Site iconSite icon Janayugom Online

ജമ്മു കശ്മിരിൽ രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നാളെ; ജനവിധി തേടി പ്രമുഖർ

ജമ്മു കശ്മീർ നിയമസഭയിലേക്കുള്ള രണ്ടാംഘട്ട തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. ആറു ജില്ലകളിലെ 26 നിയമസഭ മണ്ഡലങ്ങളിലേക്ക് നാളെ വോട്ടെടുപ്പ് നടക്കും. 39 സ്ഥാനാർഥികൾ മത്സരരംഗത്തുള്ള തെരഞ്ഞെടുപ്പിൽ 27.78 ലക്ഷം പേർ സമ്മതിദാനാവകാശം വിനിയോഗിക്കും. തെരഞ്ഞെടുപ്പിൽ സുതാര്യത ഉറപ്പുവരുത്താൻ 3,502 പോളിങ് സ്റ്റേഷനുകളിലും ഓൺലൈൻ വഴി തത്സമയ സംപ്രേഷണം ഒരുക്കിയിട്ടുണ്ട്. കനത്ത സുരക്ഷക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ജമ്മു കശ്മീർ പൊലീസും അറിയിച്ചു. നാഷനൽ കോൺ​ഫറൻസ് ഉപാധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ ഉമർ അബ്ദുല്ല, ജമ്മു കശ്മീർ കോൺഗ്രസ് അധ്യക്ഷൻ താരിഖ് ഹാമിദ് ഖറ, ബിജെപി സംസ്ഥാന അധ്യക്ഷൻ രവീന്ദർ റെയ്ന എന്നിവരാണ് രണ്ടാംഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖർ. ഉമർ അബ്ദുല്ല ബുധ്ഗാമിലും ഗന്ദർബാലിലും രവീന്ദർ റെയ്ന നൗഷേരയിലുമാണ് മത്സരിക്കുന്നത്. സെപ്റ്റംബർ 18ന് നടന്ന ഒന്നാംഘട്ട തെരഞ്ഞെടുപ്പിൽ 61.38 ശതമാനമായിരുന്നു പോളിങ്. 90 അംഗ നിയമസഭയിലെ 40 സീറ്റുകളിലേക്കുള്ള മൂന്നാംഘട്ട വോട്ടെടുപ്പ് ഒക്ടോബർ ഒന്നിനാണ്. വോട്ടെണ്ണൽ ഒക്ടോബർ എട്ടിന്. 

Exit mobile version