Site iconSite icon Janayugom Online

മാധബി ബുച്ചിന്റെ സ്വത്ത് വിവരങ്ങള്‍ മറച്ച് സെബി

buchebuche

ഏറെ വിവാദമായ സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളില്‍ അധ്യക്ഷ മാധബി ബുച്ചിന് സംരക്ഷണം തീര്‍ത്ത് സെക്യൂരിറ്റീസ് ആന്റ് എക‍്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി). മാധബി പുരി ബുച്ചിന്റെ സ്വത്ത് വിവരങ്ങളും മറ്റ് വിശദാംശങ്ങളും വിവരാവകാശ നിയമപ്രകാരം പുറത്തുവിടാന്‍ സെബി തയ്യാറായില്ല. അധ്യക്ഷയുടെ പലവിധ താല്പര്യങ്ങള്‍ സംബന്ധിച്ച് വിവരാവകാശം വഴിയുള്ള ചോദ്യത്തില്‍ സെബി മലക്കംമറിഞ്ഞു.

ആവശ്യപ്പെട്ട വിവരങ്ങള്‍ എളുപ്പം ലഭ്യമല്ലെന്നും അവ സമാഹരിക്കുന്നത് സ്ഥാപനത്തിന്റെ വിഭവശേഷി വഴിതിരിച്ചുവിടുന്നതിലേക്ക് നയിക്കുമെന്നുമാണ് വിവരാവകാശ നിയമപ്രകാരം സെബിയുടെ മറുപടി. അഡാനി ഗ്രൂപ്പ് നടത്തിയ രണ്ട് വിദേശനിക്ഷേപങ്ങളിലും മാധബി ബുച്ചിനും ഭര്‍ത്താവ് ധവാല്‍ ബുച്ചിനും ഓഹരി പങ്കാളിത്തമുണ്ടെന്ന് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ആരോപിച്ചിരുന്നു.

മാധബി ബുച്ചും അവരുടെ കുടുംബാംഗങ്ങളും സെബി ബോര്‍ഡിനും കേന്ദ്രസര്‍ക്കാരിനും നല്‍കിയ സാമ്പത്തിക ആസ്തികളുടെയും ഓഹരികളുടെയും പൂര്‍ണ വിശദാംശങ്ങളും ചെയര്‍പേഴ‍്സണ്‍ അന്വേഷണത്തില്‍ നിന്നും സ്വയം ഒഴിഞ്ഞുമാറിയത് സംബന്ധിച്ച കാര്യങ്ങളുടെ വിശദാംശങ്ങളും വിവരാവകാശ പ്രവര്‍ത്തകനായ ലോകേഷ് ബത്രയാണ് ആരാഞ്ഞത്. അത്തരം വിവരങ്ങളൊന്നും എളുപ്പത്തില്‍ ലഭിക്കില്ലെന്ന് പറയുന്ന മറുപടിയില്‍ സെബി അധികൃതര്‍ ഒപ്പ് പോലും രേഖപ്പെടുത്തിയിട്ടില്ല.

സെബി ചെയര്‍പേഴ‍്സന്റെ വ്യക്തിപരമായ കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത് സ്വകാര്യതയിലേക്ക് അനാവശ്യമായി കടന്നുകയറുന്നതിന് കാരണമാവുകയും അവരുടെ ജീവനോ അല്ലെങ്കില്‍ സുരക്ഷയോ അപകടത്തിലാക്കുകയും ചെയ്യും. 2005ലെ വിവരാവകാശ നിയമം സെക്ഷന്‍ 8(1)(ജി), 8(1) (ജെ) എന്നിവ അനുസരിച്ച് വ്യക്തികളുടെ സ്വകാര്യവിവരങ്ങള്‍ നല്‍കുന്നത് ഒഴിവാക്കുന്നെന്നും സെബിയുടെ മറുപടിയില്‍ പറയുന്നു.

2022ല്‍ സെബി അംഗമാകുന്നതിന് രണ്ടാഴ്ച മുമ്പ് വരെ, സിംഗപ്പൂര്‍ ആസ്ഥാനമായ അഗോറ പാര്‍ട്ണേഴ‍്സ് എന്ന കണ്‍സള്‍ട്ടണ്‍സി കമ്പനിയുടെ 100 ശതമാനം ഓഹരിയും മാധബിയുടെ പേരിലായിരുന്നെന്ന് കഴിഞ്ഞ മാസം 10ന് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് ചെയ‍്തിരുന്നു. സെബിയില്‍ മുഴുവന്‍ സമയ അംഗമായത് 2017ലാണ്. അതിനുമുമ്പ് മാധബി ബുച്ച് അഗോറ അഡ്വൈസറിയും അഗോറ പാര്‍ട്ണേഴ‍്സും സ്ഥാപിച്ചെന്നും ഹിന്‍ഡന്‍ബര്‍ഗ് രേഖകള്‍ പറയുന്നു. എന്നാലിതൊന്നും പുറത്തുവിടാന്‍ സെബി അധികൃതര്‍ തയ്യാറായിട്ടില്ല.

അതിനിടെ മാധബി പുരി ബുച്ചിനെതിരെ നല്‍കിയ പരാതിയില്‍ അന്വേഷണം തുടരാനാകില്ലെന്ന് ലോക്പാല്‍ പരാതിക്കാരെ നിലപാടറിയിച്ചു. ഹിൻഡൻബര്‍ഗ് റിസര്‍ച്ചിന്റെ പശ്ചാത്തലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയാണ് പരാതി നല്‍കിയിരുന്നത്. ആരോപണങ്ങള്‍ സത്യവാങ്മൂലമായി ഫയല്‍ ചെയ്യാനും പരാതിക്കാരോട് നിര്‍ദേശിച്ചു.

Exit mobile version