മീനച്ചിലാറിന്റെ പരിസരങ്ങളിൽ തുമ്പികളുടെ സാന്ദ്രത വർധിച്ച് വരുന്നതായി പഠനഫലം. 32 ഇനം കല്ലൻ തുമ്പികളും 22 ഇനം സൂചിത്തുമ്പികളും ഉൾപ്പെടെ 54 ഇനം തുമ്പികളെയാണ് സർവേയിലൂടെ കണ്ടെണ്ടത്തിയത്. ഇത് മുൻവർഷത്തിനേതിന് സമാനമാണെങ്കിലും സാന്നിധ്യമറിയിച്ച തുമ്പികളുടെയെല്ലാം എണ്ണത്തിൽ വൻ വർദ്ധനവ് കാണാനായി.
സാധാരണമായി കാണപ്പെടുന്ന ശലഭ തുമ്പി, വയൽത്തുമ്പി എന്നിവയെ വൻ തോതിൽ കാണാനായി. സ്വാമി തുമ്പി, മകുടിവാലൻ തുമ്പി എന്നിവ നദിയുടെ തുടക്കം മുതൽ പതനം വരെയുള്ള എല്ലായിടത്തും കാണാനായി. മേലടുക്കം മാർമല അരുവി മുതൽ, മീനച്ചിലാർ പതിക്കുന്ന മലരിക്കൽ പഴുക്കാനിലാക്കായൽ വരെ പതിനൊന്നു കേന്ദ്രങ്ങളിലായി നടത്തിയ പഠനത്തിൽ മലിനീകരണത്തിന്റെ സൂചകമായി കരുതുന്ന ചങ്ങാതി തുമ്പികളുടെ എണ്ണം കാര്യമായി കുറഞ്ഞത് മീനച്ചിൽ നദീ തടത്തിൽ ശുദ്ധജല പരിസ്ഥിതി രൂപപ്പെടുന്നതിന്റെ സൂചകമായി കരുതാം എന്നും പഠന റിപ്പോർട്ടിൽ പറയുന്നു.
പുഴയോരത്ത് പാറി കളിക്കുന്ന തുമ്പികളോടൊപ്പം ചിലവഴിക്കുവാൻ വിദ്യാർത്ഥികളും വിനോദ സഞ്ചാരികളും എത്തുന്നത് പുഴയുടേയും തുമ്പികളുടെയും സംരക്ഷണത്തിന് ഉപകരിക്കും. ശുദ്ധ ജലാശയങ്ങളിൽ മാത്രം കാണുന്ന ചെങ്കറുപ്പൻ അരുവിയൻ, നീർമാണിക്യൻ, കരിമ്പൻ അരുവിയൻ എന്നീ തുമ്പികൾ ധാരാളമായി, അടുക്കം മാർമല ഭാഗങ്ങളിൽ കണ്ടെത്താനായി. വടക്കൻ കേരളത്തിൽ മാത്രം ധാരാളമായി മുമ്പ് കണ്ടിരുന്ന മഞ്ഞ കറുപ്പൻ മുളവാലൻ തുമ്പികളുടെ സാന്നിധ്യത്തിലും വർദ്ധനവുണ്ട്. ഇത്തവണയും തുമ്പികളുടെ വൈവിധ്യം ഏറ്റവും അധികം കണ്ടത് കിടങ്ങൂർ പുന്നത്തുറ ഭാഗത്താണ്.
ഏറ്റവും കുറവ് ലഭിച്ചത് താഴത്തങ്ങാടി ഇല്ലിക്കൽ ഭാഗത്തും മീനച്ചിലാറിന്റെ നഗരപാതയ്ക്കു സമാന്തരമായുള്ള സ്ഥലമാണ് ഇവിടം. ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സയൻസസും കേരള വനം വന്യ ജീവി വകുപ്പ് സാമൂഹ്യ വനവത്കരണ വിഭാഗവും ചേർന്ന് നടത്തിയ സർവേയ്ക്ക് അസിസ്റ്റന്റ് കൺസർവ്വേറ്റർ സാജു കെ എ, സീനിയർ ഫോറസ്റ്റ് ഓഫീസർ അജിത് കുമാർ ആർ, ഡോ എബ്രഹാം സാമുവേൽ കെ, ഡോ. നെൽസൺ പി എബ്രഹാം, ഡോ. പുന്നൻ കുര്യൻ വേങ്കടത്ത്, രഞ്ജിത്ത് ജേക്കബ് മാത്യൂസ്, അജയകുമാർ എം എൻ , ടോണി ആന്റണി, ലേഖ സൂസൻ ജേക്കബ്, മോസസ് തോമസ്, മഞ്ജു മേരി മാത്യു, ഷിബി മോസസ്, ശരത് എൻ ബാബു, തോമസ് യാക്കൂബ് എന്നിവർ നേതൃത്വം നൽകി.
English summary; see the trunks in meenachilaru
You may also like this video;