തിരുവനന്തപുരം/കൊച്ചി: നടൻ ജയസൂര്യക്കെതിരെ വീണ്ടും ലൈംഗികാതിക്രമത്തിന് പൊലീസ് കേസെടുത്തു. വര്‍ഷങ്ങള്‍ക്ക് മുമ്പ് തൊടുപുഴയിലെ ലൊക്കേഷനില്‍ ലൈംഗികാതിക്രമം നടത്തിയെന്ന തിരുവനന്തപുരം സ്വദേശിനിയായ നടിയുടെ പരാതിയിലാണ് കേസെടുത്തത്. കരമന പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് തൊടുപുഴ പൊലീസ് സ്റ്റേഷനിലേക്ക് കൈമാറും. പ്രത്യേക അന്വേഷണ സംഘത്തിലുള്ള ഐശ്വര്യ ഡോങ്ക്‌റെയുടെ നേതൃത്വത്തിലുള്ള സംഘമായിരിക്കും ഇതേക്കുറിച്ച് അന്വേഷിക്കുക. അന്വേഷണ സംഘം വ്യാഴാഴ്ച നടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ജയസൂര്യക്കെതിരെ കൊച്ചി സ്വദേശിനിയായ നടിയുടെ പരാതിയിൽ കേസെടുത്തതിന് പിന്നാലെ രജിസ്റ്റര്‍ ചെയ്യുന്ന രണ്ടാമത്തെ കേസാണിത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ജൂനിയര്‍ ആര്‍ട്ടിസ്റ്റായിരുന്ന സമയത്ത് ദുരനുഭവമുണ്ടായ കാര്യം നടി വെളിപ്പെടുത്തിയിരുന്നു. എറണാകുളം സ്വദേശിനിയായ നടിയുടെ പരാതിയിൽ നേരത്തെ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം ജയസൂര്യക്കെതിരെ മറ്റൊരു കേസും എടുത്തിരുന്നു. സെക്രട്ടേറിയറ്റിലെ സിനിമാ ചിത്രീകരണത്തിനിടെ ശുചിമുറിയുടെ സമീപത്തുവച്ച് കടന്നുപിടിച്ച് ലൈംഗികമായി അതിക്രമം നടത്തിയെന്ന പരാതിയിലാണ് ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത്. ഐപിസി 354, 354 എ, 509 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾക്കൊപ്പമാണ് ജാമ്യമില്ലാ വകുപ്പും ചുമത്തിയിരിക്കുന്നത്. ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ കോഴിക്കോട് സ്വദേശിയായ യുവാവ് നല്‍കിയ ലൈംഗികാതിക്രമ പരാതിയില്‍ മൊഴിയെടുപ്പ് പൂര്‍ത്തിയായി. ഇതിന് പുറമേ നടന്‍ ഇടവേള ബാബുവിനെതിരെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ച പരാതിക്കാരിയുടെ മൊഴിയെടുപ്പും പൂര്‍ത്തിയായിട്ടുണ്ട്. രഞ്ജിത്തിനെതിരെയുള്ള തെളിവുകള്‍ അന്വേഷണ സംഘത്തിന് കൈമാറി എന്ന് യുവാവ് പറഞ്ഞു. രഞ്ജിത്ത് ലൈംഗിക അതിക്രമം നടത്തിയെന്ന് പറയുന്ന ബംഗളൂരു താജ് ഹോട്ടലില്‍ നേരിട്ടെത്തി അന്വേഷണം നടത്തുമെന്ന് അന്വേഷണ സംഘം അറിയിച്ചതായും യുവാവ് പറഞ്ഞു. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ കൊച്ചിയിലെത്തിയാണ് രണ്ട് കേസിലേയും പരാതിക്കാര്‍ മൊഴി നല്‍കിയിരിക്കുന്നത്.