മോഡി സര്‍ക്കാരിന്റെ രണ്ടാം ഘട്ടം മൂന്ന് പതിറ്റാണ്ടുകൾക്കിടയിലെ ഏറ്റവും താഴ്ന്ന വളർച്ചാ കാലഘട്ടങ്ങളിലൊന്നാണെന്ന് മുന്‍ ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗ്. മോഡി സർക്കാരിന്റെ ആദ്യ കാലത്ത് ധനമന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥനായിരുന്ന ഗാർഗ്, 2017 ജൂലൈ മുതൽ 2019 ജൂലൈ വരെ സാമ്പത്തിക കാര്യ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിരുന്നു. ഭരണത്തിന്റെ അവസാന മാസങ്ങളിൽ അദ്ദേഹം ധനകാര്യ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.
ഈ സാമ്പത്തിക വര്‍ഷത്തെ മുന്‍കൂര്‍ വിലയിരുത്തലുകള്‍ കുറച്ച് ശുഭാപ്തി വിശ്വാസം നല്‍കുന്നുണ്ടെങ്കിലും അന്തിമ കണക്കില്‍ താഴേക്ക് പോകാനാണ് സാധ്യതയെന്ന് ഗാര്‍ഗ് പ്രവചിക്കുന്നു. 2019–20 സാമ്പത്തിക വർഷം മുതൽ 2023–24 വരെയുള്ള മോഡി സര്‍ക്കാരിന്റെ രണ്ടാംഘട്ടം കണക്കുകള്‍ ലഭ്യമായതിനാല്‍ മുന്‍ സര്‍ക്കാരിന്റേതുമായി താരതമ്യം ചെയ്യാന്‍ സാധിക്കുമെന്ന് ദ പ്രിന്റിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. അഞ്ച് വർഷത്തെ വളർച്ച കണക്കാക്കുന്നതിന് ഇരു കാലയളവുകളുടെ അവസാനവര്‍ഷത്തിന്റെ കണക്കുകള്‍ താരതമ്യം ചെയ്താല്‍ മതിയാകും.
മോഡി സർക്കാരിന്റെ രണ്ടാം ഘട്ടത്തിന്റെ അഞ്ച് വർഷ വളർച്ച ഏകദേശം 4–4.1 ശതമാനമാണ്. 1991ലെ സാമ്പത്തിക പരിഷ്‌കാരങ്ങൾക്ക് ശേഷമുള്ള ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന വളർച്ചാ കാലഘട്ടങ്ങളിലൊന്നായിരിക്കും ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നികുതി വിഭജനത്തിന്റെ കാര്യത്തിൽ കേന്ദ്രവും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന തർക്കത്തെ പരാമര്‍ശിച്ച ഗാർഗ്, 15ാം ധനകാര്യ കമ്മീഷൻ കേന്ദ്ര നികുതിയിൽ സംസ്ഥാനങ്ങളുടെ വിഹിതം ഗണ്യമായി കുറച്ചെന്ന് കുറ്റപ്പെടുത്തി. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ കാര്യത്തില്‍ അവരെ ശിക്ഷിക്കുന്നതിന് തുല്യമായെന്നും ഗാര്‍ഗ് പറഞ്ഞു.
English Summary:Second Modi administration; The former finance secretary said that the lowest economic growth stage
You may also like this video