Site iconSite icon Janayugom Online

ഷാങ്ഹായ് സഹകരണ ഉച്ചകോടി, ഇന്ത്യ‑പാക് ഉഭയകക്ഷി ചര്‍ച്ചയില്ല ;അതിര്‍ത്തി കടന്നുള്ള തീവ്രവാദം ഭീഷണിയെന്ന് എസ് ജയശങ്കര്‍

അതിര്‍ത്തി കടന്നുള്ള തീവ്രവാദം ഭീഷണിയായി മാറുകയാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. ഗോവയില്‍ നടക്കുന്ന ഷാങ്ഹായി സഹകരണ ഉച്ചകോടിയിലാണ് പാകിസ്ഥാനെ ഉന്നം വച്ചുള്ള ജയശങ്കറിന്റെ വാക്കുകള്‍. യോഗത്തില്‍ പങ്കെടുക്കുന്ന പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോ സര്‍ദാരിയെ സ്വീകരിച്ചശേഷമായിരുന്നു ജയശങ്കറിന്റെ പ്രസ്താവന.
12 വര്‍ഷങ്ങള്‍ക്കുശേഷമാണ് പാക് വിദേശകാര്യമന്ത്രി ഇന്ത്യാ സന്ദര്‍ശനം നടത്തുന്നത്. ജമ്മുകശ്മീരില്‍ പാകിസ്ഥാന്‍ നടത്തുന്ന നുഴഞ്ഞ് കയറ്റവും അതിര്‍ത്തി കടന്നുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങളും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയ സാഹചര്യത്തിലുള്ള ബിലവാല്‍ ഭൂട്ടോയുടെ സന്ദര്‍ശനം ഏറെ മാധ്യമ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ ഇന്ത്യ‑പാക് വിദേശകാര്യ മന്ത്രിമാര്‍ തമ്മില്‍ ഉഭയകക്ഷി ചര്‍ച്ച ഉണ്ടായില്ല.
തീവ്രവാദ നടത്തിപ്പുകാര്‍ക്കൊപ്പം ചര്‍ച്ച നടത്താന്‍ കഴിയില്ലെന്ന് യോഗത്തിന് ശേഷം ജയശങ്കര്‍ പറഞ്ഞു. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടികളിലൂടെ പാകിസ്ഥാന്റെ വിശ്വാസ്യത കൂടുതല്‍ നഷ്ടമാകുന്നു. ജമ്മു കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ഇതുമായി ബന്ധപ്പെട്ട് ബിലാവല്‍ ഭൂട്ടോ നടത്തിയ പ്രസ്താവന തള്ളുന്നതായും ജയശങ്കര്‍ വ്യക്തമാക്കി.
യോഗത്തില്‍ പങ്കെടുക്കാനെത്തിയ ഷാങ്ഹായി സഹകരണ ഉച്ചകോടി സെക്രട്ടറി ജനറല്‍ ഹാങ്മിങുമായും ചൈനീസ് വിദേശകാര്യ മന്ത്രി ക്വിന്‍ ഗാങുമായും ജയശങ്കര്‍ ചര്‍ച്ച നടത്തി. റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവുമായി കഴിഞ്ഞ ദിവസം ജയശങ്കര്‍ ചര്‍ച്ച നടത്തിയിരുന്നു. കിര്‍ഗിസ്ഥാന്‍, കസാഖിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന്‍, തജിക്കിസ്ഥാന്‍ മന്ത്രിമാരെയും അദേഹം സ്വീകരിച്ചു.
നേരത്തെ ചൈനീസ് വിദേശകാര്യമന്ത്രി ക്വിന്‍ ഗാങുമായി അതിര്‍ത്തി വിഷയം ചര്‍ച്ച ചെയ്തു. ഇന്ത്യ- ചൈന അതിര്‍ത്തിയിലെ നിലവിലെ സ്ഥിതിഗതി സ്ഥിരതയുള്ളതാണെന്നും ഇരു വിഭാഗവും ഇപ്പോഴത്തെ സമാധാന കാലാവസ്ഥ അനുസരിച്ച് മുന്നോട് പോകുകയാണ് വേണ്ടതെന്നും ക്വിന്‍ ഗാങ് പറഞ്ഞു.
2001 ലാണ് ഷാങ്ഹായി സഹകരണ പ്രസ്ഥാനം ആരംഭിച്ചത്. ഇന്ത്യ, റഷ്യ, ചൈന, പാകിസ്ഥാന്‍, കസാഖിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, തജിക്കിസ്ഥാന്‍ , ഉസ്ബെക്കിസ്ഥാന്‍ എന്നിവയാണ് അംഗരാജ്യങ്ങള്‍.

eng­lish sum­ma­ry: SCO sum­mit : Why peace talks are not on Bilaw­al Bhut­to Zardar­i’s agen­da in India
you may also like this video:

Exit mobile version