Site iconSite icon Janayugom Online

അംബാനി കുടുംബത്തിന് സുരക്ഷ: ഹൈക്കോടതി വിധിക്കെതിരെ കേന്ദ്രം

മുകേഷ് അംബാനിക്കും കുടുംബത്തിനും സുര‍ക്ഷ ഏർപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഫയലുകള്‍ ഹാജരാക്കണമെന്ന ത്രിപുര ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സർക്കാര്‍ സുപ്രീം കോടതിയില്‍. ജസ്റ്റിസുമാരായ സൂര്യകാന്തും ജെ ബി പര്‍ഡിവാലയും അടങ്ങിയ അവധിക്കാല ബെഞ്ച് ഹര്‍ജി ഇന്ന് പരിഗണിക്കും.
മുകേഷ് അംബാനിക്ക് ഭീഷണിയുണ്ടെന്ന് വ്യക്തമാക്കുന്ന അസൽ രേഖകളുമായി ആഭ്യന്തരമന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ ഹാജരാകണമെന്നായിരുന്നു ത്രിപുര ഹൈക്കോടതിയുടെ ഉത്തരവ്. സുരക്ഷ ഏര്‍പ്പെടുത്തിയത് ചോദ്യം ചെയ്തുകൊണ്ട് ബികാഷ് സാഹ എന്ന വ്യക്തി നല്‍കിയ പൊതുതാല്പര്യ ഹര്‍ജി പരിഗണിക്കവെയാണ് രേഖകൾ ഹാജരാക്കണമെന്ന് കോടതി കേന്ദ്രസർക്കാരിന് നിർദേശം നൽകിയത്. ത്രിപുര ഹൈക്കോടതിയുടെ ഉത്തരവിന് പിന്നാലെ കേന്ദ്രസർക്കാർ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
മഹാരാഷ്ട്ര സർക്കാരിന്റെ അഭ്യർത്ഥനയെ തുടർന്നാണ് അംബാനിക്കും കുടുംബത്തിനും കേന്ദ്രം സുരക്ഷ നൽകുന്നത്. ത്രിപുര സർക്കാരിന് ഇക്കാര്യത്തില്‍ ബന്ധമില്ലാത്തതിനാൽ പൊതുതാല്പര്യ ഹർജി പരിഗണിക്കാൻ ത്രിപുര ഹൈക്കോടതിക്ക് അധികാരമില്ലെന്ന് സോളിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നും സോളിസിറ്റര്‍ ജനറല്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.
മുകേഷ് അംബാനിക്കും കുടുംബത്തിനും ഇസഡ് പ്ലസ് സുരക്ഷയാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത്. 58 സുരക്ഷാ ഉദ്യോഗസ്ഥര്‍ മുഴുവന്‍ സമയം ഇവരുടെ സംരക്ഷണത്തിനുണ്ടാകും. 2013ലാണ് ഇസഡില്‍ നിന്ന് ഇസഡ് പ്ലസ് കാറ്റഗറിയിലേക്ക് അംബാനിയുടെ സുരക്ഷ വര്‍ധിപ്പിച്ചത്.

Eng­lish Sum­ma­ry: Secu­ri­ty for Ambani fam­i­ly: Cen­ter oppos­es HC verdict

You may like this video also

Exit mobile version