Site iconSite icon Janayugom Online

ടിക്കറ്റിനായി നെട്ടോട്ടം; ഗുരുവായൂരില്‍ കുട്ടിയെ മാതാപിതാക്കൾ തിയേറ്ററിൽ മറന്നുവച്ചു

തിയേറ്ററില്‍ വമ്പന്‍ കളക്ഷനുമായി പ്രദര്‍ശനം നടത്തുന്ന സിനിമ കാണാനെത്തിയ കുടുംബം ടിക്കറ്റ് തീര്‍ന്നതിനെ തുടര്‍ന്ന് മറ്റൊരു തിയേറ്ററിലേക്ക് പോകാനുള്ള തിടുക്കത്തില്‍ കുട്ടിയെ മറന്നുവച്ച് മാതാപിതാക്കള്‍. രണ്ടാമത്തെ തിയേറ്ററില്‍ കയറിയ അവര്‍ ഇടവേള സമയം വരെയും കുട്ടി ഒപ്പമില്ലെന്ന കാര്യം അറിഞ്ഞിരുന്നില്ല.ശനിയാഴ്ച രാത്രി ഗുരുവായൂരിലായിരുന്നു സംഭവം. ചാവക്കാടു ഭാഗത്തുനിന്ന് ട്രാവലറില്‍ വന്ന സംഘത്തിലെ ഏഴുവയസ്സുള്ള കുട്ടിയെയാണ് ഒപ്പമുള്ളവര്‍ മറന്നുവച്ചത്.

‘ലോക’ സിനിമ കാണാനാണ് ഇവര്‍ ആദ്യം ദേവകി തിയേറ്ററിലെത്തി. ടിക്കറ്റ് കിട്ടില്ലെന്നായപ്പോള്‍ അവര്‍ ഉടന്‍ പടിഞ്ഞാറെ നടയിലെ അപ്പാസ് തിയ്യറ്ററിലേക്ക് പോയി. ഒപ്പമുള്ളവരെ കാണാതായപ്പോള്‍ കുട്ടി തിയേറ്ററിന്റെ മുന്നില്‍ നിന്ന് കരയുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട തിയറ്ററിലെ ജീവനക്കാര്‍ കുട്ടിയോട് കാര്യം തിരക്കിയപ്പോഴാണ് കൂടെയുള്ളവര്‍ കുട്ടിയെ കൂട്ടാതെ മറ്റൊരു തിയറ്ററിലേക്ക് പോയ വിവരമറിയുന്നത്. ട്രാവറിലാണ് തങ്ങള്‍ വന്നതെന്ന വിവരവും കുട്ടി പറഞ്ഞു. അതുപ്രകാരം ജീവനക്കാര്‍ അപ്പാസ് തിയറ്ററിലേക്ക് വിളിച്ച് വിവരം തിരക്കി. അപ്പോഴേക്കും സിനിമയുടെ ഇടവേള സമയമായിരുന്നു. സിനിമ നിര്‍ത്തിവെച്ച് തിയേറ്ററുകാര്‍ കുട്ടി നഷ്ടപ്പെട്ട കാര്യം അനൗണ്‍സ് ചെയ്തപ്പോഴാണ് കുട്ടി തങ്ങള്‍ക്കൊപ്പമില്ലെന്ന് ഇവര്‍ മനസിലാക്കിയത്.

ട്രാവലറില്‍ സിനിമ കാണാന്‍ വന്നിട്ടുള്ളവര്‍ തങ്ങളെ ബന്ധപ്പെടണമെന്നും അതിലെ ഒരു കുട്ടി കൂട്ടം തെറ്റി മറ്റൊരു തിയേറ്ററിലുണ്ടെന്നുമായിരുന്നുമായിരുന്നു അനൗണ്‍സ്‌മെന്റ്. അതോടെ ട്രാവലര്‍ സംഘം ആദ്യത്തെ തിയേറ്ററിലേക്ക് ചെന്നു. അപ്പോഴേക്കും ജീവനക്കാര്‍ കുട്ടിയെ പോലീസില്‍ ഏല്പിച്ചിരുന്നു. സ്റ്റേഷനില്‍ നിന്ന് കുട്ടിയെ കൈമാറി.

Exit mobile version