ഇതുവരെ
ഞാനെഴുതിവച്ച കവിതകളൊക്കെയും
വെറുതെ
നോവിന്റെ കനലാഴങ്ങളിലേക്ക്
കാൽവഴുതിവീണു പിടയുന്ന കാലത്തും
ഇടറുന്ന ഈണങ്ങളെന്നെ തഴുകുന്ന നേരത്തും
പ്രതീക്ഷകൾ പറന്നകലുന്ന സന്ധ്യകളിൽ
പുലരാൻ മടിക്കുന്ന രാവുകളിൽ
ഇരുളിൽ വിതുമ്പിയ മൗനങ്ങളിൽ
എന്നോ വരാനുള്ളൊരു മഴയിൽ
മുങ്ങിമരിക്കാൻ മാത്രമായ്
കടലാസുതോണികൾ പോലെ ഞാൻ
ഇതുവരെയെഴുതിവച്ച
കവിതകളൊക്കെയും
വെറുതെ…
ഇത് ‘വെറുതെ’ എന്ന സേബ സലാമിന്റെ കവിതയാണ്. ഈ കവിതയിൽ സ്വന്തം ജീവിതം വരച്ചിടുകയാണ് കവി. അപൂർവ രോഗം ശരീരത്തെ തളർത്തി വീൽചെയറിൽ തളച്ചിട്ടപ്പോഴും രോഗത്തെ പൊരുതി തോൽപ്പിക്കാനാണ് സേബക്കിഷ്ടം. പഠിച്ചും വരച്ചും എഴുതിയും അവൾ കീഴടക്കിയത് ഒരുപാട് ഉയരങ്ങളാണ്. എന്നിട്ടും, വൈദ്യശാസ്ത്രം അവൾക്ക് മുന്നിൽ നിശബ്ദയായി… പരാശ്രയമില്ലാതെ ജീവിക്കാനാകില്ലെന്ന സത്യത്തിനിടയിലും സ്വപ്നങ്ങളും പ്രതീക്ഷകളും കൊണ്ട് ഈ കൊച്ചു കലാകാരി നെയ്തെടുത്തത് ജീവിതത്തിന്റെ വർണക്കൂട്ടുകളാണ്. തളരാത്ത ആത്മധൈര്യത്തിന്റെ ചിറകിലേറിയാണ് സേബ സലാമിന്റെ യാത്രകൾ. ഒരു ലക്ഷത്തിൽ ഒരാൾക്ക് വരാവുന്ന അപൂർവ രോഗമായ സ്പൈനൽ മസ്കുലാർ അട്രോഫി (എസ്എംഎ) രോഗബാധിതയാണിവൾ. ശ്വസന സഹായി, ഓക്സിജൻ സഹായി എന്നിവയുടെ സഹായത്തോടെ ജീവിക്കുമ്പോഴും പരിമിതികളെയെല്ലാം മറികടന്ന് ചെറുപുഞ്ചിരിയോടെ ലോകത്തെ ഉറ്റുനോക്കുന്ന ഈ പെൺകുട്ടിയുടെ ജീവിതം സമൂഹത്തിന് പ്രചോദനമാണ്.
ജീവിതത്തിനും മരണത്തിനും ഇടയിലുള്ള നൂൽപ്പാലത്തിലൂടെ ജീവിതത്തിലേക്ക് നീന്തി തുടിക്കുമ്പോഴും വിരൽപ്പഴുതിലൂടെ ആകാശം കാണുകയാണ് അവള്‍. സ്പൈനൽ കോഡിന്റെ പ്രവർത്തനം ശരിയായി നടക്കാത്തതിനാൽ പേശികൾക്ക് ബലക്ഷയം സംഭവിക്കുന്നു. സ്പൈനൽ മസ്കുലാർ അട്രോഫി എന്ന് വിളിച്ച് ജനിതക രോഗങ്ങളുടെ പട്ടികയിൽ പെടുത്തി ആശയറ്റ നിർഭാഗ്യവാന്മാർക്കിടയിൽ ഒരു പേരു മാത്രമാകുന്നവൾ. പേശീതളർച്ച സാവകാശമാണ്. തലച്ചോർ ഉണർന്നു പ്രവർത്തിക്കുന്നു. ശരീരത്തിന്റെ ചലനം തീരെ അസാധ്യമാവുകയും ചെയ്യുന്നു. അതിനിടയിലും അസാധാരണമായ ബുദ്ധിശക്തിയും ഓർമശക്തിയും സേബയ്ക്ക് കൈമുതലാണ്.
