Site icon Janayugom Online

യംഗ് ഇന്ത്യന്‍ ഓഫീസ് ഇഡി മുദ്രവച്ചു

NH

കോണ്‍ഗ്രസിന്റെ മുഖപത്രമായ നാഷണല്‍ ഹെറാള്‍ഡ് ഓഫീസ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അടച്ചുപൂട്ടി മുദ്രവച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് ന്യൂഡല്‍ഹിയിലെ നാഷണല്‍ ഹെറാള്‍ഡ് കെട്ടിടത്തില്‍ സ്ഥിതി ചെയ്യുന്ന യംഗ് ഇന്ത്യന്‍ ലിമിറ്റഡ് ഓഫീസ് മുദ്രവച്ചിരിക്കുന്നത്. മുന്‍കൂര്‍ അനുമതിയില്ലാതെ സ്ഥാപനങ്ങള്‍ തുറക്കരുതെന്ന് ഇഡി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
എഐസിസി ആസ്ഥാനത്തിനു മുന്നിലും സോണിയാ ഗാന്ധിയുടെ വസതിക്കു പുറത്തും രാഹുൽ ഗാന്ധിയുടെ വസതിയിലേക്കുള്ള വഴിയിലും പൊലീസിനെ വിന്യസിക്കുകയും ബാരിക്കേഡുകൾ സ്ഥാപിക്കുകയും ചെയ്തു. പൊലീസ് നടപടിയെ അപലപിച്ച് മുതിർന്ന നേതാവ് ജയ്റാം രമേശ് രംഗത്തെത്തി. ഡൽഹി പൊലീസിന്റെ നടപടി ദുരൂഹമാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി ഓഫീസിന് പുറത്തും കൂടുതൽ പൊലീസ് സേനയെ വിന്യസിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് ഡല്‍ഹിയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും കോൺഗ്രസ് പ്രവ‍ർത്തക‍ർ തെരുവിലിറങ്ങി. ജവഹർലാൽ നെഹ്രു തുടങ്ങിവച്ച നാഷണൽ ഹെറാൾഡ് ദിനപ്പത്രത്തെ പതിറ്റാണ്ടുകൾക്കിപ്പുറം അഴിമതിയാരോപിച്ച് ഇല്ലാതാക്കാനായി കേന്ദ്രസർക്കാര്‍ കെട്ടുകഥയിറക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു.
നാഷണൽ ഹെറാള്‍ഡ് പത്രം അസോസിയേറ്റ് ജേർണൽസ് ലിമിറ്റഡിന്റെ 800 കോടി രൂപയുടെ ആസ്തി നിയമവിരുദ്ധമായി കൈപ്പറ്റിയതായാണ് ഇ‍ഡിയുടെ കണ്ടെത്തൽ. നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഹെഡ് ഓഫീസിലും മറ്റ് 11 സ്ഥലങ്ങളിലും കഴിഞ്ഞ ദിവസം ഇഡി റെയ്ഡ് നടത്തിയിരുന്നു. കേസില്‍ സോണിയാ ഗാന്ധിയെയും രാഹുലിനെയും കേസില്‍ ദിവസങ്ങളോളം ചോദ്യം ചെയ്തിരുന്നു. 

Eng­lish Sum­ma­ry: Sealed by Young India Office ED

You may like this video also

Exit mobile version