Site iconSite icon Janayugom Online

രണ്ടാം100 ദിനം; 20,808 വീട് ; പൂർത്തിയായ ലൈഫ്‌ വീടിന്റെ താക്കോൽദാനം 17ന്‌

സംസ്ഥാന സർക്കാരിന്റെ രണ്ടാം നൂറുദിന കർമപരിപാടിയുടെ ഭാ​ഗമായി പൂർത്തിയാക്കിയ 20,808 ലൈഫ്‌ വീടുകളുടെ താക്കോൽ ദാനത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ 17ന് നിർവഹിക്കും. വൈകിട്ട്‌ നാലിന്‌ തിരുവനന്തപുരം കഠിനംകുളം പഞ്ചായത്തിലെ 16–-ാം വാർഡിലെ അമീറൂദ്ദീൻ, ഐഷാ ബീവി ദമ്പതികളുടെ വീടിന്റെ താക്കോൽദാനം വീട്ടിലെത്തി മുഖ്യമന്ത്രി നിർവഹിക്കും.

ഇതേസമയത്ത് മറ്റിടങ്ങളിലെ താക്കോൽദാനം അവിടത്തെ ജനപ്രതിനിധികൾ നിർവഹിക്കുമെന്ന്‌ തദ്ദേശമന്ത്രി എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എൽഡിഎഫ്‌ സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായ രണ്ടാം നൂറുദിന കർമപരിപാടിയിൽ 20,000 വീട്‌ പൂർത്തീകരിക്കാനാണ്‌ ലക്ഷ്യമിട്ടിരുന്നത്‌. നിശ്ചിത സമയത്തിനകം 808 വീട്‌ അധികമായി നിർമിച്ചു. രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ നൂറുദിന കർമപരിപാടിയിൽ 12,000 ഭവനം പൂർത്തിയാക്കി താക്കോൽ കൈമാറിയിരുന്നു. ലൈഫ്‌ പദ്ധതിയിൽ ഇതുവരെ 2,95,006 വീടുകളിൽ കുടുംബങ്ങൾ താമസം ആരംഭിച്ചു.

നിലവിൽ 34,374 വീട്‌ നിർമാണത്തിലാണ്. 27 ഭവനസമുച്ചയത്തിന്റെ നിർമാണവും പുരോഗമിക്കുന്നു. ഇവയിൽ നാലെണ്ണം ജൂണിൽ പൂർത്തിയാകും. ഭൂരഹിതരും ഭവനരഹിതരുമായവർക്ക് വീട് നിർമിക്കുന്നതിനായുള്ള ‘മനസ്സോടിത്തിരി മണ്ണ്‌’ പദ്ധതി ഊർജിതമാക്കാൻ മന്ത്രി എം വി ഗോവിന്ദന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു.

ഇതിനകം 1712. 56 സെന്റ്‌ ലഭിച്ചു. 35 തദ്ദേശസ്ഥാപനത്തിലായി 41 ഇടത്താണ്‌ ഭൂമി ലഭിച്ചത്‌. 1000 പേർക്ക്‌ ഭൂമി നൽകാനായി 25 കോടി രൂപയുടെ സ്‌പോൺസർഷിപ്പും ലഭിച്ചിട്ടുണ്ടെന്നും മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു.

Eng­lish Summary:Second 100 days; 20,808 hous­es; Hand­ing over the keys to the com­plet­ed Life home on the 17th

You may also like this video:

Exit mobile version