കേരളത്തിന്റെ കായിക കൗമാരം തലസ്ഥാനത്തെത്തി. ഇനിയുള്ള മൂന്നു രാപകലുകളില്‍ അവര്‍ തങ്ങളുടെ കരുത്ത് തെളിയിക്കും.
രാജ്യത്തുതന്നെ ഇതാദ്യമായാണ് സ്കൂള്‍തലത്തിലെ കായിക മേളയിലെ മത്സരങ്ങള്‍ രാത്രിയിലും സംഘടിപ്പിക്കപ്പെടുന്നത്. കോവിഡ് മഹാമാരിയുടെ രണ്ട് വർഷത്തെ ഇടവേളയ്ക്കു ശേഷം നടക്കുന്ന കായികോത്സവം എന്ന പ്രത്യേകതയും ഇതിനുണ്ട്. ഈ മാസം ആറു വരെ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം, യൂണിവേഴ്സിറ്റി സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മേള.
2,737 മത്സരാർത്ഥികളാണ് സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലെ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വ്യത്യസ്തമത്സരങ്ങളിലായി പങ്കെടുക്കുന്നത്. 1,443 ആൺകുട്ടികളും 1,294 പെൺകുട്ടികളും മത്സരിക്കും.
ഇന്ന് രാവിലെ ഏഴിനാണ് മത്സരങ്ങള്‍ ആരംഭിക്കുക. നാളെ മുതല്‍ സമാപന ദിവസംവരെ രാവിലെ 6.30 നും ആരംഭിക്കും. മത്സരങ്ങളുടെ ഫലങ്ങൾ ഉടന്‍ ഓൺലൈനിലൂടെ ലഭ്യമാകും. ഇരു സ്റ്റേഡിയങ്ങളിലും സ്ഥാപിച്ച ബിഗ് സ്ക്രീനിലൂടെയും അറിയാം. ഇന്ന് രാവിലെ ഒമ്പതിന് പൊതുവിദ്യാഭ്യാസ ഡയറക്ടർ പതാക ഉയർത്തും. വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ മേള ഔപചാരികമായി ഉദ്ഘാടനം ചെയ്യും. ഒളിമ്പ്യൻ മുഹമ്മദ് അനസ് യഹിയ ദീപശിഖ തെളിയിക്കും. ആറാം തീയതി വൈകിട്ട് 4.30നാണ് സമാപന സമ്മേളനം.
English Summary: School sports festival starts today
You may also like this video