വന്ദേഭാരത് എക്‌സ്പ്രസില്‍ സുരക്ഷാ വീഴ്ച. പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യുന്നതിന് മുമ്പ് വന്ദേഭാരത് എക്‌സ്പ്രസില്‍ ഉദ്യോഗസ്ഥരുടെ ബന്ധുക്കള്‍ ഉള്‍പ്പെടെ യാത്ര ചെയ്തതായി കണ്ടെത്തി. പരീക്ഷണ ഓട്ടത്തിലാണ് യുവതിയും കൈക്കുഞ്ഞും യാത്ര ചെയ്യുന്നത് കണ്ടെത്തിയത്.
എറണാകുളത്ത് നിന്ന് അസിസ്റ്റന്റ് ഡിവിഷണല്‍ മെക്കാനിക്കല്‍ എഞ്ചിനീയറുടെ സഹോദരിയും കുഞ്ഞും വന്ദേഭാരതില്‍ യാത്രചെയ്തെന്നാണ് വിവരം. വന്ദേഭാരതിന്റെ സി12 കോച്ചിലായിരുന്നു ഇവര്‍ യാത്രചെയ്തത്. എഞ്ചിനില്‍നിന്ന് നാലാമതായുള്ള കോച്ചാണിത്. കോച്ചിന്റെ കര്‍ട്ടന്‍ താഴ്ത്തിയിട്ടായിരുന്നു ഇവരുടെ യാത്ര. മറ്റൊരു കോച്ചിലും കര്‍ട്ടന്‍ താഴ്ത്തിയിട്ടിരുന്നില്ല. വന്ദേഭാരതിന്റെ ട്രയല്‍ റെണ്ണിനിടെ സ്റ്റേഷനുകളില്‍ നിര്‍ത്തുമ്പോള്‍ ഉദ്യോഗസ്ഥരുടെ ബന്ധുക്കള്‍ പലരും വന്ദേഭാരതില്‍ കയറുന്നുവെന്ന് നേരത്തേ വിവരമുണ്ടായിരുന്നു.
ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. കുഞ്ഞിന്റെ കരച്ചിലടക്കം ദൃശ്യത്തില്‍ കേള്‍ക്കാം. കാസര്‍കോട് സ്‌റ്റേഷനില്‍ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തര്‍ പകര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ട യുവതി ആദ്യം കോച്ചിലെ ശൗചാലയത്തിന്റെ ഭാഗത്തേക്ക് മാറുകയും പിന്നീട് ആരും ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പാക്കിയ ശേഷം സ്റ്റേഷനില്‍ ഇറങ്ങുകയുമായിരുന്നു. ഇവരെ വിഐപി ലോഞ്ചിലേക്ക് മാറ്റുകയും ചെയ്തു. തുടര്‍ന്ന് അസിസ്റ്റന്റ് ഡിവിഷണല്‍ മെക്കാനിക്കല്‍ എഞ്ചിനീയര്‍ ഏറനാട് എക്‌സ്പ്രസില്‍ മംഗലാപുരം ഭാഗത്തേക്കും യുവതിയും കുഞ്ഞും ഭാവ്‌നഗര്‍— കൊച്ചുവേളി എക്‌സ്പ്രസില്‍ ഷൊര്‍ണൂര്‍ ഭാഗത്തേക്കും യാത്രതിരിച്ചു.
എന്നാല്‍ സംഭവത്തില്‍ കൃത്യമായ വിവരമില്ലെന്നാണ് റെയില്‍വേ അധികൃതരുടെ പ്രാഥമിക പ്രതികരണം.
English Summary: Security breach in Vandebharat
You may also like this video