Site icon Janayugom Online

ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റിന് സീറ്റ് ബെല്‍റ്റും കാമറയും നിര്‍ബന്ധം

എല്ലാ ഹെവി വാഹനങ്ങളുടെ ഡ്രൈവര്‍ക്കും ഡ്രൈവറുടെ നിരയിലെ മുന്‍ സീറ്റില്‍ യാത്ര ചെയ്യുന്നയാള്‍ക്കും കേന്ദ്ര നിയമം അനുശാസിക്കുന്ന വിധത്തില്‍ സീറ്റ് ബെല്‍റ്റും സ്റ്റേജ് കാരിയേജുകള്‍ക്കുള്ളിലും പുറത്തും കാമറകള്‍ ഘടിപ്പിക്കണമെന്ന ഉത്തരവും നവംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഹെവി വാഹനങ്ങള്‍ക്ക് സീറ്റ് ബെല്‍റ്റും കാമറകളും ഘടിപ്പിക്കുന്നത് നിര്‍ബന്ധമാക്കുന്നത് നവംബര്‍ ഒന്ന് മുതല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റിന് ഹാജരാക്കുന്നതു മുതലേ ബാധകമാക്കാവൂ എന്ന വാഹന ഉടമകളുടെ ആവശ്യം അംഗീകരിച്ചിട്ടുണ്ട്.

സീറ്റ് ബെല്‍റ്റും കാമറകളും ഘടിപ്പിച്ച വാഹനങ്ങള്‍ക്കു മാത്രമേ നവംബര്‍ ഒന്ന് മുതല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാവൂ എന്നും ഉത്തരവായിട്ടുണ്ടെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. കെഎസ്ആർടിസി ശമ്പള വിതരണത്തിനായി ധനവകുപ്പ് 20 കോടി അനുവദിച്ചതിനുശേഷമുള്ള ഐഎന്‍ടിയുസി സമരം അനാവശ്യമാണെന്നും മന്ത്രി പറഞ്ഞു. സമരം അവസാനിപ്പിച്ചാൽ ചൊവ്വാഴ്ചയോടെ ശമ്പളം നൽകാൻ കഴിയും. തുക അനുവദിച്ചതിന് ശേഷമുള്ള ഉപരോധമാണ് ശമ്പളം ഒരു ദിവസം കൂടി വൈകുന്നതിന് ഇടയാക്കിയത്.

ഐഎൻടിയുസിയുടെ നേതൃത്വത്തിൽ ഇത്തരത്തിൽ ഒരു സമരം നടത്തിയത് ദുരൂഹമാണെന്നും അദ്ദേഹം പ്രതികരിച്ചു. സെപ്റ്റംബർ മാസത്തെ രണ്ടാം ഗഡു ആവശ്യപ്പെട്ട് ഇന്നലെ വീണ്ടും കോൺഗ്രസ് അനുകൂല സംഘടനയായ ഡിടിഎഫ് കെഎസ്ആർടിസി ചീഫ് ഓഫിസിന് മുന്നിൽ ഉപരോധം സംഘടിപ്പിച്ചിരുന്നു.

Eng­lish Sum­ma­ry: Seat belt and cam­era manda­to­ry for fit­ness certificate
You may also like this video

Exit mobile version