രണ്ടുവർഷത്തോളം നീണ്ട അനിശ്ചിതത്വത്തിന് അവധി കൊടുത്ത് വീണ്ടും പുത്തനുണർവിന്റെ മണിമുഴങ്ങുമ്പോൾ 43 ലക്ഷം കുട്ടികൾ വിദ്യാലയങ്ങളുടെ അകത്തളങ്ങളിലേക്ക്. ഇതിൽ 10. 34 ലക്ഷം പേർ പുതുതായി അക്ഷരലോകത്തേക്കെത്തുന്ന കുരുന്നുകളാണ്. ഒരു വർഷം പൂർണമായും തുടർന്നു വന്ന വർഷത്തിന്റെ പാതിയും വീടുകളിൽ ഓൺലൈൻ പഠനത്തിലായിരുന്ന വിദ്യാർത്ഥികൾക്ക് മുഷിപ്പൻ ദിനങ്ങളിൽ നിന്നൊരു മോചനമായി. അധ്യാപകരും സന്തോഷത്തിൽ. അധ്യാപക ക്ഷാമമനുഭവപ്പെടാതിരിക്കാൻ 18,507 പേരെ സർക്കാർ പുതുതായി നിയമിച്ചിട്ടുണ്ട്. 24,798 അനധ്യാപകരെയും നിയമിച്ചിട്ടുണ്ട്. 42,90, 000 കുട്ടികളോടൊപ്പം അവരും ജൂൺ ഒന്നിന് സ്കൂളുകളിലെത്തും. 5576 സർക്കാർ വിദ്യാലയങ്ങളും 8188എയ്ഡഡ് സ്കൂളുകളും 1488 അൺ എയ്ഡഡ് സ്കൂളുകളുമാണ് സംസ്ഥാനത്തുള്ളത്.
സർക്കാർ വിദ്യാലയങ്ങളിലെ ഒന്ന് മുതൽ ഏഴ് വരെയുള്ള ക്ലാസുകളിലെയും എയ്ഡഡ് വിദ്യാലയങ്ങളിലെ ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസുകളിലെയും നിർധനരായ കുട്ടികൾക്ക് രണ്ടു ജോടി വീതം സൗജന്യ കൈത്തറി യൂണിഫോം വിതരണം ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ പൂർത്തിയായിക്കഴിഞ്ഞു. ഈ അധ്യയന വർഷത്തേക്കുള്ള സൗജന്യ കൈത്തറി യൂണിഫോം വിതരണത്തിനായി 20 കോടി രൂപ കഴിഞ്ഞ വർഷം തന്നെ സർക്കാർ അനുവദിച്ചിരുന്നു. 7719 സ്കൂളുകളിലെ 9,58,060 ലക്ഷം കുട്ടികൾക്ക് ഈ ആനുകൂല്യം ലഭിക്കും.
കൈത്തറി മേഖലയുടെ ഉണർവ് കൂടി ലക്ഷ്യമിട്ട് ഒന്നാം എൽഡിഎഫ് സർക്കാരിന്റെ കാലത്ത് തുടങ്ങിയതാണ് 120 കോടിയുടെ സൗജന്യ കൈത്തറി യൂണിഫോം വിതരണ പദ്ധതി. അൺ എയ്ഡഡ് ഒഴികെയുള്ള വിദ്യാലയങ്ങളിലെ ഒന്ന് മുതൽ എട്ട് വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് പാഠപുസ്തകവും സൗജന്യമാണ്. മൂന്നു ഭാഗങ്ങളായി പാഠപുസ്തകങ്ങളുടെ അച്ചടിയും പൂർത്തിയായിട്ടുണ്ട്. 4.88 കോടി പുസ്തകങ്ങളാണ് ഈ അധ്യയന വർഷത്തേക്ക് ആവശ്യം. മുൻ വർഷങ്ങളിലെ രീതിയിൽ നിന്നു വ്യത്യസ്തമായി ഇക്കുറി പ്രകടമായ ശ്രദ്ധേയമായൊരു കാര്യം, സിബിഎസ്ഇ സ്കൂളുകളിലേക്കു കുട്ടികളെ അയയ്ക്കാൻ വ്യഗ്രത കാണിച്ചിരുന്ന രക്ഷാകർത്താക്കൾ മാറിച്ചിന്തിക്കുന്നതാണ്. പലരും കുട്ടികളെ സർക്കാർ വിദ്യാലയങ്ങളിലേക്കു മാറ്റുന്നതിന്റെ തിരക്കിലാണ്.
സ്കൂൾ വിപണിയിൽ ബുക്ക് മുതൽ ബാഗ് വരെയുള്ള വസ്തുക്കൾക്കൊന്നും വില വർധിച്ചിട്ടില്ല എന്നത് ഇത്തവണ കുട്ടികൾക്കും രക്ഷാകർത്താക്കൾക്കും വലിയൊരാശ്വാസമായി. രണ്ടു വർഷത്തിനുള്ള ശേഷമുള്ള സ്കൂൾ വിപണി, കോവിഡ് കാലത്തെ മാന്ദ്യം മൂലം സംഭവിച്ച ക്ഷീണം നികത്താനുള്ള അവസരമാക്കാൻ കച്ചവടക്കാർ മുതിരാത്തതിനാൽ വ്യാപാരം നല്ല രീതിയിൽത്തന്നെ മുന്നോട്ടു പോകുന്നു. കോവിഡിന് ശമനമുണ്ടായ ആറുമാസം മുമ്പ് വിദ്യാലയങ്ങൾ ഭാഗികമായി തുറന്നപ്പോൾ ചില്ലറ ക്കച്ചവടങ്ങൾ നടന്നിരുന്നെങ്കിലും ഇപ്പോഴും തിരക്കിനൊട്ടും കുറവില്ല.
English Summary:Schools were ready to welcome the children
You may also like this video