Site iconSite icon Janayugom Online

അഡാനി ക്രമക്കേട് അന്വേഷണം കടുപ്പിച്ച് സെബി

അഡാനി ഗ്രൂപ്പിനെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ അന്വേഷണം ശക്തമാക്കി സെക്യൂരിറ്റി എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി). അഡാനി ഗ്രൂപ്പിന്റെ വായ്പകളെ കുറിച്ച്‌ ക്രെഡിറ്റ് റേറ്റിങ് ഏജന്‍സികളോട് സെബി വിവരം തേടി.
കമ്പനികളുടെ നിലവിലുള്ള റേറ്റിങ്, ഭാവിയിലുള്ള ക്രെഡിറ്റ് റേറ്റിങ്, മറ്റ് വിവരങ്ങള്‍ എന്നിവയാണ് സെബി ആരാഞ്ഞത്. ഓഹരി വില ഇടിഞ്ഞത് അഡാനി കമ്പനികളുടെ വായ്പകളെ ഏത് രീതിയില്‍ ബാധിക്കുമെന്നതും സെബി പരിശോധിക്കുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ ഓഹരി വിപണിയില്‍ അഡാനിക്ക് വീണ്ടും തിരിച്ചടി നേരിട്ടു. ഇന്നലെ മാത്രം 40,000 കോടിയുടെ മൂല്യം അഡാനി കമ്പനികള്‍ക്ക് നഷ്ടമായി. ‌‌മുൻനിര കമ്പനിയായ അഡാനി എന്റർപ്രൈസസ് 8.5 ശതമാനത്തോളം ഇടിഞ്ഞപ്പോൾ അഡാനി പോർട്ട്സ്, സെസ് 3.8 ശതമാനം താഴേക്ക് പോയി. അഞ്ച് അഡാനി കമ്പനികൾ ഇന്നലെയും ലോവർ സർക്യൂട്ടിലെത്തി. 

ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച്‌ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് ശേഷം കനത്ത നഷ്ടമാണ് അഡാനി ഗ്രൂപ്പിന്റെ പത്ത് കമ്പനികള്‍ക്ക് ഉണ്ടായിരിക്കുന്നത്. ഓഹരി വില 21.7 ശതമാനം മുതല്‍ 77.47 ശതമാനം വരെ ഇടിഞ്ഞു. ആകെ 13 ലക്ഷം കോടിയുടെ നഷ്ടം കമ്പനി ഇതുവരെ നേരിട്ടിട്ടുണ്ട്.
ശതകോടീശ്വരന്മരുടെ പട്ടികയിലും ഗൗതം അഡാനി അനുദിനം താഴേക്കു പതിക്കുകയാണ്. ബ്ലൂംബെർഗ് കണക്കുകൾ പ്രകാരം അഡാനിയുടെ ആസ്‌തി ഇന്നലെ 46.1 ബില്യൺ ഡോളറായി കുറഞ്ഞു. ഒരു മാസം മുമ്പ് വരെ പട്ടികയിൽ മൂന്നാം സ്ഥാനത്തായിരുന്ന അഡാനി നിലവില്‍ 27-ാം സ്ഥാനത്താണ്.
ഇന്ത്യന്‍ ഓഹരിവിപണിയില്‍ മൂല്യമേറിയ 25 കമ്പനികളുടെ പട്ടികയില്‍ നിന്നും അഡാനി പുറത്തായിട്ടുണ്ട്. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്ന ജനുവരി 24ന് അഡാനി ഗ്രൂപ്പിന്റെ ലിസ്‌റ്റു ചെയ്‌ത 10 കമ്പനികളുടെ വിപണി മൂലധനം 19 ലക്ഷം കോടിയിലധികമായിരുന്നു, ഇത് 8.2 ലക്ഷം കോടി രൂപയായി ചുരുങ്ങി. 

Eng­lish Sum­ma­ry: SEBI tight­ens probe into Adani irregularities

You may also like this video

Exit mobile version