Site iconSite icon Janayugom Online

രണ്ടാമൂഴം ഇന്ത്യക്കും പന്തിനും; ടി20 പരമ്പരയില്‍ ദക്ഷിണാഫ്രിക്ക മുന്നില്‍

ആദ്യ ടി20യിലെ തോല്‍വിയുടെ ക്ഷീണം മാറ്റാന്‍ ഇന്ത്യ ഇന്നിറങ്ങും. ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടി20 മത്സരം ഇന്ന് രാത്രി ഏഴിന് നടക്കും. ആദ്യ മത്സരത്തില്‍ ഇന്ത്യ 211 റണ്‍സെടുത്തിട്ടും മൂന്ന് വിക്കറ്റുകള്‍ മാത്രം നഷ്ടമാക്കി ദക്ഷിണാഫ്രിക്ക ലക്ഷ്യത്തിലെത്തിയിരുന്നു. രോഹിത് ശര്‍മയുടെയും കെ എല്‍ രാഹുലിന്റെയും അഭാവത്തില്‍ ദേശീയ ടീമിനെ ആദ്യമായി നയിച്ച റിഷഭ് പന്തിനും രണ്ടാം മത്സരം വെല്ലുവിളിയാണ്. 

ഭുവനേശ്വര്‍ കുമാറാണ് പേസ് ബൗളിങ്ങിലെ പരിചയസമ്പന്നന്‍. എന്നാല്‍ ആദ്യ മത്സരത്തില്‍ തന്നെ താരം 43 റണ്‍സ് വിട്ടുകൊടുത്തു. ആവേഷ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ക്കും റണ്‍ വിട്ടുകൊടുക്കുന്നതില്‍ പിശുക്ക് കാണിക്കാനായില്ല. സ്പിന്നര്‍മാരില്‍ അക്ഷര്‍ പട്ടേല്‍, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവര്‍ ധാരാളിത്തം കാണിച്ചു. ഒരു ഓവറില്‍ 18 റണ്‍സ് വിട്ടുകൊടുത്ത ഹാര്‍ദിക് പാണ്ഡ്യക്കും കാര്യങ്ങള്‍ നിയന്ത്രിക്കാനായില്ല. എന്നാല്‍ ഈ ബൗളിങ് നിരയെ ഇന്ത്യ മാറ്റിയേക്കില്ല. 

അര്‍ഷദീപ് സിങ്ങിനും ഉമ്രാന്‍ മാലിക്കിനും അരങ്ങേറ്റം നടത്താന്‍ കാത്തിരിക്കേണ്ടി വരും. ഇന്ത്യന്‍ കാണികള്‍ക്കു മുന്നില്‍ ആദ്യ മത്സരത്തില്‍ വിജയിച്ചത് സന്ദര്‍ശകരായ ദക്ഷിണാഫ്രിക്കയ്ക്ക് നല്‍കുന്ന ആത്മവിശ്വാസം ചെറുതൊന്നുമല്ല. ഡേവിഡ് മില്ലറുടേയും വാന്‍ഡര്‍ ഡുസന്റെയും തകര്‍പ്പന്‍ ബാറ്റിങ്ങാണ് ദക്ഷിണാഫ്രിക്കയ്ക്ക് കരുത്തായത്. അതുകൊണ്ട് തന്നെ രണ്ടാം മത്സരത്തില്‍ ഇവരെ പുറത്താക്കാന്‍ വേണ്ടിയിട്ടാകും ഇന്ത്യന്‍ ബൗളര്‍മാര്‍ ശ്രമിക്കുക. 

Eng­lish Summary:Second innings for India and for rishabh pant
You may also like this video

Exit mobile version