Site iconSite icon Janayugom Online

ലൈം ഗികാതിക്രമക്കേസ്: അന്വേഷണം തുടരുന്നു

siddiquesiddique

ചലച്ചിത്ര മേഖലയിലെ പീ‍ഡന കേസുകളിൽ അന്വേഷണം തുടരുന്നു. ജു‍ഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി അഞ്ച് എസ് അശ്വതി നായർ സിദ്ദിഖിനെതിരായ പരാതിക്കാരിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തി. വൈകുന്നേരം 5.15 ന് പരാതിക്കാരി വനിത പൊലീസ് ഉദ്യോഗസ്ഥക്കും മാതാപിതാക്കൾക്കും ഒപ്പം കോടതിയിൽ എത്തുകയും 6.10 ന് മജിസ്ട്രേറ്റ് മൊഴി രേഖപ്പെടുത്താനും തുടങ്ങി. ഒന്നര മണിക്കൂറിലേറെ സമയം എടുത്താണ് വിശദമായ മൊഴി രേഖപ്പെടുത്തിയത്. ഇതിനിടെ, മുൻകൂർ ജാമ്യത്തിനായി നടിയുടെ പരാതിയുടെയും എഫ്​ഐആറിന്റെയും പകർപ്പ്​ തേടി സിദ്ദിഖ്​ കോടതിയിലെത്തി.

ജയസൂര്യയുടെ കേസിൽ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്താൻ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് 11 കോടതി രവിത കെ ജി യെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. പരാതിക്കാരിയായ എറണാകുളം സ്വദേശിനിക്ക് കോടതിയിൽ നിന്ന് നിയമപ്രകാരം നോട്ടീസ് അയച്ച് വിളിച്ചു വരുത്തിയാകും രഹസ്യമൊഴിയെടുക്കുക. സെക്രട്ടേറിയറ്റിൽ നടന്ന സിനിമ ഷൂട്ടിങ്ങിനിടെ ജയസൂര്യ കടന്ന് പിടിച്ച് ആക്രമിക്കാൻ ശ്രമിച്ചെന്നായിരുന്നു പരാതി.
സംഭവത്തില്‍ സംവിധായകൻ ബാലചന്ദ്രമേനോന്റെയും സിനിമയുടെ മറ്റ് സാങ്കേതിക പ്രവർത്തകരുടെയും മൊഴിയെടുക്കാനും പൊലീസ്​ നോട്ടീസ്​ നൽകി. ഷൂട്ടിങ്ങിനായി സെക്രട്ടേറിയറ്റ്​ വാടകയ്ക്ക് കൊടുത്തതിന്റെ വിശദാശങ്ങൾ തേടി പൊതുഭരണ വകുപ്പിനും പൊലീസ് കത്ത് നൽകി. ഐപിസി 354, 354എ, 509 ഉൾപ്പെടെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കന്റോൺമെന്റ് പൊലീസ്​ ജയസൂര്യക്കെതിരെ കേസ്​ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രത്യേകാന്വേഷണ സംഘത്തിൽ ഉൾപ്പെട്ട ഡിഐജി അജിതാ ബീഗം, ജി പൂങ്കുഴലി എന്നിവരുടെ നേതൃത്വത്തിൽ നടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. 

ലൈംഗികാതിക്രമക്കേസിൽ പരാതിയിൽ പറഞ്ഞ കാലയളവിൽ നടനും എഎംഎംഎ മുൻ ജനറൽ സെക്രട്ടറിയുമായ സിദ്ദിഖ് മാസ്കറ്റ് ഹോട്ടലിൽ താമസിച്ചതിനുള്ള തെളിവുകൾ ഇന്നലെ പൊലീസ് ശേഖരിച്ചു. 2016 ജനുവരി 28നാണ് സിദ്ദിഖ് മുറിയെടുത്തതെന്ന് ഹോട്ടൽ രേഖകളിലുണ്ട്. സിദ്ദിഖ് ഹോട്ടലിലുണ്ടായിരുന്നതായി പരാതിക്കാരി പൊലീസിനോടു പറഞ്ഞതും ഇതേ കാലയളവായിരുന്നു. സിദ്ദിഖ് മുറിയെടുത്തതിന്റെ രേഖ, നടി ഹോട്ടലിലെ സന്ദർശക രജിസ്റ്ററിൽ രേഖപ്പെടുത്തിയ വിവരങ്ങൾ, സിനിമയുടെ പ്രിവ്യു നടന്നതിന്റെ രേഖകൾ തുടങ്ങിയവയാണ് പൊലീസ് ശേഖരിച്ചത്. അക്കാലത്ത് ഹോട്ടലിലുണ്ടായിരുന്ന ജീവനക്കാരുടെയും പരാതിക്കാരിയുടെ മാതാപിതാക്കളുടെയും മൊഴി രേഖപ്പെടുത്തി. ഡ്രൈവർമാർ, പ്രിവ്യുവിൽ പങ്കെടുത്തവർ തുടങ്ങിയവരുടെ മൊഴിയും രേഖപ്പെടുത്തും. 

Exit mobile version