തെരഞ്ഞെടുപ്പ് കാലത്ത് വാഹനപരിശോധന നടത്തുന്നത് സ്വാഭാവികമെന്ന് എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജ്. നിയമവിധേയമായി എല്ലാവരും പരിശോധനയോട് സഹകരിക്കുകയാണ് വേണ്ടതെന്നും സ്വരാജ് പറഞ്ഞു. കോൺഗ്രസ് നേതാക്കൾ സഞ്ചരിച്ച വാഹനം തെരഞ്ഞെടുപ്പ് കമീഷൻ പരിശോധിച്ച വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ തന്റെ വാഹനവും പരിശോധിച്ചിരുന്നു. അത്തരം പരിശോധനകൾ നല്ലതാണെന്നും നമ്മുടെ സുതാര്യത ബോധ്യപ്പെടുത്താനും ആർക്കെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ അത് പരിഹരിക്കാനും കഴിയുമെന്ന് പറഞ്ഞു.
എന്നാല്‍ ഏകപക്ഷീയമായ പരിശോധനകളൊന്നും കേരളത്തിൽ നടക്കില്ല. വാഹനം പരിശോധിച്ചതിൽ കോൺഗ്രസ് നേതാക്കൾക്ക് പ്രയാസമുണ്ടെങ്കിൽ നിയമപരമായി നീങ്ങട്ടെയെന്നും സ്വരാജ് പറഞ്ഞു. നിലമ്പൂർ വടപുറത്ത് വെള്ളിയാഴ്ച രാത്രിയാണ് ഷാഫി പറമ്പിൽ എംപിയും രാഹുൽമാങ്കൂട്ടത്തിൽ എംഎൽഎയും സഞ്ചരിച്ച വാഹനം തെരഞ്ഞെടുപ്പ് കമീഷൻ പരിശോധിച്ചത്. പരിശോധിച്ച ഉദ്യോഗസ്ഥരോട് എംപിയും എംഎൽഎയും കയർക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

