Site iconSite icon Janayugom Online

സമുദ്രോല്പന്ന കയറ്റുമതി പ്രതിസന്ധിയിൽ

രാജ്യത്തെ സമുദ്രോല്പന്ന രംഗം ഗുരുതര പ്രതിസന്ധിയിൽ. നാളുകളായി കയറ്റുമതി മേഖല പ്രശ്നങ്ങളുടെ നടുവിലാണെങ്കിലും അവ പരിഹരിക്കാൻ ഫലപ്രദമായ ഇടപെടലുകളോ നടപടികളോ കേന്ദ്രത്തിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. അമേരിക്ക ഇന്ത്യയിൽ നിന്നുള്ള സമുദ്രോല്പന്നങ്ങളുടെ ഇറക്കുമതിയിൽ കടുത്ത നിയന്ത്രണങ്ങളേർപ്പെടുത്തിയതും കണ്ടെയ്നർ നിരക്കുകളിലെ വർദ്ധനയും കാലാവസ്ഥ വ്യതിയാനങ്ങൾ മുലം കടൽ സമ്പത്തിലുണ്ടായ കുറവും തുടങ്ങി കോവിഡ് വരെ ഈ മേഖലയിലെ പ്രതിസന്ധി രൂക്ഷമാക്കുന്നതിനു കാരണങ്ങളാണ്. കണ്ടെയ്നർ നിരക്ക് കുതിച്ചുയരുകയാണ്.

നേരത്തേ രണ്ടു ലക്ഷമായിരുന്നത് ഏഴിരട്ടിയായാണ് വർദ്ധിച്ചിരിക്കുന്നത്. ഇതുമൂലം ഓർഡർ അനുസരിച്ചുള്ള കയറ്റുമതി സാദ്ധ്യമാകുന്നില്ല. വലിയ തോതിൽ ഓർഡറുകളെത്തുന്ന സമയമാണ് ക്രിസ്മസ് — നവവത്സര സീസൺ. കണ്ടെയ്റുകളുടെ നിരക്കിലുണ്ടാകുന്ന വർദ്ധനവ് കയറ്റി അയയ്ക്കുന്ന ചരക്കുകളുടെ വിലയുമുയർത്തുന്നു.

കോവിഡ് മഹാമാരിയുടെ ഫലമായി ഇതര രാജ്യങ്ങളിലെ ആവശ്യകത കുറഞ്ഞതിനാൽ കഴിഞ്ഞ സാമ്പത്തിക വർഷം വലിയ തിരിച്ചടിയാണ് മേഖല നേരിട്ടത്. രാജ്യത്തിന്റെ സമുദ്രോത്പന്ന കയറ്റുമതി 600 — ൽ താഴെ ഡോളറായി കുറഞ്ഞിരുന്നു. കോവിഡിനു മുൻപുള്ളതും ഇപ്പോഴത്തേതുമായ അവസ്ഥ താരതമ്യം ചെയ്യുമ്പോൾ കടൽ വിഭവങ്ങളുടെ കയറ്റുമതി 20 ശതമാനത്തോളം കുറവാണ്. ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ ചെമ്മീൻ വാങ്ങിയിരുന്ന അമേരിക്ക, 3.06 ശതമാനമായിരുന്ന ആന്റി ഡംപിങ് നികുതി 7.15 ശതമാനമായി ഉയർത്തിയതാണ് മേഖല നേരിട്ട വലിയ ഇരുട്ടടി.

ഇന്ത്യയിൽ നിന്നുള്ള സമുദ്രോല്പന്ന കയറ്റുമതിയിൽ 74.31 ശതമാനമാണ് ചെമ്മീൻ ഇനം മാത്രം. കേരളത്തിൽ നിന്ന് ഏറ്റവുമധികം കടൽ വിഭവങ്ങൾ കയറ്റുമതി ചെയ്യുന്നതും അമേരിക്കയിലേക്കാണ്. നികുതി കുത്തനെ കൂട്ടിയതിനു പുറമെ, ഇന്ത്യയിലെ കടൽച്ചെമ്മീൻ പിടിത്തം മൂലം കടലാമകൾക്കു വംശനാശം നേരിടുന്നു എന്ന് ആരോപിച്ചു കൊണ്ട് ഇന്ത്യയിൽ നിന്നുള്ള കടൽ ചെമ്മീനു രണ്ടു വർഷം മുമ്പ് യു എസ് ഏർപ്പെടുത്തിയ വിലക്ക് ഇപ്പോഴും തുടരുകയുമാണ്. രാജ്യത്തിന്റെ വരുമാനത്തെയും മത്സ്യബന്ധനം മുതൽ കയറ്റുമതി വരെയുള്ള വിവിധ തലങ്ങളിൽ പണിയെടുക്കുന്ന അനേകരെയും കയറ്റുമതി മേഖലയിലെ പ്രതിസന്ധി കടുത്ത തോതിലാണ് ബാധിച്ചിരിക്കുന്നത്.

eng­lish sum­ma­ry; Seaprod­uct exports in crisis

you may also like this video;

Exit mobile version