Site iconSite icon Janayugom Online

ചുട്ടുപൊള്ളി ഭൂമി; 2025 ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വർഷങ്ങളിലൊന്ന്

മനുഷ്യന്റെ ഇടപെടലുകൾ മൂലം സംഭവിക്കുന്ന കാലാവസ്ഥാ വ്യതിയാനം 2025നെ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ മൂന്ന് വർഷങ്ങളിൽ ഒന്നാക്കി മാറ്റിയതായി ശാസ്ത്രജ്ഞർ. ‘വേൾഡ് വെതർ ആട്രിബ്യൂഷൻ’ (ഡബ്ല്യു ഡബ്ല്യു എ) ഗവേഷകർ ചൊവ്വാഴ്ച പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ ആശങ്കാജനകമായ വിവരങ്ങളുള്ളത്. പാരീസ് ഉടമ്പടി പ്രകാരം നിശ്ചയിച്ചിരുന്ന 1.5 ഡിഗ്രി സെൽഷ്യസ് എന്ന താപനില പരിധി തുടർച്ചയായ മൂന്ന് വർഷത്തെ ശരാശരിയിൽ ആദ്യമായി മറികടന്നു എന്ന പ്രത്യേകതയും 2025നുണ്ട്. പെസിഫിക് സമുദ്രത്തിലെ ജലം തണുക്കുന്ന ‘ലാ നിന’ പ്രതിഭാസം നിലനിന്നിട്ടും ആഗോളതാപനില ഉയർന്ന നിലയിൽ തന്നെ തുടരുകയായിരുന്നു. കൽക്കരി, എണ്ണ, വാതകം തുടങ്ങിയ ഫോസിൽ ഇന്ധനങ്ങളുടെ അമിതമായ ഉപയോഗമാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ലോകമെമ്പാടും ആയിരക്കണക്കിന് ആളുകളുടെ മരണത്തിന് കാരണമായ ഉഷ്ണതരംഗങ്ങളാണ് 2025ലെ ഏറ്റവും മാരകമായ കാലാവസ്ഥാ പ്രതിഭാസമെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ഇത്തരം ഉഷ്ണതരംഗങ്ങൾ ഒരു പതിറ്റാണ്ട് മുമ്പുള്ളതിനേക്കാൾ പത്തിരട്ടി വേഗത്തിൽ സംഭവിക്കാൻ കാലാവസ്ഥാ വ്യതിയാനം കാരണമായിട്ടുണ്ട്. ഗ്രീസിലെയും തുർക്കിയിലെയും വനനശീകരണത്തിന് കാരണമായ വരൾച്ച, മെക്സിക്കോയിലെ പ്രളയം, ഫിലിപ്പീൻസിലെ സൂപ്പർ ടൈഫൂൺ, ഇന്ത്യയിലെ കനത്ത പ്രളയവും ഉരുൾപൊട്ടലും ഉൾപ്പെടെ 157 തീവ്ര കാലാവസ്ഥാ സംഭവങ്ങളാണ് ഈ വർഷം രേഖപ്പെടുത്തിയത്. പ്രകൃതിക്ഷോഭങ്ങൾ പ്രവചനാതീതമായി മാറുന്നതും അവയെ പ്രതിരോധിക്കാനുള്ള മനുഷ്യന്റെ കഴിവ് പരിമിതപ്പെടുന്നതും വലിയ പ്രതിസന്ധിയാണെന്നും ശാസ്ത്രജ്ഞർ ഓർമ്മിപ്പിക്കുന്നു.

ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം ഉടൻ നിർത്തിയില്ലെങ്കിൽ ഭൂമിയെ വൻ ദുരന്തങ്ങളിൽ നിന്ന് രക്ഷിക്കാൻ കഴിയില്ലെന്ന് ശാസ്ത്രജ്ഞയായ ഫ്രെഡറിക് ഓട്ടോ പറഞ്ഞു. ചൈനയെപ്പോലെയുള്ള രാജ്യങ്ങൾ പുനരുപയോഗ ഊർജ്ജത്തിലേക്ക് മാറാൻ ശ്രമിക്കുന്നുണ്ടെങ്കിലും, അമേരിക്കയുൾപ്പെടെയുള്ള പല രാജ്യങ്ങളും ഇപ്പോഴും ഫോസിൽ ഇന്ധനങ്ങൾക്ക് മുൻഗണന നൽകുന്നത് കാലാവസ്ഥാ ലക്ഷ്യങ്ങൾക്ക് തിരിച്ചടിയാകുന്നുണ്ട്.

Exit mobile version