Site icon Janayugom Online

ഇന്ത്യന്‍ ഓയിലിന്റെ പരിവര്‍ത്തന്‍ രണ്ടാം ഘട്ടത്തിന് തുടക്കമായി; 17 ജയിലുകളിലെ 1000 പേര്‍ക്ക് കൂടി സ്‌പോര്‍ട്‌സ് പരിശീലനം നല്‍കും

ഇന്ത്യന്‍ ഓയിലിന്റെ പരിവര്‍ത്തന്‍ സംരംഭത്തിന്റെ രണ്ടാം ഘട്ടത്തിന് തുടക്കമായി.ജയിലിലെ തടവുകാര്‍ക്ക് തിരഞ്ഞെടുക്കപ്പെട്ട സ്‌പോര്‍ട്‌സ് ഇനങ്ങളില്‍ പരിശീലനം നല്‍കുന്ന പരിപാടിയാണിത്.രാജ്യത്തെ പത്തു സംസ്ഥാനങ്ങളിലെ 17 ജയിലുകളിലെ 1000 തടവുകാര്‍ക്കാണ് രണ്ടാം ഘട്ടത്തില്‍ പരിശീലനം നല്‍കുക.
ഗാന്ധി ജയന്തി ദിനാഘോഷങ്ങളോടനനുബന്ധിച്ച് ന്യൂഡല്‍ഹിയിലെ തീഹാര്‍ ജയിലില്‍ ഇന്ത്യന്‍ ഓയില്‍ ചെയര്‍മാന്‍ ശ്രീകാന്ത് മാധവ് വൈദ്യ പരിപാടി ഉദ്ഘാടനം ചെയ്തു.

ബാസ്‌ക്കറ്റ് ബോള്‍,ബാഡ്മിന്റണ്‍,വോളിബോള്‍,ചെസ്,ടെന്നീസ്,ടേബിള്‍ ടെന്നീസ്,കാരം എന്നിവയിലാണ് പരിശീലനം നല്‍കുക.തടവുകാരുടെ ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്തുകയാണ് പരിപാടിയുടെ ഉദ്ദേശം.1000 തടവുകാര്‍ക്ക് നാലാഴ്ച നീളുന്ന കായിക പരിശീലനമാണ് ലഭിക്കുക.ഓരോന്നിന്റെയും അടിസ്ഥാന പാഠങ്ങളാണ് നല്‍കുക.വിനോദോപാധി എന്നതിലപ്പുറം പ്രാദേശിക മല്‍സരത്തില്‍ പങ്കെടുക്കാനും ഇവര്‍ക്ക് കഴിയും.പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട തടവുകാര്‍ക്ക് സന്തോഷവും ആരോഗ്യവും പരിവര്‍ത്തന്‍ പ്രക്രിയയിലൂടെ ലഭിക്കുമെന്ന് ശ്രീകാന്ത് മാധവ് വൈദ്യ പറഞ്ഞു.പരിവര്‍ത്തന്‍ ഒരു സമ്പൂര്‍ണ്ണ സാമുഹ്യ പുനരധിവാസ പ്രക്രിയ കൂടിയാണെന്നും വൈദ്യ കൂട്ടിച്ചേര്‍ത്തു.ഇന്ത്യന്‍ ഓയിലിന്റെ ഇന്റര്‍നാഷണല്‍ സ്‌പോര്‍ട്‌സ് താരങ്ങള്‍ പരിവര്‍ത്തന്‍ പ്രോഗ്രാമിന് നേതൃത്വം നല്‍കും. മുന്‍ദേശീയ താരം മഞ്ജുഷ കന്‍വാര്‍,അര്‍ജ്ജുന അവാര്‍ഡ് ജേതാവ് അഭിന്‍ ശ്യാം ഗുപ്ത(ബാഡ്മിന്റണ്‍),വനിതാ ഗ്രാന്‍ഡ് മാസ്റ്റര്‍മാരായ ഇഷാ കര്‍വാഡെ,സൗമ്യ സ്വാമിനാഥന്‍,ഗ്രാന്‍ഡ് മാസ്റ്റര്‍ എസ് എസ് ഗാംഗുലി,ടെന്നീസ് താരം രുഷ്മി ചക്രവര്‍ത്തി(ദേശീയ ചാംപ്യന്‍) ടി ടി അര്‍ജ്ജുന അവാര്‍ഡ് ജേതാവ് സൗമ്യദീപ് റോയ്,പ്രശസ്ത കാരം താരങ്ങളായ യോഗേഷ് പര്‍ദേശി,മുഹമ്മദ് ഗുഫ്‌റാന്‍,കാജല്‍ കുമാരി,രമേഷ് ബാബു എന്നിവര്‍ പരിശീലന പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.

തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയില്‍ ഉള്‍പ്പെടെ വിവിധ ജയിലുകളില്‍ നടന്ന ഒന്നാം ഘട്ട പരിശീലന പരിപാടി സമാപിച്ചു.തടവു ശിക്ഷ പൂര്‍ത്തിയാക്കിയ തടവുകാര്‍ക്ക് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ 30 റീട്ടെയ്ല്‍ ഔട്ട് ലെറ്റുകളില്‍ ജോലി നല്‍കിയിട്ടുണ്ട്.
eng­lish sum­ma­ry; sec­ond phase of the Indi­an Oil Con­ver­sion Project has begun
you may also like this video;

Exit mobile version