കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കിയിട്ടും അന്തേവാസികൾ രക്ഷപ്പെടുന്നത് തുടർക്കഥ. ഫോറൻസിക് വാർഡിലെ തടവുകാരിയായ മലപ്പുറം വേങ്ങര സഞ്ജിത് പാസ്വാൻ വധക്കേസിലെ പ്രതി പൂനംദേവിയാണ് ഏറ്റവുമൊടുവില്‍ ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ടത്. വളരെ പെട്ടന്ന് തന്നെ ഇവരെ പിടികൂടാൻ കഴിഞ്ഞെങ്കിലും അന്തേവാസികൾ ചാടിപ്പോകുന്നത് തടയാൻ സാധിക്കാത്തത് വെല്ലുവിളിയാകുകയാണ്.
അന്തേവാസികൾ ചാടിപ്പോകുന്നത് പതിവായ സാഹചര്യത്തിൽ സുരക്ഷ ശക്തമാക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി പുതിയ തസ്തിക സൃഷ്ടിക്കുകയും ഇരുപത് സുരക്ഷാ ജീവനക്കാരെ പുതുതായി നിയമിക്കുകയും ചെയ്തിട്ടുണ്ട്. സുരക്ഷാ ജീവനക്കാരുടെ അംഗബലം വർധിപ്പിച്ചിട്ടുണ്ടെങ്കിലും കെട്ടിടത്തിന്റെ കാലപ്പഴക്കമാണ് സുരക്ഷയൊരുക്കുന്ന കാര്യത്തിൽ വെല്ലുവിളിയായി നിൽക്കുന്നത്.
മാനസികാസ്വാസ്ഥ്യമുള്ള പ്രതികളെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലാക്കുമ്പോള്‍ കാവൽ നിൽക്കുന്നത് പൊലീസുകാരാണ്. അന്തേവാസികൾ പലരും ക്രിമിനൽ സ്വഭാവമുള്ളവരാകുമ്പോൾ വലിയ ശ്രദ്ധ നൽകേണ്ടതുണ്ട്. എന്നാൽ കാലപ്പുഴക്കം ചെന്ന കെട്ടിടവും കെട്ടിടത്തിന്റെ രൂപകൽപ്പനയും അന്തേവാസികൾക്ക് എളുപ്പത്തിൽ പുറത്തു കടക്കാൻ സഹായിക്കുന്ന നിലയിലാണുള്ളത്. പഴയ കെട്ടിടമായതിനാൽ അന്തേവാസികൾക്ക് കെട്ടിടത്തിൽ എളുപ്പത്തിൽ തുരങ്കമുണ്ടാക്കാൻ കഴിയും.
വെന്റിലേറ്റർ പോലുള്ളവ പൊളിക്കാനും എളുപ്പത്തിൽ സാധിക്കും. ഇത്തരത്തിൽ വെന്റിലേറ്ററിന്റെ ഗ്രില്ല് കുത്തിയിളക്കിയാണ് ഇന്നലെ പ്രതി ഇവിടെ നിന്നും രക്ഷപ്പെട്ടത്. അന്തേവാസികൾ ചാടിപ്പോകുന്നതിന് പുറമെ അന്തേവാസി കൊല്ലപ്പെട്ട സംഭവവും കുറച്ചു നാൾ മുമ്പ് ആശുപത്രിയിലുണ്ടായിരുന്നു. മഹാരാഷ്ട്ര സ്വദേശിനിയായ ജിയറാം ജിലോട്ടാണ് ആശുപത്രി സെല്ലിൽ മരണപ്പെട്ടത്. അന്തേവാസികൾ തമ്മിലുണ്ടായ പ്രശ്നങ്ങൾക്കിടെ മർദ്ദനമേറ്റായിരുന്നു ഇവർ മരണപ്പെട്ടത്.
മാനസികാരോഗ്യ കേന്ദ്രത്തിൽ കാലോചിതമായ മാറ്റങ്ങളാണ് ഉണ്ടാവേണ്ടതെന്ന് ജീവനക്കാർ വ്യക്തമാക്കുന്നു. അക്രമ സ്വഭാവമുള്ളവരെ പരിചരിക്കാൻ പ്രത്യേക വൈദഗ്ധ്യമുള്ള ആളുകളെ നിയമിക്കേണ്ടതും ആവശ്യമാണ്. രോഗികളുടെ ബാഹുല്യമാണ് മറ്റൊരു വെല്ലുവിളി. ഇതിനെല്ലാം പരിഹാരമായി കേന്ദ്രത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് മാസ്റ്റർ പ്ലാൻ നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. പുതിയ കെട്ടിടത്തിന് അനുമതി ലഭിച്ചിട്ടുണ്ടെന്ന് സൂപ്രണ്ട് ഇൻ ചാർജ് ഡോ. പി സി അരവിന്ദാക്ഷൻ പറഞ്ഞു. കെട്ടിടം പണി പൂർത്തിയാവുന്നതോടെ മാനസികാരോഗ്യ കേന്ദ്രത്തിലെ പ്രശ്നങ്ങൾക്ക് ഒരു പരിധി വരെ പരിഹാരം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
English Summary: security lapse in kuthiravattam mental health center
You may also like this video

