Site iconSite icon Janayugom Online

ഗുജറാത്തില്‍ ഇന്ന് രണ്ടാം ഘട്ട വോട്ടെടുപ്പ്

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം ഇന്ന്. അഹമ്മദാബാദ്, വഡോദര, ഗാന്ധിനഗര്‍ തുടങ്ങി മധ്യ, വടക്കന്‍ ജില്ലകളിലെ 93 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പാണ് നടക്കുക. 2017ലെ തെരഞ്ഞെടുപ്പില്‍ ഈ മേഖലകളില്‍ 51 സീറ്റ് ബിജെപിയും 39 എണ്ണം കോണ്‍ഗ്രസുമാണ് നേടിയത്. മൂന്ന് സീറ്റുകളില്‍ സ്വതന്ത്രരാണ് വിജയിച്ചത്. ഗുജറാത്ത് സെന്‍ട്രലില്‍ ബിജെപിക്ക് 37ഉം കോണ്‍ഗ്രസിന് 22 സീറ്റും ലഭിച്ചു. എന്നാല്‍ വടക്കന്‍ മേഖലയില്‍ കോണ്‍ഗ്രസിന് 17 സീറ്റുകള്‍ ലഭിച്ചപ്പോള്‍ 13 എണ്ണം മാത്രമാണ് ബിജെപിക്ക് നേടാനായത്.

ഈ മാസം ഒന്നിനാണ് സംസ്ഥാനത്തെ 182 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ആരംഭിച്ചത്. സൗരാഷ്ട്ര, കച്ച്, തെക്കന്‍ ഗുജറാത്ത് മേഖലകളിലെ 89 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പാണ് ഒന്നാംഘട്ടത്തില്‍ പൂര്‍ത്തിയായത്. 63.31 ശതമാനമായിരുന്നു പോളിങ്.
833 സ്ഥാനാര്‍ത്ഥികളാണ് രണ്ടാംഘട്ടത്തില്‍ മത്സരരംഗത്തുള്ളത്. 285 സ്വതന്ത്രരും ഇതില്‍ ഉള്‍പ്പെടുന്നു.
93 സീറ്റുകളിലും ആംആദ്മി പാര്‍ട്ടി മത്സരിക്കുന്നുണ്ട്. 90 സീറ്റുകളില്‍ കോണ്‍ഗ്രസും സഖ്യകക്ഷിയായ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്.

2.51 കോടി ജനങ്ങളാണ് ഇന്ന് വോട്ടവകാശം വിനിയോഗിക്കുക. ഇതില്‍ 1.29 കോടി പുരുഷന്മാരും 1.22 കോടി സ്ത്രീ വോട്ടര്‍മാരുമാണ്. 14,975 പോളിങ് ബൂത്തുകള്‍ രണ്ടാംഘട്ട തെരഞ്ഞെടുപ്പിനായി സജ്ജീകരിച്ചിട്ടുണ്ട്. സമാജ്‌വാദി പാർട്ടി സ്ഥാപകൻ മുലായം സിങ് യാദവിന്റെ മരണത്തെ തുടർന്ന് ഒഴിവുവന്ന ഉത്തര്‍ പ്രദേശിലെ മയ്ൻപുരി പാർലമെന്റ് സീറ്റിലേക്ക് ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കും. എസ്പി അധ്യക്ഷനായ മകന്‍ അഖിലേഷ് യാദവിന്റെ ഭാര്യയായ ഡിംപിൾ യാദവാണ് എസ്‌പി സ്ഥാനാര്‍ത്ഥി. രാംപൂര്‍, ഖത്തൗലി നിയമസഭാ മണ്ഡലങ്ങളിലേക്കും ഉപതെരഞ്ഞെടുപ്പ് നടക്കും. ബിഹാറിലെ കുര്‍ഹാനി, രാജസ്ഥാനിലെ സര്‍ദാര്‍ഷഹര്‍, ഒഡിഷയിലെ പാഥാംപൂര്‍, ഛത്തീസ്ഗഡിലെ ഭാനുപ്രതാപ്‌പൂര്‍ എന്നി മണ്ഡലങ്ങളും ഉപതെരഞ്ഞെടുപ്പില്‍ വിധിയെഴുതും.

ഡൽഹി മുൻസിപ്പൽ തെരഞ്ഞെടുപ്പ്: 50 ശതമാനം പോളിങ്

ഡൽഹി മുൻസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പില്‍ 50 ശതമാനം പോളിങ്. മൂന്ന് നഗരസഭകള്‍ ഒന്നാക്കിയതിനുശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പില്‍ 250 വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഡിസംബർ ഏഴിനാണ് ഫലപ്രഖ്യാപനം. നിലവിൽ ബിജെപിയാണ് മൂന്ന് കോർപറേഷനുകളിലും ഭരിക്കുന്നത്.
തെരഞ്ഞെടുപ്പില്‍ ഗൂഢാലോചന നടന്നെന്ന ആരോപണവുമായി ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ രംഗത്തെത്തി. വോട്ടര്‍ പട്ടികയില്‍ പല പേരുകളും ഇല്ലെന്നും ഇത് സംബന്ധിച്ച്‌ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കുമെന്നും സിസോദിയ അറിയിച്ചു. നേരത്തെ, വോട്ടര്‍ പട്ടികയില്‍ തന്റെ പേരില്ലെന്ന പരാതിയുമായി ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ അനില്‍ ചൗധരിയും രംഗത്തെത്തിയിരുന്നു. അതിനിടെ ബിജെപിയും സമാനമായ ആരോപണത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.

Eng­lish Summary:Second phase of polling in Gujarat today

You may also like this video

Exit mobile version