Site iconSite icon Janayugom Online

സീറ്റ് നല്‍കിയില്ല; കോണ്‍ഗ്രസിനെതിരെ മത്സരിക്കാനൊരുങ്ങി പഞ്ചാബ് മുഖ്യമന്ത്രി ചന്നിയുടെ സഹോദരന്‍

channichanni

നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഇലക്ഷനില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിയുടെ സഹോദരന്‍ മനോഹര്‍ സിംഗ്.പഞ്ചാബിലെ ബസ്സി പഥാന മണ്ഡലത്തില്‍ നിന്നാണ് മനോഹര്‍ നാല് മുന്നണികള്‍ക്കുമെതിരെ പൊരുതാനിറങ്ങുന്നത്. മനോഹര്‍ സിംഗ് മത്സരിക്കുന്ന ബസ്സി പഥാന സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മത്സരിക്കുന്നുണ്ട്.

സിറ്റിംഗ് എം.എല്‍.എയായ ഗുര്‍പ്രീത് സിംഗ് ജി.പിയാണ് ബസ്സി പഠാനയില്‍ കോണ്‍ഗ്രസിനായി ജനവിധി തേടുന്നത്.കഴിഞ്ഞ ദിവസമായിരുന്നു കോണ്‍ഗ്രസ് തങ്ങളുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചത്. 86 സ്ഥാനാര്‍ത്ഥികളുടെ പട്ടികയില്‍ മനോഹറിന്റെ പേര് ഉണ്ടായിരുന്നില്ല. കോണ്‍ഗ്രസിന്റെ ‘ഒരു കുടുംബത്തില്‍ ഒരു സീറ്റ്’നയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇദ്ദേഹത്തിന് സീറ്റ് നിഷേധിച്ചത്. ഇതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് മനോഹര്‍ അറിയിച്ചത്.

കോണ്‍ഗ്രസ് സിറ്റിംഗ് എംഎല്‍എയ്ക്ക് സീറ്റ് നല്‍കിയത് അനീതിയാണെന്നണ് മനോഹര്‍ പറയുന്നത്. ഗുര്‍പ്രീത് സിംഗിന് എം.എല്‍.എയാവാന്‍ യോഗ്യതയില്ലെന്നും മനോഹര്‍ പറഞ്ഞു.പ്രമുഖരായ പലരും എന്നോട് ബസ്സി പഥാനയില്‍ നിന്നും മത്സരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അവര്‍ പറഞ്ഞതനുസരിച്ചാണ് ഞാന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ഞാന്‍ ഇനി പിന്‍മാറുകയില്ല. ഒറ്റയ്ക്ക് തന്നെ ഇവരോട് മത്സരിക്കും,’ മനോഹര്‍ പറയുന്നു.താന്‍ സ്വതന്ത്രനായി മത്സരിക്കുമെന്നും കോണ്‍ഗ്രസിന്റെ സിറ്റിംഗ് എംഎല്‍എയെ തോല്‍പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം ബോളിവുഡ് താരം സോനു സൂദിന്റെ സഹോദരി മാളവിക സൂദിന് സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം.എല്‍.എ ഹര്‍ജോത് കമാല്‍ പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. മോഗ മണ്ഡലത്തിലെ സിറ്റിംഗ് എം.എല്‍.എയായ ഹര്‍ജോത്, തന്റെ സിറ്റിംഗ് സീറ്റില്‍ മാളവികയെ പരിഗണിച്ചതിന്റെ പേരിലായിരുന്നു അംഗത്വം രാജിവെച്ചത്.കോണ്‍ഗ്രസ് വിട്ടതിന് പിന്നാലെ ഹര്‍ജോത് ബിജെപിയില്‍ ചേര്‍ന്നിരുന്നു. ചണ്ഡിഗഢിലെ ബിജെപി ഓഫീസിലെത്തിയാണ് ഇയാള്‍ ബിജെപി അംഗത്വം സ്വീകരിച്ചത്.ശനിയാഴ്ചയായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടത്.

പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി ചംകൗര്‍ സാഹേബ് മണ്ഡലത്തില്‍ നിന്നും പഞ്ചാബ് പി.സി.സി അധ്യക്ഷനായ നവജ്യോത് സിംഗ് സിദ്ദു അമൃത്സര്‍ ഈസ്റ്റില്‍ നിന്നുമാണ് ജനവിധി തേടുന്നത്.കഴിഞ്ഞ മാസം പാര്‍ട്ടിയില്‍ പ്രവേശിച്ച വിവാദ പഞ്ചാബി ഗായകന്‍ സിദ്ദു മൂസേവാല മാന്‍സ അസംബ്ലി മണ്ഡലത്തില്‍ നിന്നുമാണ് മത്സരിക്കാനൊരുങ്ങുന്നത്.ആകെ തെരഞ്ഞെടുപ്പ് നടക്കുന്ന 117 സീറ്റുകളില്‍ 86 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

മറ്റു സ്ഥാനാര്‍ത്ഥികളെ ഉടന്‍ തന്നെ പ്രഖ്യാപിക്കുമെന്നും കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.ഫെബ്രുവരി 14ന് ഒറ്റഘട്ടമായാണ് പഞ്ചാബില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.നിലവില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന 5 സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ഏക സംസ്ഥാനമാണ് പഞ്ചാബ്. അതുകൊണ്ടുതന്നെ പഞ്ചാബില്‍ ഭരണം നിലനിലനിര്‍ത്തിയും മറ്റു സംസ്ഥാനങ്ങളില്‍ നിര്‍ണായകശക്തിയായി ദേശീയ രാഷ്ട്രീയത്തില്‍ തങ്ങളുടെ അസ്ഥിത്വം ഉറപ്പുവരുത്താനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്.

പഞ്ചാബ് മുന്‍മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പാര്‍ട്ടി വിട്ടതിന് പിന്നാലെ നടക്കുന്ന തെരഞ്ഞെടുപ്പ് എന്ന നിലയിലും അടുത്തമാസം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് പ്രസക്തമാണ്. കോണ്‍ഗ്രസ് വിട്ടതിന് ശേഷം അമരീന്ദര്‍ പുതിയ പാര്‍ട്ടിയുണ്ടാക്കി ബി.ജെ.പിയുമായി സഖ്യവുമുണ്ടാക്കിയതോടെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പ്രതിച്ഛായയുടെ കൂടി വിഷയമായി മാറിയിരിക്കുകയാണ്.

അതേസമയം, മുഴുവന്‍ സീറ്റുകളിലും മത്സരിച്ച് പഞ്ചാബില്‍ നിര്‍ണായക ശക്തിയാവാനാണ് ആം ആദ്മി പാര്‍ട്ടി ഒരുങ്ങുന്നത്. ഒരു പാര്‍ട്ടിയുമായും സഖ്യമുണ്ടാക്കാതെ എല്ലാ മണ്ഡലത്തിലും ഒറ്റയ്ക്ക് മത്സരിക്കാനാണ് ആം ആദ്മി പാര്‍ട്ടിയുടെ തീരുമാനം.

Eng­lish Summary:Seat not pro­vid­ed; Pun­jab Chief Min­is­ter Chan­ni’s broth­er pre­pares to con­test against Congress

You may also like this video:

Exit mobile version