അബ്ദുൾ സലാമിന്റെയും സാബിറയുടെയും രണ്ടാമത്തെ കുട്ടിയായി 1999 മാർച്ച് 16 നാണ് സേബയുടെ ജനനം. പാനായിക്കുളത്താണ് വർഷങ്ങളായി താമസം. മൂത്തയാൾ മകൻ സേജൽ ഷാ. ആലുവ അൻവർ മെമ്മോറിയൽ ആശുപത്രിയിൽ അവൾക്ക് ജന്മം കൊടുക്കുമ്പോൾ ഉമ്മയായ സാബിറയ്ക്ക് ആദ്യ പ്രസവത്തിൽ അനുഭവിച്ച യാതനകളൊന്നുമില്ലായിരുന്നു. ഒരു സാധാരണ പ്രസവം. സേബയുടെ ഇടയ്ക്കിടെയുള്ള നിർത്താത്ത കരച്ചിൽ ആ മാതാവിനെ ഏറെ വിഷമത്തിലാക്കി. ശരീര ചലനങ്ങൾ സാവധാനത്തിലായിരുന്നു. ആറു മാസമാകുമ്പോഴേക്കും കുട്ടികൾ സാധാരണ തനിയെ എഴുന്നേറ്റിരിക്കേണ്ടതാണ്. ഇവൾക്ക് അതിനാവുന്നില്ല. പിന്നെ ഒരു വയസായിട്ടും എഴുന്നേറ്റു നിൽക്കാനും ആ കുഞ്ഞിനാകുന്നില്ല. വീട്ടുകാർക്ക് പരിഭ്രമമായി. പലരോടും തിരക്കി. എഴുന്നേൽപ്പിച്ച് ഇരുത്തിയാലും തനിയെ ഇരിക്കാൻ പറ്റുന്നില്ല. വേദന കൊണ്ട് കരയുന്നു. വിവിധ ആശുപത്രികളിൽ ചികിത്സതേടി. ആശുപത്രികളിലെ ഡോക്ടർമാർ പറഞ്ഞു; ഈ രോഗത്തിന് ചികിത്സയില്ല. എന്ത് പരീക്ഷണം, അവളുടെ മാതാവിന് സങ്കടം സഹിക്കവയ്യാതായി. പിന്നെ ആയുർവേദ ആശുപത്രികളിലും ഹോമിയോ വിദഗ്ധരെയും സമീപിച്ചു. പേശികളുടെ ബലം വർദ്ധിപ്പിക്കാൻ ഫിസിയോ തെറാപ്പി ചെയ്തു. പ്രതിരോധ ശേഷി നിലനിർത്താനുള്ള മരുന്നുകളും തുടരെ നൽകിക്കൊണ്ടിരുന്നു ആലുവക്കടുത്ത് കയന്റിക്കരയിലായിരുന്നു ഇവർ താമസിച്ചിരുന്നത്. തൊട്ടടുത്ത് സ്കൂൾ ഇല്ലാതിരുന്നതിനാലും കുട്ടിയുടെ കഴിവും കണക്കിലെടുത്ത് സേബയുടെ പഠനത്തിനുള്ള സൗകര്യാർത്ഥം ഇവർ താമസം പാനായിക്കുളത്തേക്ക് മാറ്റുകയായിരുന്നു. അൽ ഹുദ പബ്ലിക് സ്കൂളിൽ ചേർത്ത സേബ പഠനത്തിൽ മിടുക്കിയായിരുന്നു. സാഹിത്യ‑കലാ മത്സരങ്ങളിലെല്ലാം സമ്മാനങ്ങൾ നേടി. അസാമാന്യ ബുദ്ധിശക്തി ഉണ്ടായിരുന്നതിനാൽ എ പ്ലസ് മാർക്കോടെയാണ് പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് സിബിഎസ്ഇ ബോർഡ് പരീക്ഷകൾ ഇവൾ പാസായത്. അധ്യാപകർക്ക് പ്രീയപ്പെട്ടവൾ ആയിരുന്നു. ആരോഗ്യപരമായ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം അവർ ഒപ്പം നിന്ന് പ്രോത്സാഹിപ്പിച്ചും സഹായിച്ചും അവൾക്ക് ആശ്വാസം പകർന്നു.
