കെഎസ്ആര്‍ടിസി ബസ് ഉള്‍പ്പെടെയുള്ള ഹെവി വാഹനങ്ങള്‍ക്ക് സെപ്റ്റംബര്‍ ഒന്ന് മുതല്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഡ്രൈവറോടൊപ്പം മുന്‍ സീറ്റില്‍ ഇരിക്കുന്ന ആളും സീറ്റ് ബെല്‍റ്റ് ധരിച്ചിരിക്കണം. എഐ കാമറ അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജൂൺ അഞ്ചിന് രാവിലെ എട്ട് മണി മുതൽ എട്ടിന് രാത്രി 11.59 വരെ 3,52,730 നിയമ ലംഘനങ്ങളാണ് എ ഐ കാമറ കണ്ടെത്തിയത്. അതില്‍ 80,743 നിയമലംഘനങ്ങള്‍ കെല്‍ട്രോണ്‍ പരിശോധിച്ച് നല്‍കി കഴിഞ്ഞു. കൊട്ടാരക്കര, നിലമേല്‍ എന്നീ സ്ഥലങ്ങളില്‍ പുതിയ പുതിയ കാമറ യൂണിറ്റുകള്‍ പ്രവര്‍ത്തന സജ്ജമായി. മരണങ്ങളില്‍ നിന്നും ദുരന്തങ്ങളില്‍ നിന്നും ജനങ്ങളെ രക്ഷിക്കുക എന്ന ലക്ഷ്യത്തോട് കൂടി ആണ് എഐ കാമറ സംവിധാനം നടപ്പാക്കിയതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ശരാശരി ഒരു ദിവസം റോഡ് അപകടങ്ങളില്‍ 12 പേര്‍ വീതം മരണമാണുണ്ടായിരുന്നത്. എഐ കാമറ സ്ഥാപിച്ചതിന് ശേഷം ഗണ്യമായ കുറവ് സംഭവിച്ചിട്ടുണ്ട്. ശരാശരി കണക്ക് അനുസരിച്ചാണെങ്കില്‍ നാല് ദിവസങ്ങളില്‍ 48 മരണങ്ങള്‍ സംഭവിക്കേണ്ടതായിരുന്നു. എന്നാല്‍ 28 മരണങ്ങളാണ് എഐ കാമറ സംവിധാനം വന്നതിന് ശേഷം ഉണ്ടായിട്ടുള്ളത്. മോട്ടോർ വാഹന വകുപ്പ്, റോഡ് സുരക്ഷ അതോറിട്ടി, കെൽട്രോൺ, നാഷണൽ ഇൻഫർമാറ്റിക് സെന്റർ എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥരും അവലോകനയോഗത്തില്‍ പങ്കെടുത്തു.
English Summary:Seat belt mandatory for heavy vehicles from September 1
You may also like this video