Site iconSite icon Janayugom Online

ബ്ലാസ്റ്റേഴ്സിന് ഇന്ന് രണ്ടാം അങ്കം; എതിരാളികൾ എടികെ മോഹൻ ബഗാൻ

കത്തിത്തുടങ്ങിയ ആത്മവിശ്വാസം ആളിക്കത്തിക്കാൻ ഒരു വിജയം. ഇന്ന് കൊച്ചിയിലെ കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഇന്ത്യൻ സൂപ്പർ ലീഗ് രണ്ടാം അങ്കത്തിന് ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നിൽ ജയം മാത്രം ലക്ഷ്യം. രാത്രി 7.30ന് പന്തുരുണ്ട് തുടങ്ങുമ്പോൾ മറുവശത്ത് കരുത്തരായ എടികെ മോഹൻ ബഗാനാണ് മഞ്ഞപ്പടയ്ക്ക് എതിരാളികൾ. ആദ്യമത്സരത്തിൽ സ്വന്തം തട്ടകത്തിൽ മറ്റൊരു പശ്ചിമ ബംഗാൾ ടീമായ എഫ്‌സി ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചതിന്റെ ആത്മവിശ്വാസമാണ് ബ്ലാസ്റ്റേഴ്സിന്റെ മൂലധനമെങ്കിൽ ചെന്നൈയിൻ എഫ്‌സിയോട് ആദ്യകളിയിൽ ഏറ്റ അപ്രതീക്ഷിത തോൽവിയിൽ നിന്നുള്ള പാഠങ്ങളാണ് എടികെയ്ക്ക് കൂട്ട്. എന്തായാലും സൂപ്പർലീഗിലെ എൽ ക്ലാസിക്കോ എന്ന് അറിയപ്പെടുന്ന ബ്ലാസ്റ്റേഴ്സ് ‑എടികെ പോരാട്ടം മൈതാനത്തെ പുൽനാമ്പുകളെ പോലും തീ പിടിപ്പിക്കുമെന്ന് ഉറപ്പാണ്. 

ആദ്യമത്സരം കാണാൻ കൊച്ചിയിലെ സ്റ്റേഡിയത്തിൽ എത്തിയത് 35,000ത്തിന് അടുത്ത് കാണികളാണ്. ഇന്നത്തെ മത്സരത്തിലെ മുഴുവൻ ടിക്കറ്റുകളും രണ്ട് ദിവസം മുൻപേ വിറ്റുതീർന്നതായി ക്ലബ്ബ് അറിയിച്ചു. 35,000 ടിക്കറ്റുകളാണ് വിറ്റത്. അതുകൊണ്ട് തന്നെ സ്റ്റേഡിയം നിറഞ്ഞുകവിയുമെന്ന് ഉറപ്പാണ്. ആർത്തിരമ്പി എത്തുന്ന ഈ ആരാധകർ തന്നെയാണ് ബ്ലാസ്റ്റേഴ്സിന്റെ കരുത്ത്. ഈസ്റ്റ് ബംഗാളിനെതിരെ കൊച്ചിയിൽ കളികാണാനെത്തിയ ആരാധകരുടെ പിന്തുണ അത്ഭുതപ്പെടുത്തുന്നതാണെന്ന് കോച്ച് ഇവാൻ വുകമാനോവിച്ച് കഴിഞ്ഞ ദിവസം പറഞ്ഞു. ടീമിലെ 90 ശതമാനം കളിക്കാർക്കും ഇത് പുതിയ അനുഭവമാണ്. ആരാധകരെ തൃപ്തിപ്പെടുത്തുന്ന കളി ഇന്നും പുറത്തെടുക്കുമെന്ന് കോച്ച് ഉറപ്പ് പറഞ്ഞിട്ടുണ്ട്. ആദ്യമത്സരത്തിലെ ഇലവനിൽ നിന്ന് കാര്യമായ മാറ്റങ്ങളുണ്ടാവില്ല. ഒറ്റ കളിയിലൂടെ ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർതാരമായ ഇവാൻ കലിയൂഷ്നി ഇന്ന് ആദ്യ ഇലവനിൽ ഇറങ്ങുമോ എന്നത് മാത്രമാണ് സസ്പെൻസ്. കഴിഞ്ഞ കളിയിൽ സൂപ്പർസബ്ബ് ആയി ഇറങ്ങി 10 മിനിറ്റിനുള്ളിൽ എണ്ണം പറഞ്ഞ രണ്ട് ഗോളിലൂടെ ബംഗാളിന്റെ കഥ കഴിച്ച കലിയൂഷ്നിയിൽ നിന്ന മറ്റൊരു മാജിക് ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്. ആദ്യഗോൾ നേടിയ അഡ്രിയാൻ ലൂണ നയിക്കുന്ന മധ്യനിരയാണ് ബ്ലാസ്റ്റേഴ്സിന്റെ കരുത്ത്. സഹൽ ഫോമിലേക്ക് ഉയരാത്തത് തല്‍ക്കാലം ബ്ലാസ്റ്റേഴ്സിന് ആശങ്ക സമ്മാനിക്കുന്നില്ല. എങ്കിലും മുന്നേറ്റ നിരയിലെ ദിമിത്രിയോസും ജിയാനുവും ഗോൾ കണ്ടെത്തേണ്ടത് ആവശ്യമാണ്.
ഇവരുടെ ബൂട്ടുകൾ കൂടി ചലിച്ച് തുടങ്ങിയാൽ ബ്ലാസ്റ്റേഴ്സിന് പിന്നെ തിരിഞ്ഞുനോക്കേണ്ടതില്ല. 

