ങിയ ശേഷം സ്റ്റാഫ് റൂമിലെത്തിയ ഇയാള്‍ അധ്യാപകരെയും ഭീഷണിപ്പെടുത്തി. അധ്യാപകര്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. തുടര്‍ന്ന് അധ്യാപകര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഇതിനിടെ സ്‌കൂളിന്റെ പിന്‍വശത്തെ ഗേറ്റ് കടന്ന് ഓടുകയും പൊലീസ് പിന്നാലെയെത്തി ഇയാളെ പിടികൂടുകയുമായിരുന്നു.

തൃശൂര്‍ ഈസ്റ്റ് പൊലീസ് ആണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പൊലീസ് സ്റ്റേഷനില്‍ വെച്ചും ഇയാള്‍ ബഹളമുണ്ടാക്കി. ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടോയെന്നും ലഹരിക്കടിമയാണോ എന്നും പരിശോധിച്ചു വരികയാണെന്നും പൊലീസ് വ്യക്തമാക്കി. തൃശൂര്‍ ഗണ്‍ ബസാറില്‍ നിന്നും 1800 രൂപയ്ക്ക് വാങ്ങിയ എയര്‍ഗണ്‍ ആണ് ഇതെന്ന് പൊലീസ് പറഞ്ഞു.

You may also like this video

Exit mobile version