Site iconSite icon Janayugom Online

അഡാനിയുടെ നിഴല്‍ കമ്പനികള്‍ക്ക് പിഴ ചുമത്താന്‍ സെബി

മൗറീഷ്യസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രണ്ട് അഡാനി കമ്പനികള്‍ക്കെതിരെ പിഴ ചുമത്തുമെന്ന് സെക്യൂരീറ്റീസ് ആന്റ് എക്സേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി). അഡാനി ഓഹരികള്‍ കൈവശം വച്ചിരിക്കുന്ന രണ്ട് ഓഫ്ഷോര്‍ കമ്പനികള്‍ക്കെതിരെയാണ് സെബിയുടെ നടപടി. മൗറീഷ്യസ് കമ്പനികളായ എലാറ ഫണ്ട്സ്, എലാറ ഇന്ത്യ ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ട് ആന്റ് വെസ്പേര ഫണ്ട് എന്നീ കമ്പനികളുടെ ഓഹരി ഉടമകളെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറാത്തതിനാലാണ് നടപടിയെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. 2023 മുതല്‍ ഓഹരിയുമകളു‍ടെ വിവരം സെബിക്ക് കൈമാറന്‍ അഡാനി കമ്പനിക്ക് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ കമ്പനി ഇത് പാലിച്ചില്ല. ലിസ്റ്റഡ് കമ്പനികളുടെ ഓഹരികളില്‍ കുറഞ്ഞത് 25 ശതമാനമെങ്കിലും പൊതു ഓഹരി ഉടമകള്‍ കൈവശം വയ്ക്കണമെന്നാണ് നിയമം. അഡാനി കമ്പനി കൈവശം വച്ചിരിക്കുന്ന ഓഫ്ഷോര്‍ കമ്പനിയുടെ ഫണ്ടുകള്‍ മാതൃകമ്പനിയുമായി ബന്ധപ്പെട്ടതിനാല്‍ അഡാനി ഗ്രൂപ്പ് സെബി നിയമം ലംഘിച്ചുവെന്ന് നേരത്തെ ഹിന്‍ഡന്‍‍ബര്‍ഗ് റിസര്‍ച്ച് ആരോപിച്ചിരുന്നു. 

രണ്ട് വര്‍ഷമായി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ഓഹരി ഉടമകളുടെ വിവരങ്ങള്‍ സെബിയുമായി പങ്കിട്ടില്ലാത്തിനാല്‍ കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കുന്നതിന് പുറമെ പിഴയും ചുമത്തും. എന്നാല്‍ സെബി നോട്ടീസ് സംബന്ധിച്ച് അഡാനി ഗ്രൂപ്പും മൗറിഷ്യസ് കമ്പനികളും സെബിയും ഇതുവരെ ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല. നികുതി വെട്ടിപ്പ് കേസില്‍ അഡാനി ഗ്രൂപ്പിന്റെ 13 കമ്പനികള്‍ സെബി അന്വേഷണം നേരിടുന്നതായി 2023ല്‍ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിദേശ നിക്ഷേപം സംബന്ധിച്ച വിവരങ്ങളും സെബിക്ക് അഡാനി കമ്പനി നല്‍കിയിട്ടില്ല. നോട്ടീസിന് മറുപടി നല്‍കുന്നതിലും വീഴ്ച വരുത്തി. ഈ കാലതാമസം അഡാനി ഗ്രൂപ്പിന്റെ അന്വേഷണത്തിന് തടസം സൃഷ്ടിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

കഴിഞ്ഞ വര്‍ഷം സൗരോര്‍ജ വൈദ്യുതി വിതരണത്തിന് അമേരിക്കന്‍ കമ്പനികള്‍ക്കും ഇന്ത്യയിലെ ചില സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും 2,200 കോടി രൂപ കൈക്കൂലി നല്‍കിയെന്ന് കേസില്‍ അമേരിക്കാന്‍ നീതിന്യായ കോടതി ഗൗതം അഡാനിക്കും അനന്തരവനുമെതിരെ കേസെടുത്തിരുന്നു. നേരത്തെ സെബി അധ്യക്ഷയായിരുന്ന മാധബി പുരി ബുച്ചും ഭര്‍ത്താവും അഡാനി കമ്പനിയില്‍ നിന്നും പ്രതിഫലം കൈപ്പറ്റിയെന്ന് ഹിന്‍ഡബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തത് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു.

Exit mobile version