ഇന്ത്യൻ സൂപ്പർലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് മേൽ എന്നും ആധിപത്യം പുലർത്തിയിട്ടുള്ള ടീമാണ് എടികെ മോഹൻ ബഗാൻ. പഴയ അത്‌ലറ്റികോ ഡി കൊൽക്കത്തയായിരുന്ന സമയത്ത് രണ്ട് വട്ടമാണ് ഫൈനലിൽ ബ്ലാസ്റ്റേഴിനെ അവർ തോൽപ്പിച്ചത്. കഴിഞ്ഞ സീസണിൽ രണ്ട് തവണ ഏറ്റുമുട്ടിയപ്പോഴും പേരുമാറ്റി എത്തിയ എടികെ മോഹൻബഗാനെ തോൽപ്പിക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞില്ല. ബ്ലാസ്റ്റേഴ്സ് മിന്നുന്ന ഫോമിൽ കളിച്ച അവസാന സീസണിൽ ആദ്യകളിയിൽ രണ്ടിനെതിരെ നാല് ഗോളുകൾക്ക് എടികെ വിജയിച്ചപ്പോൾ രണ്ടാം മത്സരം സമനിലയിലായി. അതുകൊണ്ട് ഈ മാനസികാധിപത്യമാണ് എടികെയുടെ കരുത്ത്. എന്നാൽ ഫോമിലേക്ക് ഉയരാൻ സാധിക്കാത്ത മുന്നേറ്റ നിരയാണ് കോച്ച് ജുവാൻ ഫെറാൻഡോയ്ക്ക് തലവേദന സൃഷ്ടിക്കുന്നത്. എടികെ കൂടാരം വിട്ട സൂപ്പർതാരം റോയി കൃഷ്ണയുടെ അഭാവം അവർക്ക് വലിയ വിടവാണ് സൃഷ്ടിച്ചിരിക്കുന്നത്. 3–5‑2 ഫോർമേഷനിൽ കളിക്കുന്ന എടികെയുടെ തുറുപ്പ്ചീട്ട് ഇടതുവശത്ത് നിന്ന് ആക്രമണം മെനയുന്ന മലയാളിതാരം ആശിഖ് കരുണിയനാണ്. ഈ മലയാളിതാരത്തെ പിടിച്ചുകെട്ടാനായാൽ ബ്ലാസ്റ്റേഴ്സിന് ഒരുപരിധിവരെ പിടിച്ചുനിൽക്കാൻ സാധിക്കും. മുന്നേറ്റ നിരയിൽ കളിക്കുന്ന ദിമിത്രിയോസ് പെട്രേറ്റസും മൻവീർ സിങ്ങുംകൂടി ഫോമിലേക്ക് ഉയർന്നാൽ എടികെ കൊച്ചിയിൽ കരുത്ത്കാട്ടും. മധ്യനിരയ്ക്കും പ്രതിരോധത്തിനും ഇടയിൽ എതിരാളികൾക്ക് ആവശ്യത്തിലേറെ സ്ഥലം കൊടുക്കുന്ന കേളി ശൈലിയാണ് ആദ്യമത്സരത്തിൽ മോഹൻബഗാനെ തോൽപ്പിച്ചത്. മധ്യനിരയിൽ നിന്ന് അതിവേഗം എതിരാളികളുടെ ബോക്സിലേക്ക് പന്തുമായി കടന്നുകയറാൻ സാധിക്കുന്ന ഇവാൻ കലിയൂഷ്നിയെ പൂട്ടാൻ ഫോർമേഷനിൽ മാറ്റവുമായിട്ടായിരിക്കും ഒരുപക്ഷേ മോഹൻബഗാൻ ഇറങ്ങുന്നത്. 

Eng­lish Sum­ma­ry: Sec­ond place for Blasters today; Oppo­nents ATK Mohun Bagan

You may like this video also

Exit mobile version