2017‑ൽ ആലുവ സെന്റ് സേവ്യേഴ്സ് കോളേജിൽ ബിരുദ പഠനത്തിന് ചേർന്നെങ്കിലും രോഗം മൂർച്ഛിച്ചതിനാൽ പഠനം തുടരാനായില്ലെന്ന് സേബ പറയുന്നു. സ്കൂളിൽ പഠിക്കുന്ന സന്ദർഭത്തിൽ അവധിക്കാലത്ത് ഒരു പുസ്തകം എഴുതി പ്രസിദ്ധീകരിക്കണമെന്ന് സേബക്കും അമ്മായിയുടെ മകൾ ആലിയക്കും ആഗ്രഹമുണ്ടായി. അങ്ങനെ ചില കുത്തികുറിക്കലുകൾ നടത്തി. പഠനത്തോടൊപ്പം സംഗീതത്തിലും പ്രസംഗത്തിലും ചിത്രരചനയിലും കഴിവ് തെളിയിച്ചു. 2017 ൽ വീൽ ചെയറിൽ നിന്നും കിടപ്പ് രോഗിയായതോടെ എഴുത്തിലേക്ക് ശ്രദ്ധ തിരിച്ചു. 2018 — ലാണ് സേബ ഒരു ഫെയ്സ് ബുക്ക് അക്കൗണ്ട് തുറന്നത്. ചെറുകവിതകളും ഓർമ്മക്കുറിപ്പുകളും ചിത്രങ്ങളുമായി എഫ്ബിയിലും ബ്ലോഗിലും അവൾ സജീവമായി. ധാരാളം സുഹൃത്തുക്കളെ അവൾക്ക് കിട്ടി. സമാന രോഗാവസ്ഥയിലുള്ളവരുടെ പ്രശ്നങ്ങളിൽ ഇടപെടാൻ സാധിച്ചു. ഓൺലൈൻ മത്സരങ്ങളിൽ പങ്കെടുത്തു, സമ്മാനങ്ങളും ലഭിച്ചു. ആശുപത്രി കിടക്കയിൽ കിടക്കുന്ന സന്ദർഭത്തിൽ റെസ്പിറേറ്ററി തെറാപ്പിസ്റ്റ് അവളോട് ചോദിച്ചു, ഹൃദയത്തിന്റെ ശബ്ദം കേൾക്കണോ? കണ്ണുകളിൽ ആകാംഷ. പുഞ്ചിരിച്ചുകൊണ്ട് അവൾ തലയാട്ടി. അവളുടെ ചെവിയിലേക്ക് സ്റ്റെതസ്കോപ്പിന്റെ മറുഭാഗം അടുപ്പിച്ചു പിടിച്ചു. അതേപ്പറ്റി സേബ കുറിച്ചു; ‘കേൾക്കുന്നുണ്ട്, ഹൃദയത്തിന്റെ താളം, പക്ഷേ, അല്പം വേഗം കൂടിയോ? ഒരു പക്ഷെ, കടന്നുപോയ വഴികളിലെങ്ങോട്ടോ വീണ്ടും തിരികെയെത്താൻ വെമ്പുന്ന പോലെ…’
ഇത്തരത്തിൽ അവൾ കണ്ടതും അനുഭവിച്ചതും നേരിട്ടതുമായ സംഭവങ്ങളാണ് ഓർമ്മക്കുറിപ്പുകളായി എഴുതിയിരുന്നത്. 