Site iconSite icon Janayugom Online

കീഴൂര്‍ ഹാര്‍ബറില്‍ കാണാതായ റിയാസിനായി തിരച്ചിൽ ഊർജിതം; നേവിയുടെ സ്കൂബ ഡൈവിംഗ് ടീം പരിശോധന നടത്തുന്നു

കീഴൂർ ഹാർബറിന് സമീപം ചൂണ്ടയുമായി മീൻ പിടിക്കാൻ പോയി കടലിൽ കാണാതായതായി സംശയിക്കുന്ന ചെമ്മനാട് കല്ലുവളപ്പിലെ കെ റിയാസിനെ (36) കണ്ടെത്താനുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. ഇന്ന് രാവിലെ ഇന്ത്യൻ നേവിയുടെ സ്ക്യൂബ ഡൈവിങ് ടീം പരിശോധന ആരംഭിച്ചു ഇതോടൊപ്പം ഫിഷറീസ് വകുപ്പിന്റെ പട്രോൾ ബോട്ട്ടുകള്‍ രാവിലെ കീഴുർഅഴിമുഖത്തു നിന്നും തലശ്ശേരി ഭാഗത്തേക്ക്‌ തിരച്ചിൽ ആരംഭിച്ചു. കണ്ണൂര് ജില്ലയിലെ ഫിഷറിസിന്റെ പട്രോൾ ബോട്ട് എഴിമല ഭാഗത്തു നിന്നും തലശ്ശേരി വരെയും തെരച്ചിൽ നടത്തി. ഇന്നലെ കര്‍ണാടകയില്‍ നിന്നുള്ള വിദഗ്ധൻ ഈശ്വര്‍ മല്‍പെ സ്ഥലത്തെത്തി മുങ്ങിത്തപ്പിയിരുന്നു. 

നേരത്തെ, ഇത്തരം ദൗത്യങ്ങളില്‍ പങ്കെടുത്തതിന്റെ അനുഭവ സമ്പത്തുള്ളയാളാണ് അദ്ദേഹം. ഷിരൂരിൽ അർജുനെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളിലും ഭാഗമായിരുന്നു.  ഇന്നലെ കീഴൂരിലെത്തിയ ഈശ്വര്‍ മല്‍പേ ഇ ചന്ദ്രശേഖരന്‍ എംഎല്‍എയുമായി കൂടിക്കാഴ്ച നടത്തി. ശനിയാഴ്ച പുലർച്ചെ അഞ്ച് മണിക്കും ഒമ്പത് മണിക്കും ഇടയിലാണ് പ്രവാസിയായ റിയാസിനെ കാണാതായത്. ഒരുപക്ഷെ കടലിലെ കല്ലുകൾക്കിടയിൽ കുടുങ്ങിയിരിക്കാമെന്ന സംശയത്തിൽ റിയാസ് കടലിൽ വീണെന്ന് കരുതുന്ന സ്ഥലത്താണ് ഇപ്പോൾ ഈശ്വര്‍ മല്‍പെ തിരച്ചിൽ നടത്തുന്നത്. റിയാസിനെ കാണാതായി അഞ്ച് നാൾ പിന്നിട്ടിട്ടും കണ്ടെത്തുന്നതിനായി ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് കാര്യക്ഷമമായ നടപടികൾ ഉണ്ടാവാത്തത് രൂക്ഷമായ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. 

പ്രദേശവാസികളും റിയാസിന്റെ ബന്ധുക്കളും ജനപ്രതിനിധികളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എംഎല്‍എ മാരായ ഇ ചന്ദ്രശേഖരന്‍, അഡ്വ. സി എച് കുഞ്ഞമ്പു, എൻ എ നെല്ലിക്കുന്ന്, എ കെ എം അഷ്റഫ് എന്നിവരും സ്ഥലത്തെത്തി തിരച്ചിലിന് നേതൃത്വം നൽകിയിരുന്നു. ജില്ലാ പൊലീസ് മേധാവി ഡി ശിൽപ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചിട്ടുണ്ട്. പ്രവാസിയെ കണ്ടെത്താനുള്ള തിരച്ചിലിന് ആറാം നാളിലും കാര്യക്ഷമമായ നടപടി സ്വീകരിക്കാത്ത ഭരണകൂടത്തിന്റെ നടപടിക്കെതിരെ കാണാതായ ചെമ്മനാട് കല്ലുവളപ്പിലെ കെ മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളും ബന്ധുക്കളും നാട്ടുകാരും ചേർന്ന് കാഞ്ഞങ്ങാട് — കാസർകോട് സംസ്ഥാന പാത ഉപരോധിച്ചിരുന്നു.

Exit mobile version