Site iconSite icon Janayugom Online

കോടതിയിലെ ബോംബ് സ്ഫോടനം:ശാസ്ത്രജ്ഞൻ അറസ്റ്റിൽ

ഡൽഹി രോഹിണി കോടതിയിൽ ഉണ്ടായ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് പ്രതിരോധ ഗവേഷണ കേന്ദ്രത്തിലെ (ഡിആർഡിഒ) ശാസ്ത്രജ്ഞൻ അറസ്റ്റിൽ. ഡൽഹി പൊലീസ് സ്പെഷൽ സെല്ലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വ്യക്തി വൈരാഗ്യത്തെത്തുടർന്ന്, ഒരു അഭിഭാഷകനെ കൊലപ്പെടുത്താനാണ് കോടതിയിൽ ഇയാൾ ബോംബ് സ്ഥാപിച്ചതെന്ന് പൊലീസ് പറഞ്ഞു. ഡിസംബർ ഒമ്പതിന് 102-ാം നമ്പർ കോടതി മുറിയിലായിരുന്നു സ്ഫോടനം ഉണ്ടായത്. ടിഫിൻ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു അപകടം. സ്ഫോടനത്തിൽ ഒരു പൊലീസുകാരന് പരിക്കേറ്റിരുന്നു. കോടതിമുറിയിൽ അഭിഭാഷകൻ നിൽക്കെ സ്ഫോടനം നടത്തി കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യമിട്ടത്. സിസിടിവിയിൽ ശാസ്ത്രജ്ഞൻ കോടതിയിലെത്തിയതിന്റെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു.

മാത്രമല്ല, ഇയാളുടെ ബന്ധു ജോലി ചെയ്തിരുന്ന കമ്പനിയുടെ ലോഗോ ബാഗിൽ ഉണ്ടായിരുന്നതും അന്വേഷണത്തിൽ നിർണായകമായി.ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. പ്രതിക്കെതിരെ അഭിഭാഷകൻ പത്തോളം കേസുകൾ നൽകിയിരുന്നു. നിയമനടപടികൾ ഇയാളെ മാനസികമായി തളർത്തി. ഇതേത്തുടർന്നുള്ള പ്രതികാരമാണ് ബോംബു വച്ച് കൊലപ്പെടുത്താനുള്ള ശ്രമത്തിൽ കലാശിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. 

കഴിഞ്ഞ ഒക്ടോബറില്‍ രോഹിണി കോടതിയില്‍ നടന്ന വെടിവയ്പ്പില്‍ ഗുണ്ടാ നേതാവ് ജിതേന്ദ്ര ഗോഗിയും രണ്ട് കൂട്ടാളികളും കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ ഡല്‍ഹിയിലെ കോടതികളില്‍ സുരക്ഷ ശക്തമാക്കിയിരുന്നു. കോടതിയില്‍ ജിതേന്ദ്ര ഗോഗി പ്രതിയായ കേസില്‍ വിചാരണ നടക്കുന്നതിനിടെയായിരുന്നു വെടിവയ്പ്പ്. അഭിഭാഷകരുടെ വേഷത്തിലെത്തിയ രണ്ടംഗസംഘം കോടതിമുറിക്കുള്ളില്‍ വെടിയുതിര്‍ക്കുകയായിരുന്നു.
eng­lish sum­ma­ry; Sci­en­tist arrest­ed in con­nec­tion with Del­hi Rohi­ni bomb blast
you may also like this video;

Exit mobile version