പ്രണയാഭ്യർത്ഥന നിരസിച്ച സ്‌കൂൾ അധ്യാപികയെ ക്രൂരമായി മർദിച്ച കേസിൽ യുവാവ് അറസ്റ്റില്‍. ചിക്കമംഗളൂരുവിൽ നടന്ന സംഭവത്തിൽ, 26കാരനായ ഭവിതിനെ ജയാപുര പൊലീസ് ആണ് പിടികൂടിയത്. 25 വയസ്സുള്ള അധ്യാപികയെയാണ് പ്രതി അതിക്രൂരമായി മർദിച്ചത്. സ്‌കൂളിൽ നിന്ന് തിരികെ വീട്ടിലേക്ക് വരുമ്പോഴായിരുന്നു ആക്രമണം. യുവതിയെ വിവസ്ത്രയാക്കി മരത്തിൽ കെട്ടിയിട്ട ശേഷമാണ് ഭവിത് മർദിച്ചത്. ഗുരുതരമായി പരിക്കേറ്റ അധ്യാപികയെ ശിവമൊഗ്ഗയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അധ്യാപികയെ ഭവിത് നിരന്തരമായി ശല്യം ചെയ്തിരുന്നു. ഇതോടെ യുവതി ഇയാളെ ഫോണിൽ ബ്ലോക്ക് ചെയ്യുകയും നേരിൽ കാണാൻ വിസമ്മതിക്കുകയും ചെയ്തു. ഇതിൽ പ്രകോപിതനായ ഭവിത്, യുവതിയെ ആക്രമിക്കാൻ പദ്ധതിയിടുകയായിരുന്നു. സ്‌കൂൾ വിട്ട് യുവതി വരുന്ന സമയം വഴിയിൽ ഒളിച്ചിരുന്ന പ്രതി, അധ്യാപികയെ ആക്രമിക്കുകയായിരുന്നു. മണിക്കൂറുകൾക്ക് ശേഷം വിജനമായ പ്രദേശത്തുനിന്നാണ് നാട്ടുകാർ യുവതിയെ കണ്ടെത്തുകയും ആശുപത്രിയിൽ എത്തിക്കുകയും ചെയ്തത്. പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു.

