Site icon Janayugom Online

രാജ്യദ്രോഹക്കുറ്റം: ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ചിന് വിട്ടു

ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരം രാജ്യദ്രോഹക്കുറ്റം സംബന്ധിച്ച് സുപ്രീം കോടതിയുടെ പരിഗണനയിലുള്ള കേസുകളുടെ വാദം കേള്‍ക്കുന്നത് നീട്ടി വയ്ക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ ആവശ്യം നിഷേധിച്ച് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പര്‍ഡിവാല, മനോജ് മിശ്ര എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം നിരാകരിച്ചുകൊണ്ട് കേസ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിനു വിടാന്‍ തീരുമാനമെടുത്തത്.

കേന്ദ്ര സര്‍ക്കാര്‍ നിലവിലെ ക്രിമിനല്‍ നിയമങ്ങള്‍ സമഗ്രമായി പരിഷ്‌കരിക്കുന്നതിനുള്ള ഭാരതീയ ന്യായ സംഹിത നടപടികളുമായി മുന്നോട്ടു പോകുന്ന സാഹചര്യത്തില്‍ ഐപിസി 124എ പ്രകാരം രാജ്യദ്രോഹക്കുറ്റം സംബന്ധിച്ചുള്ള കേസുകള്‍ പരിഗണിക്കുന്നത് നീട്ടി വയ്ക്കണമെന്ന ആവശ്യമാണ് സര്‍ക്കാര്‍ അഭിഭാഷകര്‍ കോടതിയില്‍ ഉയര്‍ത്തിയത്. അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിട്ടരമണി, സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത എന്നിവരുന്നയിച്ച ഈ ആവശ്യത്തെ കോടതി നിരാകരിച്ചു. നിലവില്‍ രാജ്യദ്രോഹക്കുറ്റ പ്രകാരം കോടതിയുടെ പരിഗണനയിലുള്ള കേസുകള്‍ ഉയര്‍ത്തിക്കാട്ടിയാണ് കോടതി കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യത്തോട് വിയോജിച്ചത്.

പുതിയ നിയമം പ്രാബല്യത്തിലായിട്ടില്ല. നിലവില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയ കേസുകള്‍ കോടതികളുടെ പരിഗണനയിലാണ്. പുതിയ നിയമം എന്നു മുതലാണ് പ്രാബല്യത്തില്‍ വരുക എന്ന കാര്യം വ്യക്തമല്ല. നിലവിലെ രാജ്യദ്രോഹ കേസുകളില്‍ പഴയ നിയമത്തിന്റെ അടിസ്ഥാനത്തിലേ കോടതികള്‍ക്ക് തീരുമാനമെടുക്കാനാകൂ. രാജ്യദ്രോഹക്കുറ്റം സംബന്ധിച്ച കേസുകള്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വാദം കേള്‍ക്കട്ടെയെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സമിതി അഭിപ്രായപ്പെട്ടു. 

Eng­lish Summary:Sedition: The peti­tions were referred to the Con­sti­tu­tion Bench

You may also like this video

Exit mobile version