Site iconSite icon Janayugom Online

മതനിരപേക്ഷത യുഡിഎഫിന് വോട്ടു തട്ടാനുള്ള തന്ത്രം മാത്രം: മന്ത്രി മുഹമ്മദ് റിയാസ്

യുഡിഎഫിന് മതനിരപേക്ഷത വോട്ടു തട്ടാനുള്ള തന്ത്രം മാത്രമാണെന്ന് പൊതുമരാമത്ത്- ടൂറിസം വകുപ്പുമന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. രാജ്യത്ത് പൗരത്വ രജിസ്റ്റർ നടാപ്പാക്കില്ലെന്നു പറഞ്ഞത് കേരളം മാത്രമാണ്. പറയുക മാത്രമല്ല, അത് സർക്കാർ വിജ്ഞാപനമായി ഇറക്കുകയും ചെയ്തു. പൗരത്വ രജിസ്റ്റർ ഭരണഘടനാ വിരുദ്ധമാണെന്നും ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യം വച്ചുള്ളതാണെന്നും മുഖ്യമന്ത്രിതന്നെ അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചു. എന്നാൽ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ എവിടെയും പൗരത്വ രജിസ്റ്ററിനെതിരെ നടപടി എടുക്കുന്നതുപോയിട്ട് അതിനെതിരെ സംസാരിക്കാൻപോലും ആരും തയ്യാറായില്ലെന്നം അദ്ദേഹം വാർത്താസമ്മേളത്തിൽ പറഞ്ഞു. 

എൽഡിഎഫ് സർക്കാർ 2021 ൽ വീണ്ടും അധികാരത്തിൽ വന്നത് ഭരണഘടനയുടെ അന്തസും മതനിരപേക്ഷതയും കാത്തുസൂക്ഷിക്കാൻ മുഖ്യമന്ത്രിക്ക് സാധിച്ചു എന്ന് ജങ്ങൾക്ക് ബോധ്യപ്പെട്ടതിനാലാണ്. അത് തകർത്താലേ അധികാരത്തിലെത്താൻ സാധിക്കൂ എന്നാണ് യുഡിഎഫ് ഇപ്പോൾ കണക്കുകൂട്ടുന്നത്. അതിനുവേണ്ടി എൽഡിഎഫ് സർക്കാരിനെയും നേതൃത്വത്തെയും വക്രീകരിച്ച് ചിത്രീകരിക്കുക എന്ന കനഗോലു സിദ്ധാന്തമാണ് യുഡിഎഫ് ഇപ്പോൾ പ്രയോഗിക്കുന്നത്. സംസ്ഥാനത്ത് നേറ്റിവിറ്റി കാർഡ് കൊണ്ടുവരാൻ സർക്കാർ തീരുമാനിച്ചത് ഭരണഘടന ഉറപ്പുനൽകുന്ന മൂല്യങ്ങൾ സംരക്ഷിക്കാനാണ്. ഇടതുപക്ഷത്തിന് വോട്ടല്ല, നിലപാടാണ് പ്രധാനം. തല പോയാലും മതനിരപേക്ഷത സംരക്ഷിക്കാൻ മുന്നിൽ നിൽക്കും. ഇത് വാചകക്കസർത്ത് മാത്രമല്ല, ഓരോ ഘട്ടത്തിലും ഇടപെട്ടിട്ടുണ്ട്. ജനങ്ങളുടെ മനസ് മതനിരപേക്ഷമാണ്. കുപ്രചാരണങ്ങളുടെ ഭാഗമായി ചിലർക്ക് ചില തെറ്റിദ്ധാരണകൾ ഉണ്ടായിട്ടുണ്ട്. അത് ബോധ്യപ്പെടുത്താൻ ഗൃഹസന്ദർശന വേളയിൽ ഉൾപ്പെടെ ഇടതുപക്ഷത്തിന് സാധിച്ചിട്ടുണ്ട്. മതനിരപേക്ഷതയുടെ തലസ്ഥാനമാണ് കേരളം. എൽഡിഎഫ് സർക്കാർ അധികാരത്തിൽനിന്നുപോയാൽ മതനിരപേക്ഷതയ്ക്ക് അടിയാണ്. ജനത്തിന് അത് ബോധ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ എൽഡിഎഫ് സർക്കാരിന് തുടർച്ചയുണ്ടാവുമെന്നും മന്ത്രി പറഞ്ഞു. 

എൽഡിഎഫ് ആയാലും യുഡിഎഫ് ആയാലും സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നത് അതത് മുന്നണികളുടെ ജനാധിപത്യ അവകാശമാണെന്ന് ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു. മുന്നണികൾ പ്രഖ്യാപിക്കുന്നതിനുമുമ്പ് ഓരോരുത്തരും താനാണ് സ്ഥാനാർഥി എന്ന് വിളിച്ചുപറഞ്ഞു നടക്കുന്നതല്ല ജനാധിപത്യ മര്യാദ. സ്ഥാനാർത്ഥി ആകുമോ ഇല്ലയോ എന്നതല്ല പ്രശ്‍നം. അവശേഷിക്കുന്ന ഇടതുപക്ഷ സർക്കാരിനെ ഇല്ലാതാക്കണോ വേണ്ടയോ എന്നാണ് ആലോചിക്കേണ്ടത്. പെൻഷൻ വാങ്ങുന്നവരെ യുഡിഎഫ് അധിക്ഷേപിക്കുന്നത് അവരുടെ നയത്തിൽ അത് ഇല്ലാത്തതുകൊണ്ടാണ്. എൽഡിഎഫ് അധികാരത്തിൽ ഇല്ലെങ്കിൽ പെൻഷൻ മുടങ്ങുമെന്ന് ജങ്ങൾക്ക് അറിയാമെന്നും മന്ത്രി റിയാസ് കൂട്ടിച്ചേര്‍ത്തു.

Exit mobile version