സുരക്ഷാ ആശങ്കകള്‍ ശരിവച്ച് ആധാര്‍ വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍. മാര്‍ഗനിര്‍ദേശം വിവാദമായതോടെ യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) മുന്നറിയിപ്പ് പിന്‍വലിച്ചു.
ആധാർ കാർഡുകളുടെ ഫോട്ടോകോപ്പികൾ ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുള്ളതിനാൽ ഒരു സ്ഥാപനവുമായോ മറ്റുള്ളവരുമായോ പങ്കുവയ്ക്കരുതെന്നായിരുന്നു യുഐഡിഎഐയുടെ ബംഗളുരുവിലെ മേഖലാ കേന്ദ്രം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ്. ഇത് നിരവധി തെറ്റിദ്ധാരണകള്‍ക്ക് കാരണമാകുമെന്ന നിഗമനത്തെത്തുടര്‍ന്നാണ് പിന്‍വലിക്കുന്നതെന്ന് രണ്ടാമത് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.
ആധാറിന്റെ ഫോട്ടോകോപ്പി ഏതെങ്കിലും സ്ഥാപനങ്ങളുമായി പങ്കിടരുത്, അവസാന നാലക്കം മാത്രം കാണുന്ന രീതിയിലുള്ള മാസ്ക്ഡ് ആധാർ ഉപയോഗിക്കണം തുടങ്ങിയ നിര്‍ദേശങ്ങള്‍ യുഐഡിഎഐ നല്‍കിയിരുന്നു. മാസ്‌ക്ഡ് ആധാര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍ യുഐഡിഎഐ വെബ്‌സൈറ്റില്‍ സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ലൈസൻസ് നേടിയ സ്ഥാപനങ്ങൾക്ക് മാത്രമേ തിരിച്ചറിയലിനായി ആധാർ ഉപയോഗിക്കാനാകൂ. ഇതോടെ ഹോട്ടലുകളിലോ മറ്റ് സ്ഥാപനങ്ങളിലോ ആധാർ കാർഡിന്റെ പകർപ്പുകൾ വാങ്ങി സൂക്ഷിക്കുന്നത് കുറ്റകരമായി കണക്കാക്കപ്പെടും.
സ്വകാര്യസ്ഥാപനം ആധാർ കാർഡ് ആവശ്യപ്പെട്ടാല്‍ അവർക്ക് അംഗീകൃത ലൈസൻസുണ്ടോയെന്ന് പരിശോധിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. ഇന്റർനെറ്റ് കഫെകളിലും പൊതു കമ്പ്യൂട്ടർ സേവന കേന്ദ്രങ്ങളിലും ആധാർ ഡൗൺലോഡ് ചെയ്യുന്നത് ഒഴിവാക്കണം, അങ്ങനെ ചെയ്താൽ കോപ്പി ഡിലീറ്റ് ചെയ്തു എന്ന് ഉറപ്പ് വരുത്തണമെന്നും മന്ത്രാലയം നിർദേശം നൽകിയിരുന്നു.
രാജ്യത്ത് തിരിച്ചറിയല്‍ രേഖയായി പ്രധാനമായും ഉപയോഗിക്കപ്പെടുന്നത് ആധാര്‍ കാര്‍ഡാണ്. കേന്ദ്രസര്‍ക്കാര്‍ തന്നെ നിരവധി സേവനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിരുന്നു. സുപ്രീം കോടതി ഇടപെട്ടാണ് നിരവധി അടിസ്ഥാനസേവനങ്ങളെ ആധാര്‍ ബന്ധനത്തില്‍ നിന്നും ഒഴിവാക്കിയത്.
English Summary: Security issue: Govt withdraws Aadhaar data amid controversy over possible misuse
You may like this video also