താലിബാന്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചെടുത്തതിന് പിന്നാലെ രാജ്യം വിടാനുള്ള ശ്രമത്തിനിടെ കാബൂള്‍ വിമാനത്താവളത്തിന് മുന്നിലുള്ള മുള്ളുവേലിയ്ക്ക് മുകളിലൂടെ സൈനികര്‍ക്ക് കുഞ്ഞിനെ എറിഞ്ഞു കൊടുക്കുന്ന വീഡിയോ അഫ്ഗാനിലെ ആഭ്യന്തരാവസ്ഥ വ്യക്തമാക്കുന്ന ഒന്നായിരുന്നു. കുഞ്ഞിനെ അമേരിക്കന്‍ സേനയ്ക്ക് കൈമാറിയെങ്കിലും പിന്നീട് രക്ഷിതാക്കള്‍ക്ക് അവനെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. കഴിഞ്ഞ നാലുമാസമായി അവര്‍ കുഞ്ഞിന് വേണ്ടിയുള്ള തെരച്ചിലിലായിരുന്നു. തെരച്ചിലിനൊടുവില്‍ കുഞ്ഞിനെ കണ്ടെത്തുകയും മുത്തച്ഛന്റെ കൈകളിലേക്ക് സുരക്ഷിതമായി കൈമാറുകയും ചെയ്തു.
യുഎസ് സേനയ്ക്ക് കൈമാറുമ്പോൾ രണ്ടു മാസം മാത്രമായിരുന്നു സൊഹൈൽ അഹ്മദിയുടെ പ്രായം. അഫ്ഗാൻ തലസ്ഥാനമായ കാബൂളിന്റെ നിയന്ത്രണം താലിബാൻ പിടിക്കുമെന്ന് ഉറപ്പായതോടെയാണ് രാജ്യത്ത് നിന്ന് വിമാനമാർഗവും അതിർത്തി വഴിയും ജനങ്ങളെ ഒഴിപ്പിക്കാൻ അമേരിക്ക അടക്കമുള്ള രാജ്യങ്ങൾ ശ്രമം തുടങ്ങിയത്.
കഴിഞ്ഞ ഓഗസ്റ്റ് 19നാണ് യുഎസ് എംബസിയിലെ സുരക്ഷാ ജീവനക്കാരായ മിർസ അലി അഹ്മദിയും ഭാര്യ സുരയ്യയും യുഎസിലേക്ക് പലായനം ചെയ്യാന്‍ വിമാനത്താവളത്തിൽ എത്തിയത്. അന്ന് വിമാനത്താവളത്തിന്റെ കവാടത്തിന് മുമ്പിൽ വലിയ തിക്കും തിരക്കും ഉണ്ടായിരുന്നു. ഇതോടെ അമേരിക്കൻ യൂണിഫോം ധരിച്ച സുരക്ഷാ ജീവനക്കാരന് കുഞ്ഞിനെ നല്‍കുകയായിരുന്നു. ഈ സമയത്താണ് താലിബാൻ സേന ജനക്കൂട്ടത്തെ വിമാനത്താവള കവാടത്തിൽ നിന്ന് തള്ളിമാറ്റിയത്. ഇതോടെ മിർസ അലിയും ഭാര്യയും നാലു മക്കളും വിമാനത്താവളത്തിനുള്ളിലും കുട്ടി പുറത്തുമായി. എന്നാൽ, സൊഹൈലിനെ കണ്ടെത്താൻ മിർസ അലി ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്ന് വിമാനമാർഗം മിർസയെയും കുടുംബത്തെയും ടെക്സാസിലെ സൈനിക കേന്ദ്രത്തിലേക്ക് കൊണ്ടുപോയി.
മാസങ്ങള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് കാബൂളിലെ 29കാരനായ ടാക്സി ഡ്രൈവർ ഹമീദ് ഷാഫിയുടെ കൈവശം കുട്ടിയുണ്ടെന്ന് കണ്ടെത്തിയത്. ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ട് കുട്ടിയുമായി മാനസികമായി അടുത്ത ഷാഫിയില്‍ നിന്ന് കുട്ടിയെ വാങ്ങിയത് പൊലീസ് ഇടപെടല്‍ കൂടി നടത്തിയാണ്. മൂന്ന് പെണ്‍മക്കള്‍ക്കൊപ്പം സ്വന്തം മകനായി കുട്ടിയെ വളര്‍ത്താനായിരുന്നു ഷാഫിയുടെ തീരുമാനം. നിലവിൽ ടെക്സാസിലെ സൈനിക കേന്ദ്രത്തിൽ നിന്ന് മാറി മിഷിഗണിലെ ഒരു അപ്പാർട്ട്‌മെന്റിലാണ് മിർസ അലിയും കുടുംബവും കഴിയുന്നത്. സൊഹൈലിനെ ഉടൻ തന്നെ യുഎസിലേക്ക് കൊണ്ടുവരാമെന്ന പ്രതീക്ഷയിലാണ് രക്ഷിതാക്കള്‍.
ENGLISH SUMMARY:Security forces find baby thrown during Afghan conflict
You may also like this video