പാലക്കാട് സദാചാര ആക്രമണത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ സിഡബ്ല്യുസി റിപ്പോര്‍ട്ട് തേടി. അതിക്രമം ഉണ്ടായെന്ന് ഉറപ്പായാല്‍ സിഡബ്ല്യുസി കേസെടുക്കാന്‍ നിര്‍ദേശം നല്‍കും. പാലക്കാട് കരിമ്പയില്‍ ബസ് സ്റ്റോപ്പില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്നതിന്റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനമേറ്റ സംഭവം ഏറെ ഗൗരവത്തോടെയാണ് സിഡബ്ല്യുസി കാണുന്നത്. എന്താണ് സംഭവിച്ചത് എന്നതിന്റെ കൃത്യമായ റിപ്പോര്‍ട്ട് നല്‍കാന്‍ ഡിസ്ട്രിക്ട് ചൈല്‍ഡ്സ് പ്രൊട്ടക്ഷന്‍ ഓഫീസറോടും കല്ലടിക്കോട് എസ്എച്ച്ഒയോടും നിര്‍ദേശം നല്‍കി.
നാളത്തെ സിറ്റിംഗില്‍ വിഷയം ചര്‍ച്ച ചെയ്യുമെന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി ചെയര്‍മാന്‍ എം വി മോഹനന്‍ അറിയിച്ചു. അതേസമയം സദാചാര ആക്രമണത്തില്‍ കേസുമായി മുന്നോട്ടു പോകാന്‍ തന്നെയാണ് വിദ്യാര്‍ത്ഥികളുടെ കുടുംബത്തിന്റെ തീരുമാനം. ബസ് സ്റ്റോപ്പില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്നതിന്റെ പേരിലാണ് വിദ്യാര്‍ത്ഥികളെ നാട്ടുകാര്‍ മര്‍ദ്ദിച്ചത്. മണ്ണാര്‍ക്കാട് കരിമ്പ എച്ച് എസ് എസ് ഹൈസ്‌ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് മര്‍ദ്ദനമേറ്റത്. ബസ് സ്റ്റോപ്പില്‍ ബസ് കാത്ത് ഇരിക്കുകയായിരുന്നു 5 പെണ്‍കുട്ടികളും 5 ആണ്‍കുട്ടികളും. ഈ സമയത്ത് അവിടേക്ക് വന്ന ഒരാള്‍ പെണ്‍കുട്ടികള്‍ക്കൊപ്പം ഇരിക്കുന്നത് ചോദ്യം ചെയ്‌തെന്നാണ് വിദ്യാര്‍ത്ഥികളുടെ പരാതി.
വിദ്യാര്‍ത്ഥിനികളെ അസഭ്യം പറയുകയും മര്‍ദ്ദിക്കാന്‍ തുനിയുകയും ചെയ്തു. ഇത് ചോദ്യം ചെയ്തപ്പോള്‍ നാട്ടുകാര്‍ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. അധ്യാപകന്റെ മുന്നിലിട്ടാണ് കുട്ടികളെ തല്ലിച്ചതച്ചത്. തടയാന്‍ ശ്രമിച്ച അധ്യാപകനെ തള്ളി മാറ്റി. നാട്ടുകാര്‍ കൂട്ടമായി എത്തിയാണ് മര്‍ദ്ദിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ആക്രമണത്തിന്റെ പേരില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. സംഭവം ഉണ്ടായി രണ്ട് ദിവസമായിട്ടും കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം ഉയരുന്നുണ്ട്. സമീപത്തെ സിസിടിവി ക്യാമറകളില്‍ നിന്ന് ബസ് സ്റ്റോപ്പിന്റെ ദൃശ്യങ്ങള്‍ കിട്ടിയിട്ടില്ലെന്നാണ് പൊലീസ് പ്രതികരണം. കണ്ടാലറിയാവുന്ന ആറ് പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
English summary; School students beaten up in moral attack; CWC sought report
You may also like this video;