പുതുവർഷം പിറക്കാൻ ഇനി രണ്ടാഴ്ചപോലുമില്ല. രണ്ടുമാസം മുമ്പേ കമ്പോളത്തിൽ കലണ്ടറുകൾ തൂങ്ങാൻ തുടങ്ങി. സർക്കാർ കലണ്ടർ കൂടാതെ പ്രമുഖ പത്രസ്ഥാപനങ്ങളും വ്യവസായ സ്ഥാപനങ്ങളും ഇറക്കിയ കലണ്ടറുകളും വ്യക്തികൾ സമ്മാനിക്കാൻ പുറത്തിറക്കിയ കലണ്ടറുകളും രംഗത്തുണ്ട്. എല്ലാ കലണ്ടറുകളും മതാധിഷ്ഠിത വിശേഷങ്ങളും അനാചാര സൂചനകളും കൊണ്ട് സമൃദ്ധമാണ്. ഇറക്കുന്നവരുടെ പരസ്യമാധ്യമമാണ് കലണ്ടർ. എന്നാലും പുറത്തുനിന്നും പരസ്യങ്ങൾ സ്വീകരിക്കുന്ന കലണ്ടറുകളും ഉണ്ട്. കാവ്യബോധമുള്ള ചിലർ പുറത്തിറക്കിയ കലണ്ടറിൽ വയലാറിന്റെയും ഇടശ്ശേരിയുടെയും മറ്റും ഈരടികളും ചേർത്തിട്ടുണ്ട്. ഇതിൽ നിന്നൊക്കെ വ്യത്യസ്തമാണ് മതേതര കലണ്ടറും സയൻസ് കലണ്ടറും.
കേരള ശാസ്ത്ര സാഹിത്യ പരിഷത്താണ് സയൻസ് കലണ്ടർ പുറത്തിറക്കിയിട്ടുള്ളത്. യുക്തിരേഖ മതേതര കലണ്ടർ പ്രസിദ്ധീകരിച്ചത് കേരള യുക്തിവാദി സംഘവും. രണ്ടു കലണ്ടറുകളിലും രാഹുകാലമോ ഗുളിക കാലമോ ഇല്ല. നക്ഷത്രവും നിസ്കാരസമയവും ഇല്ല. ഇതൊക്കെ ദൈവാനുഗ്രഹത്താൽ സ്വയം മനസിലെത്തുന്നതിനു പകരം കലണ്ടർ നോക്കിയേ സാധിക്കൂ എന്നുള്ളവർക്ക് ഈ കലണ്ടറുകൾ സഹായകമല്ല. പൊതു അവധിദിവസങ്ങൾ മനസിലാക്കാൻ ഈ കലണ്ടർ ഉപകരിക്കും. അതുകൂടാതെ നിരവധി പ്രയോജനകരവും ജ്ഞാനദായകവുമായ കാര്യങ്ങൾ ഈ കലണ്ടറുകളിലുണ്ട്. കാലത്തിന്റെ, ചുമരിൽ തൂക്കിയിടാൻ കഴിയുന്ന ചെറുകണികയാണല്ലോ കലണ്ടർ. അതിനെ ജ്ഞാനചക്രവാളത്തിന്റെ വികാസത്തിന് കാരണമാക്കിയിരിക്കുന്നു. അറിവിന്റെ ജാലകങ്ങൾ തുറന്നിടുന്ന നിരവധി ചിത്രങ്ങൾ ഈ കലണ്ടറുകളിലുണ്ട്.
മതേതരകലണ്ടറിൽ നവോത്ഥാന നായകരുടെയും സാംസ്കാരികജ്വാലകളുടെയും സയൻസ് കലണ്ടറിൽ ശാസ്ത്ര പ്രതിഭകളുടെയും ചിത്രങ്ങൾ ചേർത്തിരിക്കുന്നു. മതേതര കലണ്ടറിൽ ജനുവരി ഫെബ്രുവരി മാസങ്ങളടങ്ങുന്ന ആദ്യപേജിൽ സഹോദരൻ അയ്യപ്പൻ, ഗോവിന്ദ് പൻസാരെ, വി ടി ഭട്ടതിരിപ്പാട്, കുറ്റിപ്പുഴ കൃഷ്ണപിള്ള, ബർട്രൻഡ് റസ്സൽ എന്നിവരുടെ ചിത്രങ്ങളും വയലാറിന്റെ നാലുവരിക്കവിതയും ചേർത്തിട്ടുണ്ട്. ഇത് കൂടാതെ ജനുവരി ഫെബ്രുവരി മാസങ്ങളിൽ ലോകത്ത് നടന്ന പ്രധാനസംഭവങ്ങളും ലോകത്തെ നവീകരിച്ചവരുടെ ജനന മരണ തീയതികളും ചേർത്തിരിക്കുന്നു. നെഹ്റു, അയ്യങ്കാളി, നരേന്ദ്ര ദബോൽക്കർ, ശ്രീനാരായണഗുരു, ഗൗരിലങ്കേഷ്, എം എം കൽബുർഗി, അംബേദ്ക്കർ, ഭഗത്‌സിങ്, ഇവിആർ തുടങ്ങിയവരുടെ ചിത്രങ്ങളും വിശദവിവരങ്ങളും ഈ കലണ്ടറിലുണ്ട്. അവയവദാനം, ശരീരദാനം തുടങ്ങിയ കാര്യങ്ങൾ എങ്ങനെ നിർവഹിക്കണമെന്നും ഈ കലണ്ടറിലുണ്ട്. കൊല്ലവർഷ തീയതികളും ഈ കലണ്ടറിലുണ്ട്. ശകവർഷമോ ഹിജ്റാ വർഷമോ ഇല്ല.
