Site iconSite icon Janayugom Online

വിമാനത്താവളം മുതൽ സുരക്ഷയൊരുക്കണം; കരൂർ സന്ദർശനത്തിന് ഉപാധികൾ വെച്ച് വിജയ്

കരൂര്‍ സന്ദര്‍ശനത്തില്‍ ഉപാധികള്‍വെച്ച് തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്‌. തമിഴ്‌നാട് ഡിജിപി ജി വെങ്കട്ടരാമന് മുന്‍പാകെയാണ് അസാധാരണമായ ഉപാധികള്‍ വെച്ചത്. കരൂർ ദുരന്തത്തിന് പിന്നാലെ വ്യാപക വിമർശനം ഉയർന്ന സാഹചര്യത്തിലാണ് വിജയ്‌യുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ടിവികെ ആവശ്യപ്പെട്ടത്. വിമാനത്താവളം മുതൽ സുരക്ഷ ഒരുക്കണം, ആരും പിന്തുടരുന്നില്ലെന്ന് ഉറപ്പാക്കണം, സായുധ സംഘം ഒപ്പമുണ്ടാകണം, വേദിക്ക് ചുറ്റും സുരക്ഷാ ഇടനാഴി ഒരുക്കണം എന്നിവയാണ് പ്രധാന ഉപാധികൾ. വിജയ്‌യുടെ അഭിഭാഷകനാണ് നിർദേശങ്ങൾ അടങ്ങിയ കത്ത് ഡിജിപിക്ക് കൈമാറിയത്. ഇതിന്റെ പകർപ്പ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും നൽകിയിട്ടുണ്ട്.

യാത്രാനുമതിക്കും സുരക്ഷ ഒരുക്കുന്നതിനും കരൂർ ജില്ലാ പൊലീസ് മേധാവിയെ സമീപിക്കാം എന്നായിരുന്നു ഡിജിപി നേരത്തെ നൽകിയ മറുപടി. യാത്രാ വിവരങ്ങൾ ലഭിച്ചാൽ ആവശ്യമായ നടപടി സ്വീകരിക്കാമെന്നും അദ്ദേഹം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ടിവികെ ഡിജിപിക്ക് മുന്നിൽ ഉപാധികൾവെച്ചത്. മതിയായ സുരക്ഷ ഒരുക്കുന്ന പക്ഷം ഏറ്റവും അടുത്ത ദിവസം തന്നെ കരൂരിൽ എത്താനാണ് വിജയ് ലക്ഷ്യമിടുന്നത്. അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ വീട്ടിൽ പോയി കാണുന്നതിന് പകരം കരൂരിൽ പ്രത്യേക വേദി ഒരുക്കാനാണ് ടിവികെ ലക്ഷ്യമിടുന്നത്. കൂടിക്കാഴ്ച തീർത്തും സ്വകാര്യമായിരിക്കുമെന്നാണ് ടിവികെ വൃത്തങ്ങൾ പറയുന്നത്. പൊലീസ് എല്ലാ ഉത്തരവാദിത്വങ്ങളും തങ്ങളുടെ തലയിൽ കെട്ടിവെക്കാൻ ശ്രമിക്കുകയാണ് എന്നും തങ്ങൾ എല്ലാ വ്യവസ്ഥകളും പാലിക്കാൻ തയ്യാറാണ്, എന്നാൽ പൊലീസ് മതിയായ സുരക്ഷ ഒരുക്കണമെന്നും ടിവികെ വൃത്തങ്ങൾ ആവശ്യപ്പെട്ടു. കരൂർ ദുരന്തത്തിൽ ഐജി അസ്ര ഗാർഗിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Exit mobile version