2019‑ൽ കോവിഡ് മഹാമാരിയും പിടിപെട്ടു. ഒരുപാട് മോശമായ അവസ്ഥയെയും അതിജീവിച്ചാണ് സേബ മുന്നോട്ടു പോകുന്നത്. ട്രക്കിയോസ്റ്റമി ചെയ്തതിന് ശേഷം ഏറ്റവും കൂടുതൽ അനുഭവിച്ചിട്ടുള്ള വികാരം എന്നത് നിസ്സഹായതയാണ്. ഇതാണ് സേബയുടെ നൊമ്പരം. മറ്റുള്ളവരുടെ സഹായമില്ലാതെ ഒന്നും ചെയ്യാൻ കഴിയാത്ത സ്ഥിതി. എഴുന്നേറ്റിരിക്കാനും വരയ്ക്കുന്നതിന് പെയിന്റ് എടുത്തുവെച്ച് കൊടുക്കുന്നതിനും ബ്രഷിലെ പിടി അറിയാതെ വിട്ടുപോകുമ്പോൾ അതെ തിരികെ കയ്യിൽ എടുത്തുവെച്ചു കൊടുക്കാനും ശാരീരിക പരിമിതികൾ ഇല്ലാത്ത മറ്റൊരാളുടെ സാന്നിധ്യം ഇപ്പോഴും അടുത്തുവേണം. എന്നിട്ടും, “ഇപ്പൊ വരക്കാറും,പാട്ട് പാടാറുമൊന്നും ഇല്ലേ?” ഇത്തരത്തിൽ പരിതാപത്തോടെയുള്ള അർത്ഥസൂന്യമായ ചോദ്യങ്ങളും “സേബക്ക് എന്ത് സുഖമാണ്, വെറുതെ കിടന്നാൽ മതിയല്ലോ, എന്ത് ചെയ്യണമെങ്കിലും മറ്റുള്ളവർ ചെയ്തു തരില്ലേ” എന്ന തമാശകളിലേ അപമാനങ്ങളും ഇവൾ ഏറെ സഹിച്ചിട്ടുണ്ട്.
തനിക്ക് സഹായങ്ങൾ നൽകിയിട്ടുള്ള ഡോക്ടേഴ്സ്, നഴ്സുമാർ, ആശുപത്രി ജീവനക്കാർ, ബന്ധുമിത്രാദികൾ, സുഹൃത്തുക്കൾ, സ്കൂൾ അധികൃതർ, വീട്ടുകാർ, അങ്ങനെ എല്ലാവരെയും നന്ദിയോടെയാണ് സേബയുടെ ഓർമ്മകളിൽ നിറയുന്നത്. താൻ കണ്ടതും കേട്ടതും കണ്ടിട്ടില്ലാത്തതുമായ പലതുമാണ് സേബയുടെ ചിത്രങ്ങൾ. അതിൽ പ്രകൃതി ദൃശ്യങ്ങളുണ്ട്, മൃഗങ്ങളുണ്ട്, പൂക്കളുണ്ട്, സ്വപ്നങ്ങളുമുണ്ട്. സേബയുടെ ഓർമ്മക്കുറിപ്പുകളും കവിതകളും ചിത്രങ്ങളും സമാഹാരമാക്കി വി കെ ഷാഹിന എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച ‘വിരൽപ്പഴുതിലെ ആകാശങ്ങൾ’ എന്ന പുസ്തകത്തിന്റെ പ്രകാശനം കഴിഞ്ഞ ചൊവ്വാഴ്ച എറണാകുളം പ്രസ്സ് ക്ലബ് ഹാളിൽ മന്ത്രി പി രാജീവ് പ്രകാശനം ചെയ്തു. ശ്വസിക്കാൻ വരെ പരസഹായം വേണ്ടി വരുന്ന ഒരാളുടെ ദൈന്യം വിളമ്പലല്ല സേബയുടെ വാക്കുകളിൽ നിറയുന്നത്, ജീവിതം തരാൻ മടിക്കുന്നതൊക്കെയും ജീവിച്ചു ജീവിതത്തോട് നേടാൻ കൊതിക്കുന്ന അജയ്യമായ ഇച്ഛാശക്തിയാണ്.