ഭൂമിയില്‍ ഏകദേശം 20 ക്വാഡ്രില്യൺ ഉറുമ്പുകളുണ്ടെന്ന് പഠനങ്ങള്‍. 20,000,000,000,000,000, ഇതാണ് ഭൂമിയിലെ ഉറുമ്പ് ജനസംഖ്യ. ലോകത്തിലെ ഉറുമ്പുകൾ ഒന്നിച്ച് ഏകദേശം 12 ദശലക്ഷം ടൺ ഡ്രൈ കാർബണിന്റെ അളവിന് തുല്യമാണെന്നാണ് കണക്കാക്കുന്നത്. ഇത് മനുഷ്യരുടെ മൊത്തം ഭാരത്തിന്റെ അഞ്ചിലൊന്നിന് തുല്യമാണ്. ഭൂമിയിലെ ഒഴിവാക്കാനാകാത്ത ഘടകങ്ങളില്‍ ഒന്നാണ് ഉറുമ്പുകള്‍. കൃഷിയിടങ്ങളില്‍ രാസവളങ്ങളെക്കാള്‍ ഫലപ്രദമായി കീടങ്ങളെ തിന്നുനശിപ്പിക്കാന്‍ ഉറുമ്പിന് കഴിയുമെന്ന് അടുത്തിടെ നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കിയിരുന്നു. കൂടാതെ ഉറുമ്പുകൾ മണ്ണിൽ വായുസഞ്ചാരം നടത്തുകയും പരാഗണത്തിന് സഹായിക്കുകയും ഭക്ഷ്യ ശൃംഖലയുടെ ഒരു പ്രധാന ഭാഗമാകുകയും ചെയ്യുന്നു.
എല്ലാ ഭൂഖണ്ഡങ്ങളിലേയും കാടുകള്‍, മരുഭൂമികള്‍, പുല്‍ത്തകിടികള്‍, നഗരങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് സ്റ്റാന്‍ഡേഡ് മെത്തേഡ് ഉപയോഗിച്ചാണ് സാമ്പിള്‍ ശേഖരണം നടത്തിയത്. ഇതില്‍ നിന്നാണ് 20 ക്വാഡ്രില്യണ്‍ എന്ന കണക്കിലേക്ക് എത്തിച്ചേരുന്നത്. 2000 കോടി ദശലക്ഷമാണ് ഇത്. 15,700ധികം ഇനം ഉറുമ്പുകളാണുള്ളത്. കൂടാതെ ഉപജാതികളും ഉണ്ട്. ഇതുവരെ ശാസ്ത്രം പേരിട്ടിട്ടില്ലാത്ത ഇനങ്ങളുമുണ്ട്. ലോകമെമ്പാടുമുള്ള 489 പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. സ്പാനിഷ്, ഫ്രെഞ്ച്, ജര്‍മന്‍, റഷ്യന്‍, മാന്‍ഡറിന്‍, പോര്‍ച്ചുഗീസ് ഭാഷകളില്‍ പുറത്തുവന്ന പഠനങ്ങളെ അപഗ്രഥിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ദ കോണ്‍വര്‍സേഷനിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
English Summary: Scientists Estimate the Ant Population on Earth
You may also like this video