ആദിയിൽ ജൈവതന്മാത്രകൾ ഉണ്ടായിയെന്ന ജനുവരിക്കുറിപ്പോടെയാണ് സയൻസ് കലണ്ടർ ആരംഭിക്കുന്നത്. ഓരോ മാസവും അതാതുമാസത്തെ ആകാശവിശേഷങ്ങൾ ഈ കലണ്ടറിലുണ്ട്. എല്ലാവർക്കും ആവശ്യമുള്ള തീയതികളും അവധിസൂചനകളും കൂടാതെയാണ് ഈ വിശേഷങ്ങൾ. രാഹുകാലം ഗുളികകാലം ജ്യോതിഷനക്ഷത്രം നിസ്കാരസമയം ഇതൊന്നും സയൻസ് കലണ്ടറിലില്ല. സ്റ്റാൻലി മില്ലർ, കൊളീൻ കവനോ. ലൈൻ മാർഗളിസ്. വില്യം റാഡ്ക്ലിഫ്, വില്യം ഷിയർ, റിച്ചാർഡ് ഓവൻ തുടങ്ങിയ ശാസ്ത്രജ്ഞൻമാരുടെ ചിത്രങ്ങളും ലഘുവിവരണവും ഈ കലണ്ടറിലുണ്ട്. സ്കാൻ ചെയ്തു വിജ്ഞാന മേഖലയുടെ അനന്തതയിലേക്ക് പ്രവേശിക്കാനുള്ള സൗകര്യവുമുണ്ട്. കലണ്ടർ എന്നാൽ രാഹുകാലവും ഗുളികകാലവും നിസ്കാരസമയവും ശകവർഷവും അറിയാനുള്ളതുമാത്രമല്ല, മനുഷ്യന്റെയും ഭൂമിയുടെയും പ്രപഞ്ചത്തിന്റെയും വിശേഷങ്ങൾ കൂടി അറിയാനുള്ളതാണെന്നു ഈ കലണ്ടറുകൾ കേരളത്തോട് പറയുന്നുണ്ട്.
സൂര്യന്റെയും ഭൂമിയുടേയുമൊക്കെ ഭ്രമണം കണക്കാക്കി നിർമ്മിച്ചെടുക്കുന്ന ഏതുകലണ്ടറും സയൻസാണ്. റോബിൻസൺ ക്രൂസോ ദ്വീപിൽ അകപ്പെട്ടപ്പോൾ മരത്തിൽ അടയാളങ്ങളുണ്ടാക്കി ദിവസങ്ങൾ കണക്കാക്കിയതും, കുഞ്ഞിന്റെ അരയിൽ ജനിച്ചിട്ടെത്ര ദിവസമായി എന്നുകണക്കാക്കാനായി ഇരുപത്തെട്ടാം ദിവസം ചരടിൽ കെട്ടിട്ട് ബന്ധിച്ചതും ചന്ദ്രനെ ശ്രദ്ധിച്ച് അടയാളമിട്ടതുമെല്ലാം പഴയ മനുഷ്യർ അവലംബിച്ച കാലഗണനാരീതികളാണ്. ആ പഴമയിൽ നിന്നും കലണ്ടറുകൾ അസാധാരണമാം വിധം മാറിയിരിക്കുന്നു. ചരിത്രവും ശാസ്ത്രവുമെല്ലാം കലണ്ടറായി വീടുകളിൽ എത്തിയിരിക്കുന്നു. വീട് ഒരു വിദ്യാകേന്ദ്രം തന്നെയായിരിക്കുന്നു. മൊബൈൽ ഫോണിലും കലണ്ടർ ഉള്ളതിനാൽ കാലം ഇപ്പോൾ നമ്മുടെ കീശയിൽ സുരക്ഷിതമായിരിക്കുന്നു.