Site iconSite icon Janayugom Online

വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതിയിൽ രഹസ്യവാദം

പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായ നടൻ വിജയ് ബാബുവിന്റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയിൽ രഹസ്യവാദം. സർക്കാർ അഭിഭാഷകന്റെ ആവശ്യപ്രകാരമാണ് നടപടി.

നടിയെ ബലാല്‍സംഗം ചെയ്തെന്ന പരാതിയിലും പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയെന്ന കേസിലുമാണ് വിജയ് ബാബു മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.

വിജയ് ബാബുവിനെ വിശദമായി ചോദ്യം ചെയ്യണമെന്ന് സർക്കാർ നേരത്തെ അറിയിച്ചിരുന്നു. ഉഭയസമ്മതപ്രകാരമാണ് നടിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടതെന്നും ബ്ലാക്ക് മെയിലിംഗിന്റെ ഭാഗമായുള്ള പരാതിയാണെന്നുമാണ് വിജയ് ബാബുവിന്റെ വാദം.

കേസിൽ തിങ്കളാഴ്ചവരെ അറസ്റ്റ് പാടില്ലെന്ന് നേരത്തെ കോടതി വ്യക്തമാക്കിയിരുന്നു. വിദേശത്തേക്ക് കടന്ന വിജയ് ബാബുവിനെ കൂടുതൽ ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷൻ അറിയിച്ചതിനെത്തുടർന്നാണ് ഹൈക്കോടതിയുടെ നിർദേശപ്രകാരം കഴിഞ്ഞ ആഴ്ച കൊച്ചിയിലെത്തിയത്. തുടർന്ന് അന്വേഷണ സംഘം സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി നടനെ ചോദ്യം ചെയ്തിരുന്നു.

മാർച്ചിൽ രണ്ട് തവണ വിജയ് ബാബു തന്നെ പീഡിപ്പിച്ചുവെന്നാണ് നടി പരാതി നൽകിയത്. മാർച്ച് 16 ന് ഡി ഹോംസ് സ്യൂട്ട്സ് അപ്പാർട്ട്മെന്റിൽ വച്ചും മാർച്ച് 22 ന് ഒലിവ് ഡൗൺ ടൗൺ ഹോട്ടലിൽ വച്ചും പീഡിപ്പിച്ചെന്നാണ് നടിയുടെ പരാതി. ഏപ്രിൽ 22 നാണ് വിജയ് ബാബുവിനെതിരെ കേസെടുത്തത്. പിന്നാലെ വിജയ് ബാബു ദുബായിലേക്ക് കടക്കുകയായിരുന്നു.

Eng­lish summary;secret argu­ment in vijay babu antic­i­pa­to­ry bail petition

You may also like this video;

Exit mobile version