സ്കൂള്‍ കായികമേളയില്‍ ട്രാക്കിലെ ചാമ്പ്യന്മാരാകാനുള്ള പോരാട്ടം ഫോട്ടോ ഫിനിഷിലേക്ക്. 96 ഇനങ്ങളില്‍ 70 എണ്ണവും പൂര്‍ത്തിയായപ്പോള്‍ 162 പോയിന്റുകളുമായി പാലക്കാടും തൊട്ടുപിന്നില്‍ 149 പോയിന്റുകളുമായി മലപ്പുറവുമാണ്. 20 സ്വര്‍ണവും 13 വെള്ളിയും എട്ട് വെങ്കലവുമാണ് പാലക്കാടിന്റെ സമ്പാദ്യം. 13 സ്വര്‍ണവും 19 വെള്ളിയും 20 വെങ്കലവുമാണ് മലപ്പുറം നേടിയെടുത്തത്. 75 പോയിന്റുകള്‍ നേടിയ കോഴിക്കോട് മൂന്നാം സ്ഥാനത്തും 53 പോയിന്റുകളോടെ തിരുവനന്തപുരം നാലാം സ്ഥാനത്തുമാണുള്ളത്. കണ്ണൂര്‍ 38, എറണാകുളം 33, കാസര്‍കോട് 30 എന്നിങ്ങനെയാണ് മറ്റ് ജില്ലകളുടെ പോയിന്റ് നില.
37 പോയിന്റുകള്‍ നേടിയ വടവന്നൂര്‍ വിഎംഎച്ച്എസിന്റെയും 34 പോയിന്റുകള്‍ കരസ്ഥമാക്കിയ മുണ്ടൂര്‍ എച്ച്എസിന്റെയും കായികപ്രതിഭകളാണ് പാലക്കാടിന്റെ മുന്നേറ്റത്തിന് ഊര്‍ജം പകര്‍ന്നത്. പറളി എച്ച്എസ് 14 പോയിന്റുകളും, പാലക്കാട് ബിഇഎംഎച്ച്എസ്എസ്, ചിറ്റൂര്‍ ജിഎച്ച്എസ്എസ് എന്നിവ 13 പോയിന്റുകള്‍ വീതവും നേടി. മലപ്പുറം ജില്ലയിലെ കടക്കാശേരി ഐഡിയല്‍ ഇഎച്ച്എസ്എസ് 52 പോയിന്റുകള്‍ നേടി. തിരുനാവായ നാവാമുകുന്ദ എച്ച്എസ്എസ് 36 പോയിന്റുകളും ആലത്തിയൂര്‍ കെഎച്ച്എംഎച്ച്എസ് 28 പോയിന്റുകളുമാണ് നേടിയിട്ടുള്ളത്.

